Asianet News MalayalamAsianet News Malayalam

ടാറ്റയുടെ ആ കിടിലന്‍ കാറുകള്‍ ഇനിയില്ല!

ടാറ്റ മോട്ടോഴ്‌സിന്റെയും ജേയം ഓട്ടോമോട്ടീവ്‌സിന്റെയും  സംയുക്ത സംരംഭമായ ജെടി സ്പെഷ്യല്‍ വെഹിക്കിള്‍സിന്റെ (ജെ ടി സ് വി) പെര്‍ഫോമന്‍സ് വാഹന മോഡലുകള്‍ ഓര്‍മ്മയാകുന്നു. 

Tata JTP performance brand discontinued
Author
Muenchen, First Published Jun 15, 2020, 10:08 AM IST

ടാറ്റ മോട്ടോഴ്‌സിന്റെയും ജേയം ഓട്ടോമോട്ടീവ്‌സിന്റെയും  സംയുക്ത സംരംഭമായ ജെടി സ്പെഷ്യല്‍ വെഹിക്കിള്‍സിന്റെ (ജെ ടി സ് വി) പെര്‍ഫോമന്‍സ് വാഹന മോഡലുകള്‍ ഓര്‍മ്മയാകുന്നു. 

പെര്‍ഫോമെന്‍സ് വാഹനങ്ങള്‍ നിര്‍മിക്കുന്നതിനായി ടാറ്റ മോട്ടോഴ്‌സ്- ജയം ഓട്ടോമോട്ടീവ്‌സ് എന്നീ കമ്പനികളുടെ സഹകരണത്തില്‍ ഒരുക്കിയ ജെടി സ്‌പെഷ്യല്‍ വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് (ജെ.ടി.എസ്.വി) കമ്പനിയുടെ മുഴുവൻ ഓഹരികളും ടാറ്റ മോട്ടോഴ്‌സ് സ്വന്തമാക്കിയതോടെയാണ് ജെടിപി ബാഡ്ജിങ്ങ് വാഹനങ്ങള്‍ നിര്‍ത്തുന്നത്.

2017-ലാണ് ടാറ്റ മോട്ടോഴ്‌സ്-ജയം ഓട്ടോമോട്ടീവ് എന്നീ കമ്പനികള്‍ തുല്യമായ പങ്കാളിത്തത്തോടെ ജെടിഎസ്‌വിക്ക് രൂപം നല്‍കിയത്. ഈ കൂട്ടുകെട്ടിലാണ് 2018-ല്‍ ടാറ്റ ടിഗോര്‍, ടിയാഗോ വാഹനങ്ങളുടെ  പെര്‍ഫോമെന്‍സ് പതിപ്പായ ജെടിപി മോഡലുകള്‍ അവതരിപ്പിച്ചത്. ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ പെര്‍ഫോമെന്‍സ് വാഹനമാണ് ഈ കൂട്ടുകെട്ടില്‍ ഇറങ്ങിയത്. റെഗുലര്‍ ടിയാഗോ, ടിഗോര്‍ വാഹനങ്ങളില്‍ എതാനും ഫീച്ചറുകള്‍ നല്‍കിയാണ് ജെടിപി എഡിഷന്‍ എത്തിയത്.

ടാറ്റ വാഹനങ്ങളില്‍ കൂടുതല്‍ പെര്‍ഫോമെന്‍സ് ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് 2018 ഒക്ടോബറില്‍ ടിഗോര്‍, ടിയാഗോ JTP  മോഡലുകള്‍ എത്തിയത്. കരുത്തുറ്റ എന്‍ജിനൊപ്പം സ്പോര്‍ട്ടി രൂപം കൈവരിക്കാന്‍ ധാരാളം രൂപമാറ്റങ്ങളും ടിഗോര്‍, ടിയാഗോ JTP മോഡലുകളില്‍ നല്‍കിയിരുന്നു.

ഒപ്ടിമൈസ്‍ഡ് ഗിയര്‍ അനുപാതവും സുപ്പീരിയര്‍ ആക്‌സിലറേഷനും നല്‍കുന്ന മികച്ച പ്രകടനം ജെടിപി വാഹനങ്ങള്‍ക്ക്  ഒരു മികവുറ്റ ഡ്രൈവിംഗ് അനുഭവം സാധ്യമാക്കുന്നു. കുറച്ച ഗ്രൗണ്ട് ക്ലിയറന്‍സുമായി സൂക്ഷ്മമായി ഒത്തുചേര്‍ത്ത സസ്പെന്‍ഷന്‍ സംവിധാനം ചലനാത്മകമായ മികച്ച ഡ്രൈവിംഗ് ലഭ്യമാക്കുന്നു. മാത്രമല്ല 10സെക്കന്‍ഡുകള്‍ കൊണ്ട് പൂജ്യത്തില്‍ നിന്ന് 100കിലോമീറ്റര്‍ വേഗത പ്രാപിക്കുന്നതിനും പരമാവധി 160കിലോമീറ്റര്‍ വേഗതയില്‍ കുതിക്കുന്നതിനും  ജെടിപി വാഹനങ്ങള്‍ക്ക് സാധിക്കും. 

