ജാപ്പനീസ് ഇരുചക്ര വാഹന നിർമ്മാതാക്കളായ സുസുക്കിയുടെ 155 സിസി എഞ്ചിനുള്ള ജിക്‌സർ ബൈക്കുകളുടെ ബിഎസ്6 മോഡൽ മാർച്ചിലും 250 സിസി എഞ്ചിനുള്ള ജിക്‌സർ മോഡലുകൾ മെയ് മാസത്തിലുമാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. ഇപ്പോൾ ഈ മോഡലുകളുടെയെല്ലാം വില അല്‍പ്പം കൂട്ടിയിരിക്കുകയാണ് കമ്പനി. 

2,041 രൂപ വീതമാണ് ജിക്സർ ശ്രേണിയിലെ ബൈക്കുകൾക്കും സുസുക്കി കൂട്ടിയിരിക്കുന്നത്. ഇതോടെ ജിക്‌സർ 155 മോഡലിന് 1,13,941 രൂപയും ജിക്‌സർ 155 എസ്എഫ് മോഡലിന് 1,23,940 രൂപയുമാകും വില. ജിക്‌സർ 155 എസ്എഫ് മോഡലിന് 1,24,970 രൂപയുമാണ് എക്‌സ്-ഷോറൂം വില. ലോക മോട്ടോജിപി ബൈക്ക് റേസിംഗ് ചാമ്പ്യൻഷിപ്പിൽ സുസുക്കിയുടെ ടീമിന്റെ നിറങ്ങളും ഗ്രാഫിസും ചേർത്തൊരുക്കിയ മോഡലാണ് എസ്എഫ്. 

250 സിസി എഞ്ചിനുള്ള ജിക്‌സർ മോഡലുകൾക്കും 2,041 രൂപയാണ് വർദ്ധിച്ചിരിക്കുന്നത്. ഇതോടെ ജിക്‌സർ 250-ന്റെ വില 1,65,441 രൂപയും ഫുൾ ഫെയേർഡ് മോഡൽ ആയ ജിക്‌സർ 250 എസ്എഫ് മോഡലിന് 1,76,941 രൂപയുമാണ് ഇപ്പോൾ എക്‌സ്-ഷോറൂം വില.

ഇന്ത്യയിലെ ജനപ്രിയ ബൈക്ക് ശ്രേണിയാണ് ജിക്‌സർ. ഈ ശ്രേണിയിൽ ജിക്‌സർ 155, ജിക്‌സർ 155 എസ്എഫ്, ജിക്‌സർ 250, ജിക്‌സർ 250 എസ്എഫ് എന്നിങ്ങനെ 4 മോഡലുകളാണ് കമ്പനി വിൽക്കുന്നത്. 

ജിക്സർ ശ്രേണിയിലെ അടിസ്ഥാന മോഡലുകൾക്ക് 155 സിസി സിംഗിൾ-സിലിണ്ടർ എയർ കൂൾഡ്, ഫ്യുവൽ ഇൻഞ്ചക്ഷൻ എൻജിനാണ് ഹൃദയം. 8000 ആർപിഎമ്മിൽ 13.4 ബിഎച്ച്പി പവറും, 13.8 എൻഎം ടോർക്കും ആണ് ഈ ബിഎസ്6 എൻജിൻ സൃഷ്‍ടിക്കുന്നത്. ഇതുവരെ വില്പനയിലുണ്ടായിരുന്ന മോഡലുകളെക്കാൾ 1.2 ബിഎച്പി പവറും 0.2 എൻഎം ടോർക്കും കുറവാണ് പുത്തൻ മോഡലിന്. 5-സ്പീഡ് ട്രാൻസ്മിഷൻ മാറ്റമില്ലാതെ തുടരുന്നു.

249 സിസി സിംഗിൾ-സിലിണ്ടർ ഓയിൽ-കൂൾഡ് ഫ്യുവൽ ഇൻജെക്ടഡ് എൻജിനാണ് ജിക്സർ 250 ന്‍റെ ഹൃദയം.ബിഎസ് 6 പരിഷ്‌ക്കാരങ്ങൾക്ക് ശേഷം ഈ എൻജിൻ 9300 ആർപിഎമ്മിൽ 26 ബിഎച്പി പവറും 7300 അർപിഎമ്മിൽ 22.2 എൻഎം ടോർക്കും സൃഷ്‍ടിക്കും. ബിഎസ്4 എൻജിനുമായി താരതമ്യം ചെയ്യുമ്പോൾ പവറിൽ മാറ്റം വന്നിട്ടില്ല അതേസമയം ടോർക്കക്ക് 0.4 എൻഎം കുറഞ്ഞു. 6 സ്പീഡ് ഗിയർബോക്‌സാണ് ട്രാന്‍സ്‍മിഷന്‍.