കൊറോണ വ്യാപനത്തെത്തുടര്‍ന്ന് അടച്ചിട്ട പ്ലാന്‍റുകള്‍ വീണ്ടും തുറക്കാന്‍ അമേരിക്കന്‍ ഇലക്ട്രിക്ക് വാഹന ഭീമനായ ടെസ്‍ല ഒരുങ്ങുന്നു. എന്നാല്‍ കാറുകള്‍ ആയിരിക്കില്ല ഇവിടെ നിര്‍മ്മിക്കുകയെന്ന് മാത്രം. രാജ്യത്തെ കൊറോണ ബാധിതരുടെ ജീവന്‍ രക്ഷിക്കാനുള്ള വെന്റിലേറ്ററുകളായിരിക്കും.

അമേരിക്കയിലെ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്‍തതിനു പിന്നാലെയാണ് ടെസ്‌ലയുടെ ന്യൂയോര്‍ക്കിലുള്ള ജിഗാ ഫാക്ടറിയാണ് വീണ്ടും തുറന്നത്. ജീവനക്കാര്‍ക്ക് നിര്‍മിക്കാന്‍ കഴിയുന്നതിന്റെ പരമാവധി വെന്റിലേറ്ററുകള്‍ ഇവിടെ നിര്‍മിക്കും. 

ടെസ്‌ലയാണ് വെന്റിലേറ്റര്‍ നിര്‍മാണത്തിന് സന്നദ്ധതയറിയിച്ച് ആദ്യം രംഗത്തെത്തിയത്. ഇതിനുപിന്നിലെ മറ്റ് അമേരിക്കന്‍ വാഹന നിര്‍മാണ കമ്പനികളായ ഫോര്‍ഡും ജനറല്‍ മോട്ടോഴ്‌സും മുന്നോട്ടുവന്നു. ജിഇ ഹെല്‍ത്ത് കെയറിന്റെ സഹായത്തോടെയായിരിക്കും ഫോര്‍ഡ് വെന്റിലേറ്ററുകള്‍ നിര്‍മിക്കുക. ഒപ്പം ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ സഹായത്തോടെ കൂടുതല്‍ രാജ്യങ്ങളിലേക്കുള്ള വെന്റിലേറ്റര്‍ നിര്‍മാണത്തിനും ഫോര്‍ഡ് ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അമേരിക്കന്‍ മെഡിക്കല്‍ ഉപകരണ നിര്‍മാതാക്കളായ വെന്റാക്കുമായി ചേര്‍ന്നാണ് ജനറല്‍ മോട്ടോഴ്‌സ് വെന്റിലേറ്റര്‍ നിര്‍മിക്കുന്നത്. ജനറല്‍ മോട്ടോഴ്‌സിന്റെ ഇന്‍ഡ്യാനയിലെ കൊക്കോമോ പ്ലാന്റിലായിരിക്കും വെന്റിലേറ്റര്‍ നിര്‍മിക്കുക. രണ്ടുലക്ഷത്തോളം വെന്റിലേറ്ററുകലാണ് ഇരുകമ്പനികളും നിര്‍മിക്കുക.