Asianet News MalayalamAsianet News Malayalam

നെക്സോണ്‍ ഇവി വാങ്ങാതെ തന്നെ സ്വന്തമാക്കാം, കിടിലന്‍ പദ്ധതിയുമായി ടാറ്റ!

ടാറ്റ നെക്‌സോൺ ഇവി ഇനി വാങ്ങാതെ തന്നെ സ്വന്തമായി ഉപയോഗിക്കാം

Tata Nexon EV available on monthly subscription
Author
Mumbai, First Published Aug 7, 2020, 8:33 AM IST

ഇലക്ട്രിക് വാഹന രംഗത്ത് പുത്തൻ വിപ്ലവവുമായി ടാറ്റ മോട്ടോർസ്.  ഉപഭോക്താക്കൾക്ക് ടാറ്റ നെക്‌സോൺ ഇവി ഇനി വാങ്ങാതെ തന്നെ സ്വന്തമായി ഉപയോഗിക്കാം. ഇലക്ട്രിക് കാറുകളുടെ പ്രചാരം വർധിപ്പിക്കുക, അവ എല്ലാവർക്കും എളുപ്പത്തിൽ ലഭ്യമാക്കുക എന്നിവ ലക്ഷ്യമിട്ട് ടാറ്റാ മോട്ടോർസിന്റെ നെക്‌സോൺ ഇലക്ട്രിക് കാറുകൾ ആകർഷകമായ വിവിധ നിരക്കുകളിൽ ഇനി വാടകക്ക് സ്വന്തമാക്കാമെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

ദില്ലി/ എൻസിആർ, മുംബൈ, പുണെ,  ഹൈദരബാദ്, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലാണ് ആദ്യമായി വാഹനം ലഭ്യമാകുക. കേരളത്തിലും ടാറ്റ മോട്ടോഴ്സിന്റെ ഈ പുതിയ സേവനം ഉടൻ ലഭ്യമാകും.  രാജ്യത്തെ മുൻനിര ലീസിങ് കമ്പനിയായ ഒറിക്‌സ് ഓട്ടോ ഇൻഫ്രാ സ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്നാണ് പുതിയ പദ്ധതി നടപ്പിലാക്കുകയെന്നും ടാറ്റ അറിയിച്ചു. 

36 മാസത്തേക്ക് വാഹനം ലീസിന് എടുക്കുന്നവർക്ക് നികുതികൾ ഉൾപ്പെടെയുള്ള മാസവാടക നിരക്ക് 41,900 രൂപ, 24 മാസത്തേക്ക് 44,900 രൂപ, 18 മാസത്തേക്ക് 47,900രൂപ എന്നിങ്ങനെയാണ് നെക്‌സോൺ ഇവിയുടെ മാസ വാടക നിരക്ക്.

വാഹന രജിസ്ട്രേഷൻ, റോഡ് ടാക്സ് തുടങ്ങിയ യാതൊരു ബുദ്ധിമുട്ടുകളും ഇല്ലാതെ തന്നെ ഈ പദ്ധതിയിലൂടെ ടാറ്റ നെക്സൺ ഇവി സബ്സ്ക്രൈബ് ചെയ്യുവാൻ സാധിക്കും അതിനായുള്ള മുഴുവൻ പ്രക്രിയയും എൻഡ്-ടു-എൻഡ് ഡിജിറ്റൽ സംവിധാനം വഴി എളുപ്പത്തിലാക്കിയിട്ടുണ്ട്.  സമഗ്രമായ ഇൻഷുറൻസ് പരിരക്ഷ, റോഡ് സൈഡ് അസ്സിസ്റ്റൻസ്സ്, കൃത്യമായ സമയങ്ങളിലുള്ള സൗജന്യ സർവീസ് /മെയ്ന്റനൻസ്, ആനുകാലിക സേവനങ്ങൾ, ഡോർ ഡെലിവറി എന്നിവയും ലഭ്യമാകും. കൂടാതെ, ഉപയോക്താക്കൾക്ക് അവരുടെ വീട്ടിലോ ഓഫീസിലോ സ്വന്തമായി ഇവി ചാർജർ ഇൻസ്റ്റാൾ ചെയ്യാനും കഴിയും.

വാഹനങ്ങൾ പാട്ടത്തിനെടുക്കാൻ താൽപ്പര്യപ്പെടുന്ന കോർപ്പറേറ്റുകൾക്കും, നഗരങ്ങളിൽ ഇടയ്ക്കിടെ തൊഴിൽ മാറ്റമുള്ള വ്യക്തികൾക്കും, ഒരു നിശ്ചിത കാലയളവിൽ താമസിക്കുന്ന പ്രവാസികൾക്കും ഇഷ്‌ടാനുസൃതമായ സബ്‌സ്‌ക്രിപ്‌ഷൻ മോഡൽ   തികച്ചും അനുയോജ്യമാണ്. സബ്‌സ്‌ക്രിപ്‌ഷന്റെ കാലാവധി തീരുന്നതനുസരിച്ച്‌ ഉപയോക്താക്കൾക്ക് ഇത് ദീർഘിപ്പിക്കുകയോ അല്ലെങ്കിൽ വാഹനം തിരികെ നൽകുകയോ ചെയ്യാം.

ഇലക്ട്രിക് വാഹനങ്ങളാണ് ഭാവി, അതിവേഗം വളരുന്ന ഈ വിഭാഗത്തിന്റെ നേതാവെന്ന നിലയിൽ ഇന്ത്യയിൽ വാഹനങ്ങളുടെ ലഭ്യതഉറപ്പുവരുത്തി ജനപ്രിയമാക്കാൻ ടാറ്റ മോട്ടോഴ്‌സ് പ്രതിജ്ഞാബദ്ധമാണെന്നും ഈ സബ്‌സ്‌ക്രിപ്‌ഷൻ‌ മോഡൽ‌ ഉപയോഗിച്ച്, ഇ‌വികളിൽ താൽ‌പ്പര്യമുള്ള ഉപഭോയോക്താക്കൾ‌ക്ക് കൂടുതൽ നേട്ടങ്ങൾ‌ ഇതിലൂടെ അനുഭവിക്കാൻ‌ സൗകര്യമൊരുക്കുന്നുവെന്നും പുതിയ സംരംഭത്തെപ്പറ്റി ടാറ്റാ മോട്ടോഴ്‌സിന്റെ പാസഞ്ചർ വെഹിക്കിൾസ് ബിസിനസ് യൂണിറ്റ് പ്രസിഡന്റ് ശൈലേഷ് ചന്ദ്ര പറഞ്ഞു.  പങ്കാളിത്ത സമ്പദ്‌വ്യവസ്ഥയിലൂടെ അതിവേഗം വളരുന്ന ഈ കാലഘട്ടത്തിൽ ഉടമസ്ഥാവകാശത്തെക്കാൾ ഉപയോക്തൃത്വം ഇഷ്ടപ്പെടുന്ന ഉപയോക്താക്കൾക്ക് ഇത് വളരെ അനുയോജ്യമാണെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.  

Follow Us:
Download App:
  • android
  • ios