ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ  സുസുക്കി മോട്ടോർ സൈക്കിൾ ഇന്ത്യയുടെ ഡീലർഷിപ്പുകൾ ഘട്ടം ഘട്ടമായി രാജ്യമെമ്പാടും വീണ്ടും തുറന്നു.  സാമൂഹ്യ അകലം പാലിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് അവശേഷിക്കുന്ന ഡീലർ ശൃംഖല വീണ്ടും തുറക്കാൻ ഇരുചക്ര വാഹന ബ്രാൻഡ് പദ്ധതിയിടുന്നുണ്ട്. 

തങ്ങളുടെ ജീവനക്കാരും ഡീലർഷിപ്പ് സ്റ്റാഫും സാമൂഹിക അകലം പാലിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും സുരക്ഷാ നടപടികൾ കൈക്കൊള്ളുകയും ചെയ്യുന്നുണ്ടെന്ന് കമ്പനി വ്യക്തമാക്കി. ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സേഫ്റ്റിക്കായി ഡീലർഷിപ്പുകൾക് മുൻകരുതൽ മാർഗ്ഗനിർദ്ദേശങ്ങൾ സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ നൽകിയിട്ടുണ്ട്.

സർക്കാർ നിർദ്ദേശപ്രകാരം കണ്ടേൻമെന്റ് സോണുകളിലൊഴികെ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും റീട്ടെയിൽ, ഡിസ്പാച്ച് സേവനങ്ങൾ കമ്പനി പുനരാരംഭിച്ചതായി സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ മാനേജിംഗ് ഡയറക്ടർ കൊയിചിരോ ഹിറാവു പറഞ്ഞു.

ഡീലർഷിപ്പുകൾക്കായി സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ വിപുലമായ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ സ്വീകരിച്ചിട്ടുണ്ട്,  ഇടയ്ക്കിടെ സാനിറ്റയ്സ് ചെയുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുന്ന രീതിയിലാണ് ഇത് തയ്യാറാക്കിയിട്ടുള്ളത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വീണ്ടും തുറന്നതിനു ശേഷം ഇന്ത്യൻ വിഭാഗം 5,000 പുതിയ വാഹനങ്ങൾ വിറ്റഴിക്കുകയും 50,000 ഇരുചക്ര വാഹനങ്ങൾ ഡീലർഷിപ്പുകളിൽ സർവീസ് ചെയ്യുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകള്‍.