ജനപ്രിയ വാഹനം ടാറ്റ ടിയാഗൊ എന്‍ആര്‍ജിയുടെ എഎംടി ഇന്ത്യന്‍ വിപണിയിലെത്തി. NRG എഡിഷന്റെ പെട്രോള്‍ പതിപ്പില്‍ മാത്രമേ എഎംടി ഗിയര്‍ബോക്സ് ലഭ്യമാവുകയുള്ളൂ. 6.15 ലക്ഷം രൂപയാണ് വാഹനത്തിന്‍റെ വില. 

1.2 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ തന്നെയാണ് കാറിന്‍റെ ഹൃദയം. 84 bhp കരുത്തും 114 Nm ടോര്‍ഖും ഈ എഞ്ചിന്‍ പരമാവധി സൃഷ്ടിക്കും. 1.05 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ടര്‍ബ്ബോ ഡീസല്‍ യൂണിറ്റും ടിയാഗൊ NRG എഡിഷനിലുണ്ട്. 69 bhp കരുത്തും 140 Nm ടോര്‍ഖും ഈ ഡീസല്‍ എഞ്ചിന്‍ സൃഷ്‍ടിക്കും. 

മുന്നിലെ കറുപ്പു നിറത്തിള്ള ഗ്രില്ല്, വലിയ എയര്‍ഡാം, അലൂമിനിയം സ്‌കിഡ് പ്ലേറ്റുകള്‍, കറുത്ത റൂഫ് റെയിലുകള്‍, അലോയ് വീലുകള്‍ കണക്കെയുള്ള 14 ഇഞ്ച് സ്റ്റീല്‍ വീലുകള്‍, മേല്‍ക്കൂരയിലെ  സ്പോയിലര്‍  തുടങ്ങിയവ ടിയാഗൊ എന്‍ആര്‍ജിയുടെ  സവിശേഷതകളാണ്. മാരുതി സുസുകി സെലെറിയോ എക്‌സ്, മഹീന്ദ്ര കെയുവി 100 എന്‍എക്‌സ്ടി എന്നിവയാണ് വാഹനത്തിന്‍റെ പ്രധാന എതിരാളികള്‍.

2016 ഏപ്രിലില്‍ ഡീസൽ, പെട്രോൾ വകഭേദങ്ങളില്‍ നിരത്തിലിറങ്ങിയ ടാറ്റ ടിയാഗോ പുറത്തിറങ്ങി ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ വിപണിപിടിച്ചിരുന്നു.