ഇലക്ട്രിക്ക് വാഹന നിർമാതാക്കളായ ടെസ്‌ലയുടെ ഇടത്തരം വൈദ്യുത എസ്‌യുവി ആയ മോഡൽ വൈയുടെ വില കുറച്ചു. 3,000 ഡോളറിന്റെ ഇളവാണു ഈ വാഹനത്തിന് ടെസ്‌ല കിഴിവായി നൽകുന്നത്. ഏകദേശം 2.26 ലക്ഷം ഇന്ത്യന്‍ രൂപയോളം വരും ഇത്.

ടെസ്‌ല അവതരിപ്പിക്കുന്ന മോഡൽ വൈയുടെ പുതുക്കിയ വില കമ്പനി വെബ്സൈറ്റ് പ്രകാരം 49,990 ഡോളർ ആണ്. ഇത് ഏകദേശം 37.59 ലക്ഷം രൂപയോളം വരും. ദീർഘ ദൂര സഞ്ചാര ശേഷിയുള്ള, പ്രകടനക്ഷമതയേറിയ വാഹനമാണ് ടെസ്‍ല മോഡല്‍ വൈ.

മോഡൽ വൈ വിപണിയിൽ ലാഭകരമായി മാറിയതായി ഏപ്രിലിൽ ടെസ്ല പറഞ്ഞിരുന്നു. ഏതെങ്കിലും ഒരു മോഡൽ കമ്പനി ചരിത്രത്തിൽതന്നെ സാമ്പത്തിക വർഷത്തിന്റെ ഒന്നാം ത്രൈമാസത്തിൽ തന്നെ ലാഭകരമായി മാറുന്ന ആദ്യ സംഭവവുമാണിതെന്ന് ടെസ്‌ല വിശദീകരിച്ചിരുന്നു.

96,050 വാഹനങ്ങൾ തുടർന്നുള്ള മൂന്നു മാസത്തിനിടെ വിറ്റെന്നും ഇതിൽ 80,050 എണ്ണം മോഡൽ വൈയും മോഡൽ 3യുമായിരുന്നുയെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. 2019 മാർച്ച് 14നാണ് മോഡൽ വൈയെ ടെസ്‍ല അവതരിപ്പിച്ചത്. യൂറോപ്പിലെ വിവിധ നിർമാതാക്കൾ വൈദ്യുത മോഡലുകൾ പുറത്തിറക്കിയതോടെ ശക്തമായ മത്സരമാണ് ‘മോഡൽ വൈ’ നേരിട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍.