അമേരിക്കൻ ഇലക്ട്രിക് കാർ നിർമ്മാതാക്കളായ ടെസ്‌ല ഇന്ത്യയിൽ ആദ്യത്തെ ചാർജിംഗ് സ്റ്റേഷൻ മുംബൈയിൽ തുറന്നു. മോഡൽ വൈ അവതരിപ്പിച്ച് ആഴ്ചകൾക്കുള്ളിൽ ബാന്ദ്ര-കുർള കോംപ്ലക്സിലെ വൺ ബികെസിയിലാണ് സ്റ്റേഷൻ തുറന്നത്. 

മേരിക്കൻ ഇലക്ട്രിക് കാർ നിർമ്മാതാക്കളായ ടെസ്‌ല ഇന്ത്യയിൽ ആദ്യത്തെ ചാർജിംഗ് സ്റ്റേഷൻ തുറന്നു. മോഡൽ വൈ ഇന്ത്യയിൽ ഔദ്യോഗികമായി അവതരിപ്പിച്ച് ആഴ്ചകൾക്കുള്ളിൽ ആണ് ബാന്ദ്ര-കുർള കോംപ്ലക്സിലെ വൺ ബികെസിയിൽ കാർ നിർമ്മാതാവ് തങ്ങളുടെ ചാർജിംഗ് സ്റ്റേഷൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. മുംബൈയിൽ ഉടൻ തന്നെ മൂന്ന് ചാർജ്ജിംഗ് സ്റ്റേഷനുകൾ കൂടി തുറക്കാൻ കമ്പനി പദ്ധതിയിടുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.

ബാന്ദ്ര-കുർള കോംപ്ലക്സിലെ വൺ ബികെസിയിൽ പുതുതായി ആരംഭിച്ച ചാർജിംഗ് സ്റ്റേഷനിൽ നാല് V4 സൂപ്പർചാർജിംഗ് സ്റ്റാളുകളും നാല് ഡെസ്റ്റിനേഷൻ ചാർജിംഗ് സ്റ്റാളുകളും ഉൾപ്പെടുന്നു. ചാർജിംഗ് സ്റ്റേഷനെക്കുറിച്ചുള്ള വിവരങ്ങൾ നൽകിക്കൊണ്ട്, സൂപ്പർചാർജിംഗ് സ്റ്റാളുകൾ 250 kW ഫാസ്റ്റ് ചാർജിംഗ് വേഗത വാഗ്ദാനം ചെയ്യുന്നുവെന്ന് കമ്പനി പറഞ്ഞു. ഇതിന് kW ന് 24 രൂപ ചിലവാകും. അതേസമയം, ഡെസ്റ്റിനേഷൻ ചാർജറുകൾ kW ന് 14 രൂപ നിരക്കിൽ 11 kW വേഗതയിൽ ചാർജിംഗ് വാഗ്ദാനം ചെയ്യുന്നു. 2025 സെപ്റ്റംബർ പാദത്തോടെ ഇന്ത്യയിൽ മൂന്ന് ചാർജിംഗ് സ്റ്റേഷനുകൾ കൂടി തുറക്കുമെന്ന് ടെസ്‌ല പറയുന്നു. ലോവർ പരേൽ, താനെ, നവി മുംബൈ എന്നിവിടങ്ങളിലായിരിക്കും ഈ സ്റ്റേഷനുകൾ. ഇലക്ട്രിക് വാഹനങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുക എന്നതാണ് കമ്പനിയുടെ ശ്രദ്ധ.

ടെസ്‌ലയുടെ ഇടത്തരം ഇലക്ട്രിക് എസ്‌യുവിയായ ടെസ്‌ല മോഡൽ വൈയുടെ രണ്ട് വകഭേദങ്ങൾ വിപണിയിൽ ലഭ്യമാണ്. ഇതിന്റെ റിയർ-വീൽ ഡ്രൈവ് വേരിയന്റിന് 59.89 ലക്ഷം മുതൽ വില ആരംഭിക്കുന്നു. ലോംഗ്-റേഞ്ച് റിയർ-വീൽ ഡ്രൈവ് വേരിയന്റിന് 67.89 ലക്ഷം മുതൽ വിലയുണ്ട്. അടിസ്ഥാന വേരിയന്റിന്റെ ഡെലിവറി 2025 മൂന്നാം പാദം മുതൽ ആരംഭിക്കും. അതേസമയം ലോംഗ്-റേഞ്ച് വേരിയന്റിന്റെ ഡെലിവറി നാലാം പാദത്തിൽ (ഒക്ടോബർ-ഡിസംബർ) ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എങ്കിലും, സ്ഥിരീകരിച്ച ഡെലിവറി തീയതിയെക്കുറിച്ച് ഇതുവരെ ഔദ്യോഗിക വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല.

ജൂലൈ 15 നാണ് ടെസ്‌ല ഇന്ത്യയിൽ പ്രവേശിച്ചത്. 59.89 ലക്ഷം രൂപയിൽ ആരംഭിക്കുന്ന വിലയുള്ള മോഡൽ വൈ കമ്പനി പുറത്തിറക്കി. ഇതോടൊപ്പം, കമ്പനി ഇവിടെ ആദ്യത്തെ എക്സ്പീരിയൻസ് സെന്ററും തുറന്നിട്ടുണ്ട്. ഉയർന്ന ഇറക്കുമതി തീരുവ കാരണം കമ്പനി മുമ്പ് ഇന്ത്യയിൽ പ്രവേശിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ ഷാങ്ഹായ് പ്ലാന്റിൽ നിന്ന് പൂർണ്ണമായും നിർമ്മിച്ച യൂണിറ്റായി (CBU) കാറുകൾ ഇന്ത്യയിൽ വിൽക്കാനാണ് കമ്പനിയുടെ നീക്കം.