ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ സുസുക്കിയുടെ  പുതിയ ജിക്‌സര്‍ 250 ഇന്ത്യന്‍ വിപണിയിലെത്തി. 1.70 ലക്ഷം രൂപയാണ് വില. 

പുതിയ ഡിസൈന്‍ ഭാഷയിലാണ് മോട്ടോര്‍സൈക്കിള്‍ വരുന്നത്. പഴയ ജിഎസ്എക്‌സ് മോഡലുകളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടതാണ് പുതിയ ഫുള്‍ ഫെയേര്‍ഡ് മോട്ടോര്‍സൈക്കിള്‍. 

പൂര്‍ണ്ണ ഫെയറിങ്ങ് ശൈലിയുണ്ടെങ്കിലും എഞ്ചിന്‍ കേസിങ് തുറന്നുകാട്ടുന്നതാണ് ജിക്സര്‍ 250 -യുടെ ഡിസൈന്‍. മൂന്നു ഇതളുകള്‍ കണക്കെയുള്ള ഹെഡ്‍ലാമ്പ് എല്‍ഇഡി യൂണിറ്റാണ്. മൂര്‍ച്ചയേറിയ ഫെയറിങ് ഘടന ശ്രദ്ധേയമാണ്. ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ പൂര്‍ണ്ണ ഡിജിറ്റല്‍ യൂണിറ്റാണ്. ക്ലിപ്പ്-ഓണ്‍ ഹാന്‍ഡില്‍ബാറുകള്‍, ഫുള്‍ എല്‍സിഡി ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, സ്പ്ലിറ്റ് സീറ്റുകള്‍, ഇരട്ടക്കുഴല്‍ എക്‌സ്‌ഹോസ്റ്റ് എന്നിവ നല്‍കിയിരിക്കുന്നു.

ബൈക്കിലെ 249 സിസി ഒറ്റ സിലിണ്ടര്‍ SOHC എഞ്ചിന് 26 bhp കരുത്തും 22.6 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് ട്രാന്‍സ്‍മിഷന്‍. 

161 കിലോ ആണ് ബൈക്കിന്‍റെ ഭാരം . 17 ഇഞ്ച് വലുപ്പമുള്ള ഡയമണ്ട് കട്ട് അലോയ് വീലുകളാണ്. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കും സസ്‌പെന്‍ഷന്‍ നിര്‍വ്വഹിക്കും. രണ്ട് ചക്രങ്ങളിലും ഡിസ്‌ക് ബ്രേക്കുകള്‍ നല്‍കിയിരിക്കുന്നു. ഡുവല്‍ ചാനല്‍ എബിഎസ് സ്റ്റാന്‍ഡേഡാണ്. 38.5 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്.