ചെന്നൈ: മുംബൈയിൽനിന്ന് മധുരയിലേക്ക് പോകുന്ന രണ്ട് യുവാക്കളുടെ യൂട്യൂബ് വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. അതിലെന്താണിപ്പോൾ വൈറലാകാൻ എന്നല്ലേ? കാരണം മറ്റൊന്നുമല്ല, 19 ലക്ഷം രൂപയുടെ സൂപ്പർ ബൈക്കിലാണ് യുവാക്കളുടെ യാത്ര. ഈ യാത്രക്കിടെ നടന്നൊരു സംഭവമാണ് വൈറലാകുന്നത്. വാഹന പരിശോധനയ്ക്കായി കാത്തുനിന്ന പൊലീസുകാർ സൂപ്പർ ബൈക്ക് കണ്ട് അമ്പരക്കുകയും തുടർന്ന് ബൈക്ക് ഓടിക്കാൻ ശ്രമിക്കുകയുമായിരുന്നു. തമിഴ്നാട്ടിലാണ് സംഭവം.

ഓട്ടത്തിനിടെ ചെക്ക് പോസ്റ്റിന് സമീപം പൊലീസുകാർ ബൈക്കിന് കൈകാണിച്ച് നിർത്താൻ ആവശ്യപ്പെട്ടു. പരിശോധനയ്ക്ക് ശേഷം ബൈക്കിനൊപ്പം ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് യുവാക്കളോട് പൊലീസുകാർ ആവശ്യപ്പെടുകയായിരുന്നു. പൊലീസുകാരന്റെ ആ​ഗ്രഹത്തിന് സമ്മതം മൂളിയ യുവാക്കൾ ബൈക്കിൽ കയറി ഇരിക്കുന്ന പൊലീസുകാരുടെ ചിത്രങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു.

റൈഡ് വിത്ത് കെസി എന്ന യൂട്യൂബ് വ്ലോഗറാണ് വീഡിയോ പങ്കുവച്ചത്. മുംബൈയിൽ നിന്ന് രാമേശ്വരത്തേക്കുള്ള റൈഡിന്റെ ഏഴാം ദിവസമാണ് സംഭവം നടന്നത്. ബിഎം‍ഡബ്ല്യു ജിഎസ് ആർ 1200 അഡ്വഞ്ചറിലായിരുന്നു യുവാക്കളുടെ യാത്ര. ബിഎംഡബ്ല്യുവിന്റെ അഡ്വഞ്ചർ ക്യാറ്റഗറിയിലെ ബൈക്കാണ്  ജിഎസ് ആർ 1200 അഡ്വഞ്ചർ. 1170 സിസി എൻജിൻ ഉപയോഗിക്കുന്ന ബൈക്കിന് 123 ബിഎച്ച്പി കരുത്തും 125 എൻഎം ടോർക്കുമുണ്ട്. ബൈക്കിന്റെ അടിസ്ഥാന വകഭേദത്തിന് ഏകദേശം 19 ലക്ഷം രൂപയും ഉയർന്ന വകഭേദത്തിന് 22 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില.