Asianet News MalayalamAsianet News Malayalam

പെട്രോള്‍ വിലയെ പേടിക്കേണ്ട; ടിയാഗോ, ടിഗോര്‍ പുതിയ പതിപ്പുകളുമായി ടാറ്റ!

പെട്രോളും ഡീസലും വേണ്ടേവേണ്ട. ജനപ്രിയ മോഡലുകളായ ടിയാഗൊയുടെയും ടിഗോറിന്റെയും പുതിയ പതിപ്പുമായി ടാറ്റ

Tata Tiago And Tigor CNG Variants Spotted Testing Again
Author
Mumbai, First Published Mar 2, 2021, 9:08 AM IST

ജനപ്രിയ മോഡലുകളായ ടിയാഗൊയുടെയും ടിഗോറിന്റെയും സിഎന്‍ജി മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നതിനുള്ള ഒരുക്കത്തിലാണ് ടാറ്റ മോട്ടോഴ്‍സ് എന്ന് റിപ്പോര്‍ട്ട്. 

രണ്ട് മോഡലുകളും മുമ്പ് നിരവധി തവണ പരീക്ഷണയോട്ടം നടത്തുന്നതിന്റെ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഇപ്പോള്‍ മഹാരാഷ്ട്രയിലെ ലോണാവാലയിലേക്കുള്ള ഘട്ട് മേഖലയില്‍ റോഡ് പരിശോധനകള്‍ നടത്തുന്നതിനിടെ വീണ്ടും സിഎന്‍ജി വേരിയന്റുകള്‍ കണ്ടെത്തിയതായി കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന വേരിയന്റുകള്‍ ലൈനപ്പില്‍ ചേര്‍ത്തുകൊണ്ട് ടിയാഗൊ, ടിഗോര്‍ ശ്രേണി വിപുലീകരിക്കാനാണ് കമ്പനിയുടെ നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍.  പൂര്‍ണമായും മൂടിക്കെട്ടിയായിരുന്നു ഇരുമോഡലുകളുടെയും പരീക്ഷണയോട്ടം. രണ്ട് മോഡലുകളും ടിയാഗൊയുടെയും ടിഗോറിന്റെയും ഫെയ്സ്ലിഫ്റ്റ് മോഡലുകളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്നാണ് സൂചന. കാറുകളില്‍ ഡിസൈന്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നില്ല.

കമ്പനി ടിയാഗൊയുടെയും ടിഗോറിന്റെയും ഫെയ്സ്ലിഫ്റ്റ് മോഡലുകള്‍ 2020 ജനുവരിയില്‍ അവതരിപ്പിച്ചിരുന്നു. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനോടെയാണ് ബിഎസ് VI മോഡലുകള്‍ അവതരിപ്പിച്ചത്.  ടിയാഗൊയുടെയും ടിഗോറിന്റെയും അപ്‌ഡേറ്റുചെയ്ത ബിഎസ് VI പതിപ്പുകള്‍ക്ക് നവീകരിച്ച ഗ്രില്‍, പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ഡിആര്‍എല്‍, ഫോഗ് ലാമ്പുകള്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന, എല്‍ഇഡി ഹൈ മൗണ്ട് സ്റ്റോപ്പ് ലാമ്പ്, എല്‍ഇഡി ടൈല്‍ലൈറ്റുകള്‍ എന്നീ സവിശേഷതകള്‍ ലഭിക്കുന്നു.

ചെറിയ 1.05 ലിറ്റര്‍ റിവോട്ടോര്‍ക്ക് ഡീസല്‍ മോട്ടോര്‍ നിര്‍ത്തലാക്കുകയും ചെയ്തിരുന്നു. വരാനിരിക്കുന്ന ടിയാഗൊ സിഎന്‍ജിക്ക് 1.2 ലിറ്റര്‍ റിവോട്രോണ്‍ പെട്രോള്‍ എഞ്ചിന്‍ ലഭിച്ചേക്കുമെന്നാണ് സൂചന. മാരുതി സുസുക്കി വാഗണ്‍ആര്‍ സിഎന്‍ജി, ഹ്യുണ്ടായി സാന്‍ട്രോ സിഎന്‍ജി തുടങ്ങിയ മോഡലുകളായിരിക്കും വിപണിയില്‍ ടിയാഗൊ സിഎന്‍ജിയുടെ എതിരാളികള്‍.  ഹ്യൂണ്ടായ് ഓറ സിഎന്‍ജിക്കെതിരെയാകും ടിഗോര്‍ സിഎന്‍ജി മത്സരിക്കുക. ഈ വര്‍ഷാവസാനം ഇരു മോഡലുകളും കമ്പനി വിപണിയില്‍ അവതരിപ്പിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

Follow Us:
Download App:
  • android
  • ios