Asianet News MalayalamAsianet News Malayalam

ഏറ്റവും കുറഞ്ഞ വിലയില്‍ ഈ വിദ്യയുള്ള ഏക കാര്‍; ആ പേരും ഇനി നെക്സോണിനു സ്വന്തം!

ഈ വെല്ലുവിളി നേരിടാനാണ് പുതിയ വേരിയന്‍റ് ടാറ്റ അവതരിപ്പിച്ചിരിക്കുന്നത്. 

Tata Nexon XM(S) Variant Most Affordable Sun Roof Car
Author
Mumbai, First Published Sep 6, 2020, 5:55 PM IST

ടാറ്റയുടെ മാത്രമല്ല ഇന്ത്യയുടെ തന്നെ യശസ് വാനോളം ഉയര്‍ത്തിയ വാഹനമാണ് കോംപാക്ട് എസ് യു വി നെക്‌സോൺ.  ഗ്ലോബൽ NCAP നടത്തിയ ഇടി പരീക്ഷയില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കിയാണ് നെക്സോണ്‍ രാജ്യത്തിന്‍റെ അഭിമാനമായത്. ഇപ്പോഴിതാ രാജ്യത്ത് സൺറൂഫ് സഹിതം വിൽപനയ്ക്കെത്തുന്ന ഏറ്റവും വില കുറഞ്ഞ കാർ എന്ന പേരും ഇനി നെക്സോണിനു സ്വന്തം. 

കോംപാക്ട് എസ്.യു.വി ശ്രേണിയിൽ കടുത്ത മത്സരമാണ് നടക്കുന്നത്. ഈ വെല്ലുവിളി നേരിടാനാണ് പുതിയ വേരിയന്‍റ് ടാറ്റ അവതരിപ്പിച്ചിരിക്കുന്നത്. ഇടത്തരം വേരിയന്‍റായ എക്സ്.എം, എക്സ്.എം.എ എന്നിവ പരിഷ്ക്കരിച്ച് എക്സ്.എം(എസ്). എക്സ്.എം.എ(എ) എന്നിങ്ങനെ രണ്ടു മോഡലുകളെ പുതിയതായി അവതരിപ്പിച്ചത്. നെക്സോൺ എക്സ്.എം(എസ്)ന് 8.36 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. നെക്സോണിന്‍റെ ഉയർന്ന വേരിയന്‍റുകളിൽ മാത്രമുള്ള ഇലക്ട്രിക് സൺറൂഫ്, ഓട്ടോമാറ്റിക് ഹെഡ് ലാംപ്, റെയിൻ സെൻസിങ് വൈപ്പർ, സ്റ്റിയറിങ് മൌണ്ടഡ് കൺട്രോൾസ് എന്നീ സവിശേഷതകളും എക്സ്.എം(എസ്)-ൽ ഉണ്ട്.

ഇതുവരെ ബിഎസ്ആറ് എൻജിനോടെയെത്തുന്ന ഹോണ്ട ജാസ് സെഡ്എക്സ് ആയിരുന്നു സൺറൂഫോടെ ലഭ്യമായിരുന്ന ഏറ്റവും വില കുറഞ്ഞ കാർ. എന്നാൽ ജാസിന്റെ ഷോറൂം വില 8.74 ലക്ഷം രൂപയായിരുന്നു. ടാറ്റ നെക്സോണിന്റെ പുതിയ പതിപ്പുകൾ എത്തിയതോടെ സൺറൂഫുള്ള കാറിന്റെ വിലയിൽ 37,000 രൂപയോളം കുറവു വന്നു. 

മേൽപറഞ്ഞ അധിക ഫീച്ചറുകൾ കൂടാതെ നിലവിലുള്ള നെക്സോൺ എക്സ്.എം- ൽ ഉള്ള ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, പ്രൊജക്ടർ ഹെഡ് ലാംപിനൊപ്പമുള്ള എൽഇഡി ഡിആർഎലുകൾ, ഡ്രൈവർ-കോ ഡ്രൈവർ എയർബാഗുകൾ, ഹിൽ ഹോൾഡ് കൺട്രോൾ, ഹാർമന്‍റെ കണക്ട്നെക്സ്റ്റ് ഇൻഫോടെയിൻമെന്‍റ് സിസ്റ്റം, മൾട്ടി ഡ്രൈവ് മോഡുകൾ(എക്കോ, സിറ്റി, സ്പോർട്) എന്നിവയും പുതിയ വേരിയന്‍റിലുണ്ടാകും.

കോംപാക്ട് എസ്.യു.വി സെഗ്മെന്‍റിൽ കടുത്ത മത്സരമാണ് നടക്കുന്നത്. ഫോർഡ് എക്കോസ്പോർട്ട് , മാരുതി സുസുക്കി ബ്രെസ, ഹ്യുണ്ടായി വെന്യൂ, മഹീന്ദ്ര എക്സ്.യു.വി 300, എന്നിവയാണ് ഈ രംഗത്ത് മത്സരാര്‍ത്ഥികള്‍. എന്നാൽ ഈ മാസം തന്നെ കിയയുടെ സോണെറ്റ്, ടയോട്ടയുടെ അർബൻ ക്രൂയിസർ എന്നിവ കൂടി വരുന്നതോടെ മൽസരം കൂടുതൽ കനക്കും. ബുക്കിങ് തുടങ്ങിയ സോണെറ്റിന് ഇതുവരെ 6500ൽ ഏറെ ബുക്കിങ് ലഭിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് നെക്സോൺ നിലവിലെ വേരിയന്‍റ് കൂടുതൽ പരിഷ്ക്കരിച്ച് എക്സ്.എം(എസ്) എന്ന മോഡൽ പുറത്തിറക്കാൻ ടാറ്റയെ പ്രേരിപ്പിച്ചത്.

2017 സെപ്റ്റംബറിലാണ് ടാറ്റ ആദ്യ നെക്സോണിനെ വിപണിയില്‍ അവതരിപ്പിക്കുന്നത്. മാറ്റമില്ലാത്തെ ഡിസൈനില്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ടാറ്റ അതെല്ലാം കാറ്റില്‍പ്പറത്തുന്ന ഡിസൈന്‍ മികവ് സ്വന്തമാക്കിയാണ് പുതിയ താരത്തെ പുറത്തിറക്കിയത്. മൂന്നരവർഷം കൊണ്ടാണ് ടാറ്റ മോട്ടോഴ്‌സ് നെക്‌സോണിനെ രൂപ കല്പന ചെയ്‍ത് അവതരിപ്പിച്ചത്. 17 ലക്ഷം കി.മീ. പ്രിലോഞ്ച് ടെസ്റ്റ് ഡ്രൈവ് നടത്തി. മൈനസ് 20 മുതൽ പ്ലസ് 50 വരെയുള്ള കാലാവസ്ഥകളിൽ ഓടിച്ചു. സമുദ്ര നിരപ്പുമുതൽ 18,000 അടി ഉയരെ വരെ ഓടിച്ചു കയറ്റി. അങ്ങനെ കർശനമായ പരീക്ഷണ നിരീക്ഷണങ്ങൾക്കു ശേഷമാണ് നെക്‌സോൺ അന്തിമരൂപം പ്രാപിച്ചത്.

Follow Us:
Download App:
  • android
  • ios