അടിസ്ഥാന ഇംപാക്റ്റ് ഡിസൈനോടുകൂടി   ഇഷ്ടാനുസരണം രൂപകല്‍പ്പന ചെയ്യുന്ന ജെടിപി  ഘടകങ്ങളുടെ തന്ത്രപരമായ കൂട്ടിച്ചേര്‍ക്കല്‍, ജെടിഎസ്വി വാഹനങ്ങളുടെ 'ത്രില്‍ ടു ഡ്രൈവ്' ഫിലോസഫിക് ശക്തി പകരുന്നു. പെര്‍ഫോമന്‍സ് വാഹനങ്ങള്‍ എന്നതിലുപരിയായി വാഹനങ്ങളുടെ സ്പോട്ടി ലുക്കും ഏറെ ശ്രദ്ധ ആകര്‍ഷിക്കുന്നു.

മുന്‍പിലെ  വലിയ ഗ്രില്‍,  സ്‌മോക്ഡ് പ്രൊജക്ടര്‍ ഹെഡ്‌ലാംപുകള്‍,  ബോണറ്റ്, ആകര്‍ഷകമായ വെന്റുകള്‍, 15ഇഞ്ച് ഡയമണ്ട് കട്ട് അലോയ്  വീലുകള്‍, പ്രത്യേക രൂപഭംഗിയോട് കൂടിയ വശങ്ങള്‍ എന്നിവ വാഹനത്തിന്റെ എക്സ്റ്റീരിയര്‍ ഭംഗി വര്‍ധിപ്പിക്കുന്നു. കൂടാതെ മനോഹരമായ കറുപ്പ് നിറത്തിലുള്ള വാഹനത്തിന്റെ ഉള്‍വശം,  സ്പോര്‍ട്ടി എസി വെന്റുകള്‍, ഉയര്‍ന്ന നിലവാരത്തിലുള്ള തുകല്‍ പൊതിഞ്ഞ സ്റ്റിയറിങ് വീലുകള്‍, അലുമിനിയം പെടലുകള്‍ എന്നിവ വാഹനത്തിന്റെ  ഉള്‍വശത്തിന് ആഡംബരം നിറഞ്ഞ സ്പോട്ടി ഭംഗി നല്‍കുന്നു.

പുതിയ ഡിസൈനിലുള്ള ബമ്പറുകള്‍, സ്മോക്ക്ഡ് പ്രൊജക്റ്റര്‍ ഹെഡ്‌ലാമ്പ്, ഫോഗ് ലാമ്പ്, ജെടിആര്‍ ബാഡ്ജിങ്ങോടുകൂടിയ ബ്ലാക്ക് ഗ്രില്‍, സൈഡ് സ്‌കേര്‍ട്ട്‌സ്, 15 ഇഞ്ച് അലോയി വീല്‍, ബോഡി കളര്‍ മിറര്‍, ഡ്യുവല്‍ എക്‌സ്‌ഹോസ്റ്റ്, ബ്ലാക്ക് റൂഫ് സ്‌പോയിലര്‍, ഡിഫ്യൂസര്‍, ബ്ലാക്ക് ലെതര്‍ അപ്ഹോള്‍സ്ട്രി എന്നിവയാണ് ജെടിപി പതിപ്പിലെ പ്രത്യേകതകള്‍. 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് രണ്ടിനും കരുത്തേകുക. 5000 ആര്‍പിഎമ്മില്‍ 112.4 ബിഎച്ച്പി പവറും 2000-4000 ആര്‍പിഎമ്മില്‍ 150 എന്‍എം ടോര്‍ക്കും നല്‍കുന്നതാണ് ഈ പവര്‍ഫുള്‍ എന്‍ജിന്‍. 5 സ്പീഡ് മാനുവലാണ് രണ്ടിലെയും ട്രാന്‍സ്മിഷന്‍. 

9.95 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ടിയാഗോ ജെടിപിക്ക് സാധിക്കും. 10.38 സെക്കന്‍ഡില്‍ ടിഗോര്‍ ജെടിപി ഈ വേഗം കൈവരിക്കും. സ്പോര്‍ട്ട്, സിറ്റി എന്നീ രണ്ട് ഡ്രൈവിങ് മോഡുകളാണ് ഇതിലുള്ളത്. ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗ്, എബിഎസ്, ഇബിഡി എന്നീ സുരക്ഷാ സംവിധാനവും വാഹനത്തിലുണ്ട്.

ടാറ്റ ടിയാഗോ, ടിഗോര്‍ വാഹനങ്ങളുടെ ജെടിപി പതിപ്പിന് പിന്നാലെ നെക്‌സോണ്‍ എസ്‌യുവിയുടെ ജെടിപി മോഡല്‍ എത്തിക്കുമെന്ന് ടാറ്റ അറിയിച്ചിരുന്നു. എന്നാല്‍, ഇനി ഈ വാഹനം എത്തിക്കുന്ന കാര്യത്തില്‍ വ്യക്തതയില്ല.  

Follow Us:
Download App:
  • android
  • ios