രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‍സ് പുതിയ വാഹനങ്ങള്‍ക്കിടാന്‍ മൂന്നു പുതിയ പേരുകള്‍ രജിസ്റ്റർ ചെയ്‍തെന്ന് റിപ്പോര്‍ട്ട്.

എപിക്, സ്‍പൈക്, ടൗറോ എന്നീ പേരുകൾ ഉപയോഗിക്കാനുള്ള അവകാശത്തിനായി ട്രേയ്ഡ് മാർക്ക് രെജിസ്ട്രിയിൽ ടാറ്റ മോട്ടോർസ് അപേക്ഷ സമർപ്പിച്ചെന്ന് കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ പേരുകൾ അനുവദിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.  എന്നാൽ, ടാറ്റയുടെ പണിപ്പുരയിലുള്ള ഏതു വാഹനത്തിനാണ് മേല്‍പ്പറഞ്ഞ പേരുകൾ നൽകുക എന്ന് വ്യക്തമല്ല.

ഗ്രാവിറ്റാസ് എസ്‌യുവി ആണ് ടാറ്റയിൽ നിന്നും അടുത്തതായി പുറത്തിറങ്ങാൻ പോകുന്നതെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. ഹാരിയറിന്റെ 7 സീറ്റർ പതിപ്പാണ് ഗ്രാവിറ്റാസ്. മേല്പറഞ്ഞ പുത്തൻ പേരുകൾ ഗ്രാവിറ്റാസ് എസ്‌യുവിയ്ക്ക് ഉള്ളതല്ല. ഇ-വിഷൻ ഇലക്ട്രിക്ക് സെഡാൻ ആണ് ടാറ്റയിൽ നിന്നും എത്താൻ പോകുന്ന മറ്റൊരു പ്രധാന മോഡൽ.

2019 ഫ്രാങ്ക്ഫർട്ട് മോട്ടോർ ഷോയിൽ പ്രദർശിപ്പിച്ച ഇലക്ട്രിക്ക് സെഡാൻ കൺസെപ്റ്റ് തീർച്ചയായും ടാറ്റ മോട്ടോഴ്സിന്റെ ഇലക്ട്രിക്ക് വാഹന നിരയിലെ പ്രധാന താരമായിരിക്കും. ഈ വാഹനം എന്ന് വിപണിയിൽ എത്തുമെന്ന് വ്യക്തമല്ല. എപിക്, സ്പൈക്, ടൗറോ പേരുകളിൽ ഒരെണ്ണം ഈ ഇലക്ട്രിക്ക് സെഡാനു നല്‍കിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.