കൊച്ചി: രാജ്യത്തെ വാഹനവിപണി പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. കടുത്ത മാന്ദ്യം വിപണിയെ പിടിച്ചുലച്ചിരിക്കുന്നു. വമ്പന്‍ കമ്പനികളൊക്കെ വിറച്ചുതുടങ്ങിയിരിക്കുന്നു. എന്നാല്‍ അപ്പോഴും അടിപതറാതെ നില്‍ക്കുകയാണ് രാജ്യത്തെ ആഭ്യന്തര വാഹനനിര്‍മ്മാതാക്കളില്‍ പ്രമുഖരായ ടാറ്റ മോട്ടോഴ്‍സ്. 

പുത്തന്‍ ഡിസൈനായ ഇംപാക്ട് 2.0 ഡിസൈനാണ് കമ്പനിയുടെ ഈ  നേട്ടത്തിനു പിന്നിലെന്നാണ് ടാറ്റ പറയുന്നത്. ഈ പുത്തൻ ഡിസൈനിൽ നിർമ്മിച്ച  മോഡലുകളായ ടിയാഗോ,  ഹെക്സ, ടിഗോർ, നെക്സോൺ,  ഹാരിയർ തുടങ്ങിയ മോഡലുകൾക്ക്  വിപണിയിൽ മികച്ച വിൽപ്പനയാണ് രേഖപ്പെടുത്തുന്നതെന്ന് ടാറ്റ മോട്ടോർസ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 

170അംഗങ്ങൾ അടങ്ങുന്ന ടാറ്റയുടെ ഡിസൈൻ ടീം  പുണെ,  യുകെയിലെ കാവെൻട്രി, ഇറ്റലിയിലെ ട്യൂറിൻ എന്നീ ടാറ്റയുടെ ഡിസൈനിങ് സ്റ്റുഡിയോകൾ കേന്ദ്രീകരിച്ചാണ്  ഇമ്പാക്ട് 2.0 ഡിസൈനിന് രൂപം നല്‍കിയതെന്ന് ടാറ്റ പറയുന്നു. യുവാക്കളുടേയും അനുഭവപരിജ്ഞാനമുള്ളവരുമായിരുന്നു ഈ സംഘാംഗങ്ങളെല്ലാം. 'തിങ്ക് ഗ്ലോബൽ,  ആക്ട് ലോക്കൽ' എന്ന മുദ്രാവാക്യത്തിന്‍റെ കരുത്തില്‍ ഉപഭോക്തൃ താല്പര്യങ്ങൾ, ആഗോള കാഴ്ചപ്പാടുകൾ തുടങ്ങിയവ സമന്വയിപ്പിച്ചാണ് വാഹന ലോകത്തെ ഏറ്റവും മികച്ച അവാർഡ് വിന്നിങ് ഡിസൈനായ ഇംപാക്ട് 2.0 ക്ക് രൂപം നൽകിയത്. 

ഇംപാക്ട് ഡിസൈന്റെ രണ്ടാം ഘട്ടമായ ഇംപാക്ട് 2.0   ഡിസൈനിൽ ആദ്യമായി നിരത്തിലെത്തിയത് ഹാരിയർ എസ്‍യുവിയാണ്. മികച്ച ഡിസൈനും പകരം വെക്കാനില്ലാത്ത പ്രകടനവും നൂതന സവിശേഷതകളുമായി ടാറ്റായുടെ എക്കാലത്തെയും മികച്ച എസ്‍യുവിയായി ഹാരിയര്‍ മാറി. കോംപാക്ട് എസ്‍യുവിയായ നെക്സോൺ സുരക്ഷയിൽ ആദ്യമായി 5സ്റ്റാർ റേറ്റിംഗ് ലഭിക്കുന്ന രാജ്യത്തെ ആദ്യ കാറായും മാറി. 

ഇംപാക്ട് 2.0 ഡിസൈൻ വാഹന സുരക്ഷക്കാണ് പ്രഥമ പ്രാധാന്യം നൽകുന്നത്. ഈ സുരക്ഷ സംവിധാനങ്ങൾ കോംപാക്ട് എസ് യു വിയായ ഹാരിയറിന് മികച്ച സുരക്ഷ നൽകുന്നു. വരാനിരിക്കുന്ന പ്രീമിയം ഹാച്ച് ബാക്ക് മോഡലായ അൾട്രോസ്,  7സീറ്റർ എസ് യു വി,  സബ് കോംപാക്ട് എസ് യു വി എന്നിവകളിലും പുതിയ ഡിസൈൻ ഭാഷയുടെ സവിശേഷതകൾ ഉൾപ്പെടുത്തി എല്ലാ വാഹന സെഗ്‌മെറ്റിലും ശക്തമായ യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്നും ടാറ്റ മോട്ടോഴ്‍സ് വ്യക്തമാക്കുന്നു.