ടാറ്റയുടെ ആദ്യ ഇലക്ട്രിക് എസ് യു വിയായ നെക്സോൺ ഇവി ആയിരം യൂണിറ്റ് നിർമാണം പൂർത്തിയാക്കി. ടാറ്റയുടെ പൂനെയിലെ പ്ലാന്റിൽ നിന്നാണ് ആയിരം തികയുന്ന വാഹനം നിർമാണം പൂർത്തിയാക്കിയത്. അവതരിപ്പിച്ച് ആറ് മാസത്തിനുള്ളിൽ 1000 വാഹനങ്ങൾ എത്തിച്ച് ഈ ശ്രേണിയുടെ മേധാവിത്വം സ്വന്തമാക്കിയിരിക്കുകയാണ് ടാറ്റ നെക്സോൺ ഇവി എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

നടപ്പ് സാമ്പത്തിക വർഷത്തിലെ ഇലക്ട്രിക് കാർ വിൽപ്പനയുടെ 62 ശതമാനവും ടാറ്റ മോട്ടോഴ്സിന് സ്വന്തമാണ്. നെക്സോൺ ഇവി വിൽപ്പനയിലുണ്ടായ കുതിപ്പാണ് ടാറ്റാ മോട്ടോഴ്സിനെ ഈ നേട്ടത്തിനർഹമാക്കിയത്. ശ്രേണിയിലെ ഏറ്റവും മികച്ച ഇലക്ട്രിക് എസ് യുവി ആയതിനാൽ തന്നെ വിപണിയിൽ ഈ വാഹനത്തിന് മികച്ച ഡിമാന്റാണുള്ളത്.

ടാറ്റാ മോട്ടോഴ്‌സ് ഇലക്ട്രിക് വാഹന നിരയിലെ വാഹനങ്ങളുടെ ശേഷി മികച്ചതാണെന്ന് കമ്പനി പറയുന്നു. ടിഗോർ  ഇവി ഇലക്ട്രിക് സെഡാൻ, 140 കിലോമീറ്റർ മുതൽ 213 കിലോമീറ്റർ വരെ യാത്ര പരിധി ഉറപ്പു വരുത്തുമ്പോൾ വ്യക്തിഗത സെഗ്‌മെന്റിൽ നെക്‌സൺ ഇവി ഇലക്ട്രിക് എസ്‌യുവി,  ഒരൊറ്റ ചാർജിങ്ങിൽ  312 കിലോമീറ്റർ യാത്ര ചെയ്യുന്നുണ്ട്. 'സീറോ എമിഷൻ' വാഹനമായ നെക്‌സോൺ ഇവികൾ ഇന്ത്യയിൽ ജനപ്രിയമാക്കുന്നതിന്, കമ്പനി അടുത്തിടെ ഒരു പുതിയ ഇവി സബ്‌സ്‌ക്രിപ്‌ഷൻ മോഡലും പുറത്തിറക്കിയിരുന്നു.

ഇന്ത്യയിൽ ഇവികളുടെ സ്വീകാര്യത ത്വരിതപ്പെടുത്തുന്നതിന്, ടാറ്റാ മോട്ടോഴ്സ് മറ്റ്   ടാറ്റാ ഗ്രൂപ്പ് കമ്പനികളുടെ കരുത്തും അനുഭവവും സമന്വയിപ്പിക്കുന്നതിനായി ഒരു സമഗ്ര ഇ-മൊബിലിറ്റി ഇക്കോസിസ്റ്റമായ ടാറ്റ യൂണിവേർസും അവതരിപ്പിച്ചു.  ഇതിലൂടെ ഇവി ഉപയോക്താക്കൾക്ക് ചാർജിംഗ് സൊല്യൂഷനുകൾ, നൂതന റീട്ടെയിൽ അനുഭവങ്ങൾ, എളുപ്പത്തിലുള്ള ധനസഹായ ഓപ്ഷനുകൾ എന്നിവ ഉൾപ്പെടെയുള്ള ഇ-മൊബിലിറ്റി സൗകര്യങ്ങൾ ലഭ്യമാകും.

രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇലക്ട്രിക് വാഹന സ്വീകാര്യത അതിവേഗം വർദ്ധിക്കുകയാണെന്നും കൊവിഡ് -19 ന്റെ വെല്ലുവിളികൾക്കിടയിലും ചുരുങ്ങിയ സമയത്തിനുള്ളിൽ 1000-ാമത് നെക്‌സൺ ഇ.വി പുറത്തിറക്കാൻ കഴിഞ്ഞത് ഇവികളിൽ വ്യക്തിഗത സെഗ്മെന്റ് വാങ്ങുന്നവരുടെ വർദ്ധിച്ചുവരുന്ന താൽപ്പര്യത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും ടാറ്റാ മോട്ടോഴ്‌സ് ലിമിറ്റഡിന്റെ പാസഞ്ചർ വെഹിക്കിൾ ബിസിനസ് പ്രസിഡന്റ് ശൈലേഷ് ചന്ദ്ര പറഞ്ഞു.

ആഗോള നിലവാരം പുലർത്തുന്ന നൂതനവും, സമഗ്രവുമായ  സുസ്ഥിര മൊബിലിറ്റി പരിഹാരങ്ങൾ വികസിപ്പിക്കുന്നത് ടാറ്റ മോട്ടോഴ്‌സ് തുടരുമെന്നും ഇലക്ട്രിക് വാഹനങ്ങളാണ് ഭാവി, രംഗത്തെ മുൻനിര വ്യവസായികളെന്ന നിലയിൽ, ഉപഭോക്താക്കളിൽ മോഹം ഉണർത്തുന്നതിനും, അതിനനുസൃതമായ ചോയിസ് ഉറപ്പുവരുത്തുന്നതിനും കമ്പനി പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.