ടാറ്റയുടെ മാത്രമല്ല ഇന്ത്യയുടെ തന്നെ യശസ് വാനോളം ഉയര്‍ത്തിയ വാഹനമാണ് കോംപാക്ട് എസ് യു വി നെക്‌സോൺ.  ഗ്ലോബൽ NCAP നടത്തിയ ഇടി പരീക്ഷയില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കിയാണ് നെക്സോണ്‍ രാജ്യത്തിന്‍റെ അഭിമാനമായത്. ഇപ്പോഴിതാ സുരക്ഷയുടെ കാര്യത്തില്‍ നെക്സോണിന്‍റെ കരുത്ത് വീണ്ടും തെളിഞ്ഞിരിക്കുന്നു. അപകടത്തില്‍ തലകീഴായി മറിഞ്ഞിട്ടും നെക്സോണിലെ യാത്രികരെല്ലാം ഒരു പോറല്‍പോലും ഏല്‍ക്കാതെ രക്ഷപ്പെട്ടതാണ് വാഹനലോകത്തെ ചര്‍ച്ചാവിഷയം. മാത്രമല്ല  വാഹനത്തിന് നിസാര കേടുപാടുകള്‍ മാത്രമേ സംഭവിച്ചുള്ളൂവെന്നതും ശ്രദ്ധേയമാണ്. 

ഗോവന്‍ സ്വദേശിയായ ശ്രീജിത്ത് കുമാറും കുടുംബവും സഞ്ചരിച്ചിരുന്ന ടാറ്റ നെക്‌സോണാണ് അപകടത്തില്‍പ്പെട്ടത്. എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കാതിരിക്കാന്‍ വാഹനം വെട്ടിച്ചതിനെ തുടര്‍ന്നായിരുന്നു അപകടം. വെട്ടിക്കുന്നതിനിടെ പ്രായമായ ഒരു സ്ത്രീ നടന്നുവരുന്നതുകണ്ട് വീണ്ടും വാഹനം വെട്ടിച്ചു. അതോടെ നിയന്ത്രണം നഷ്ടപ്പെട്ട് കാര്‍ തലകീഴായി മറിയുകയായിരുന്നു. ശ്രീജിത് ഉള്‍പ്പെടെ നാലുപേരാണ് കാറില്‍ ഉണ്ടായിരുന്നത്. 

നെക്‌സോണിന്റെ ദൃഢത എന്റെയും കുടുംബത്തിന്റെയും ജീവന്‍ രക്ഷിച്ചെന്ന കുറിപ്പോടെ ഉടമ തന്നെയാണ് ഇക്കാര്യം ഫെയ്‌സ് ബുക്കിലൂടെ പങ്കുവെച്ചത്. ഇത്ര വലിയ അപകടത്തിലും നെക്‌സോണിന്റെ റൂഫില്‍ മാത്രമാണ് കേടുപാട് സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

2017 സെപ്റ്റംബറിലാണ് ടാറ്റ ആദ്യ നെക്സോണിനെ വിപണിയില്‍ അവതരിപ്പിക്കുന്നത്. മാറ്റമില്ലാത്തെ ഡിസൈനില്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ടാറ്റ അതെല്ലാം കാറ്റില്‍പ്പറത്തുന്ന ഡിസൈന്‍ മികവ് സ്വന്തമാക്കിയാണ് പുതിയ താരത്തെ പുറത്തിറക്കിയത്. മൂന്നരവർഷം കൊണ്ടാണ് ടാറ്റ മോട്ടോഴ്‌സ് നെക്‌സോണിനെ രൂപ കല്പന ചെയ്‍ത് അവതരിപ്പിച്ചത്. 17 ലക്ഷം കി.മീ. പ്രിലോഞ്ച് ടെസ്റ്റ് ഡ്രൈവ് നടത്തി. മൈനസ് 20 മുതൽ പ്ലസ് 50 വരെയുള്ള കാലാവസ്ഥകളിൽ ഓടിച്ചു. സമുദ്ര നിരപ്പുമുതൽ 18,000 അടി ഉയരെ വരെ ഓടിച്ചു കയറ്റി. അങ്ങനെ കർശനമായ പരീക്ഷണ നിരീക്ഷണങ്ങൾക്കു ശേഷമാണ് നെക്‌സോൺ അന്തിമരൂപം പ്രാപിച്ചത്.

നിലവില്‍ 1.5 ലിറ്റർ ടർബോ ചാർജ്ഡ് ഡീസലും, 1.2 ലിറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എഞ്ചിനുകളുമാണ് നെക്‌സോണിന് കരുത്തുപകരുന്നത്. രണ്ടും 110 ബിഎച്ച്പി എഞ്ചിൻ പവറുള്ളതാണ്. ടോർക്ക് യഥാക്രമം 260, 170  ന്യൂട്ടൺ മീറ്ററാണ്.  6 സ്പീഡ് മാനുവൽ ഗിയർ ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍.

2019 ജൂണില്‍ നെക്‌സോണിന്‍റെ വില്‍പ്പന ഒരു ലക്ഷം തികഞ്ഞിരുന്നു.  കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ രണ്ടാമത്തെ എസ് യുവിയാണ്‌ നെക്‌സോൺ. ആകർഷകമായ പ്രീമിയം ഡിസൈൻ,  മൂന്ന് നിറങ്ങളിലുള്ള ഇന്റീരിയർ ഡിസൈൻ,  110പിഎസ് ടർബോചാർജ്ഡ് എഞ്ചിൻ,  മൾട്ടി ഡ്രൈവ് മോഡ്,  209 എംഎം ഗ്രൗണ്ട് ക്ലിയറൻസ്,  എട്ടു സ്പീക്കറോടുകൂടിയ ഇന്ഫോടെയ്ന്മെന്റ് സംവിധാനം, തുടങ്ങിയ സവിശേഷതകളോടെ 2018ലെ ഏറ്റവും അധികം പുരസ്കാരങ്ങൾ ലഭിച്ച കോംപാക്ട് എസ് യു വിയും നെക്‌സോൺ  തന്നെയാണ്. 

പുതിയ ഫീച്ചറുകള്‍ നല്‍കി അടുത്തിടെ വാഹനത്തിന്‍റെ പരിഷ്‍കരിച്ച പതിപ്പിനെ ടാറ്റ വിപണിയില്‍ അവതരിപ്പിച്ചിരുന്നു.  6.5 ലക്ഷം മുതല്‍ 11 ലക്ഷം വരെയാണ് വാഹനത്തിന്‍റെ ദില്ലി എക്സ് ഷോറൂം വില. ഹ്യുണ്ടേയ് വെന്യൂ, മഹീന്ദ്ര എക്സ്‌യു വി 300, മാരുതി സുസുക്കി വിറ്റാര ബ്രേസ, ഫോഡ് ഇക്കോ സ്പോർട് തുടങ്ങിയവരാണ് നെക്സോണിന്‍റെ ഇന്ത്യയിലെ  മുഖ്യഎതിരാളികള്‍.