55 വർഷത്തെ പാരമ്പര്യം ആഘോഷിക്കുന്നതിനായി സുസുക്കി ജിംനി 3-ഡോറിന്റെ ലിമിറ്റഡ് എഡിഷൻ പതിപ്പ് അവതരിപ്പിച്ചു. ഫ്രാൻസിൽ മാത്രം 55 യൂണിറ്റുകളായി പരിമിതപ്പെടുത്തിയിരിക്കുന്ന ഈ പതിപ്പ്, യൂറോപ്പിൽ നിന്നുള്ള ജിംനിയുടെ പിൻവാങ്ങലിനെ അടയാളപ്പെടുത്തുന്നു.
ജാപ്പനീസ് വാഹന ഭീമനായ സുസുക്കിയിൽ നിന്നും 55 വർഷമായി ആഗോള വിപണിയിൽ വിൽപ്പനയിലുള്ള ഐക്കണിക്ക് മോഡലാണ് സുസുക്കി ജിംനി. ഈ പാരമ്പര്യം ആഘോഷിക്കുന്നതിനായി, ഇപ്പോഴിതാ ജിംനി 3-ഡോറിന്റെ ഒരു ലിമിറ്റഡ് എഡിഷൻ പതിപ്പ് അവതരിപ്പിച്ചിരിക്കുകയാണ് സുസുക്കി. ഫ്രാൻസിൽ ആണ് വാഹനത്തിന്‍റെ അവതരണം. അതേസമയം സുസുക്കി ജിംനി 55-ാം വാർഷിക ലിമിറ്റഡ് എഡിഷൻ ഫ്രഞ്ച് വിപണിയിൽ വെറും 55 യൂണിറ്റുകളായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഫ്രാൻസിൽ നിന്നും യൂറോപ്പിൽ നിന്നുമുള്ള ജിംനിയുടെ പിൻവാങ്ങലിനെ ഈ പതിപ്പ് അടയാളപ്പെടുത്തുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു.
യൂറോപ്പിലുടനീളം കർശനമായ എമിഷൻ നിയന്ത്രണങ്ങൾ കാരണം ജിംനി ഘട്ടം ഘട്ടമായി നിർത്തലാക്കാനുള്ള തീരുമാനത്തിലാണ് കമ്പനി. സ്റ്റാൻഡേർഡ് പതിപ്പിൽ നിന്ന് വ്യത്യസ്തമായി സുസുക്കി ജിംനിയുടെ 55-ാം വാർഷിക പതിപ്പിൽ അകത്തും പുറത്തും ചില സൗന്ദര്യവർദ്ധക മാറ്റങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 55 വർഷത്തിനിടെ ആഗോളതലത്തിൽ വിറ്റഴിക്കപ്പെട്ട ഓഫ്-റോഡർ മോഡലിന്റെ മൂന്ന് ദശലക്ഷത്തിലധികം യൂണിറ്റുകളെ അനുസ്മരിച്ചുകൊണ്ടാണ് സുസുക്കി ജിംനി 55-ാം വാർഷിക ലിമിറ്റഡ് എഡിഷൻ പുറത്തിറക്കിയിരിക്കുന്നത്. പഴയ ജിംനിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് വ്യത്യസ്തമായ ഒരു ഗ്രില്ലാണ് ഈ പ്രത്യേക മോഡലിന് നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷം ജർമ്മനിയിൽ പ്രഖ്യാപിച്ച ജിംനി ഹൊറൈസണിന് സമാനമാണിത്.
റെട്രോ സൈഡ് ഡെക്കലുകൾ, സോഫ്റ്റ് റിനോ സ്പെയർ വീൽ കവർ, വീലുകൾക്ക് പിന്നിൽ ചുവപ്പ് നിറത്തിൽ ജിംനി ലോഗോയുള്ള മഡ്‌ഫ്ലാപ്പുകൾ തുടങ്ങിയവയാണ് മറ്റ് അപ്‌ഗ്രേഡുകൾ. ക്യാബിനിൽ പാസഞ്ചർ കമ്പാർട്ടുമെന്റിലും ബൂട്ട് സ്‌പെയ്‌സിലും റബ്ബർ ഫ്ലോർ മാറ്റുകൾ ലഭിക്കുന്നു. എംബോസ് ചെയ്ത ലെതർ കവറുള്ള ഒരു ലോഗ്ബുക്കും പൊരുത്തപ്പെടുന്ന ഒരു കീ ചെയിനും ഉണ്ട്. ലിമിറ്റഡ് എഡിഷൻ ജിംനിയിൽ 4x4 സംവിധാനവും ലഭിക്കുന്നു. സ്റ്റാൻഡേർഡ് മോഡലിൽ നിന്ന് മെക്കാനിക്കൽ മാറ്റങ്ങളൊന്നുമില്ലാതെ, ജിംനി 55-ാം വാർഷിക പതിപ്പ് പരിചിതമായ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് ഫോർ സിലിണ്ടർ പെട്രോൾ മോട്ടോറുമായി തുടരുന്നു. ഈ എഞ്ചിൻ 102 PS ഉം 130 Nm ടോർക്കും പുറപ്പെടുവിക്കുന്നു. ഫോർ-വീൽ ഡ്രൈവ് സിസ്റ്റം സ്റ്റാൻഡേർഡായി തുടരുമ്പോൾ ഒരു മാനുവൽ ഗിയർബോക്സ് ഷിഫ്റ്റിംഗ് ഡ്യൂട്ടി കൈകാര്യം ചെയ്യുന്നു. ജംഗിൾ ഗ്രീൻ, മീഡിയം ഗ്രേ, ബ്ലൂയിഷ് ബ്ലാക്ക്, വൈറ്റ് എന്നീ നാല് പെയിന്റ് ഓപ്ഷനുകളിൽ ഈ പതിപ്പ് സുസുക്കി വാഗ്ദാനം ചെയ്യുന്നു.
