പാകിസ്ഥാന്റെ ദേശീയ വിമാനക്കമ്പനിയായ പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈസിന്റെ, 91  യാത്രക്കാരെയും 7 കാബിൻ ക്രൂവിനെയും വഹിച്ചുകൊണ്ട് പറന്നുയർന്ന എയർബസ് A320 വിമാനം PK 8303 കഴിഞ്ഞ ദിവസം കറാച്ചി വിമാനത്താവളത്തിന് സമീപമുള്ള ജിന്ന ഗാർഡൻ ഏരിയയിൽ തകർന്നുവീണിരുന്നു. രണ്ടു യാത്രികർ മാത്രം അത്ഭുതകരമായി രക്ഷപെട്ട ഈ അപകടത്തിൽ ബാക്കി 96 പേരും കൊല്ലപ്പെട്ടു.  

ജനവാസമേറിയ കോളനിയിലെ വഴിയിലേക്ക് ഇടിച്ചിറങ്ങിയ വിമാനം നിലം തൊട്ടപാടേ പൊട്ടിത്തെറിച്ച് കത്തിയമരുകയായിരുന്നു. ഭൂരിഭാഗം യാത്രക്കാരുടെയും മൃതദേഹങ്ങൾ ചിതറിത്തെറിക്കുകയും തിരിച്ചറിയാൻ സാധിക്കാത്ത വിധം കത്തിക്കരിഞ്ഞു പോവുകയും ചെയ്തു. ഇനി അധികൃതരുടെ മുന്നിലുള്ളത് ഏറെ ദുഷ്കരമായ ഒരു ജോലിയാണ്. മരിച്ചവർ ആരൊക്കെ എന്നത് സംബന്ധിച്ച സ്ഥിരീകരണമാണത്. വിമാനത്തിന്റെ പാക്സ് ലിസ്റ്റിൽ ടേക്ക് ഓഫ്  ചെയ്തവരുടെ പേര് വിവരങ്ങൾ ഉണ്ട് എങ്കിലും, അവർ യഥാർത്ഥത്തിൽ ആ ക്രാഷിൽ മരിച്ചു എന്ന് ഉറപ്പിക്കേണ്ട ചുമതല അധികൃതർക്കുണ്ട്. 

 

 

അതിന് അവർ ഇനി ആശ്രയിക്കാൻ പോകുന്നത് ഡിഎൻഎ സാങ്കേതിക വിദ്യയെ ആണ്. കറാച്ചി സർവകലാശാലയുടെ ഫോറൻസിക് DNA ലബോറട്ടറി ആണ് ഈ ദുഷ്കര ദൗത്യത്തിൽ ആരോഗ്യവകുപ്പിന്റെ സഹായിക്കാൻ പോകുന്നത് എന്ന് ജിയോ ടിവി റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഡിഎൻഎ മാച്ചിങ് ചെയ്യാൻ വേണ്ടി യാത്രക്കാരുടെ ലിസ്റ്റിൽ പെട്ടവരുടെ ബന്ധുക്കളോട് സാമ്പിൾ കളക്ഷനുവേണ്ടി ഹാജരാകാൻ അധികൃതർ ആവശ്യപ്പെട്ടു കഴിഞ്ഞു. 

എന്താണ് ഡി.എന്‍.എ. ടെസ്റ്റ്?
 
പാരമ്പര്യമായി പകര്‍ന്നു കിട്ടുന്ന കോശത്തിനകത്തുള്ള ജനിതക സ്വഭാവമുള്ള ഘടകമാണ് ഡി.എന്‍.എ. ഇത് ഓരോ കോശത്തിനകത്തേയും നൂക്ലിയസിനകത്താണ് കാണുന്നത്. ഈ സ്വഭാവ സവിശേഷതകള്‍ പകുതി അച്ഛനില്‍ നിന്നും പകുതി അമ്മയില്‍ നിന്നുമാണ് മക്കളിലേക്ക് പാരമ്പര്യമായി കിട്ടുന്നത്. എന്നുകരുതി ഒരേ അച്ഛനും അമ്മയ്ക്കും ജനിക്കുന്ന മക്കള്‍ക്ക് ഒരേ സ്വഭാവം ആയിരിക്കില്ല. ഇവരുടെ ഡിഎന്‍എയുടെ പ്രകടനത്തിലെ വ്യത്യാസമാണ് ഇതിന് കാരണം.  

 

 

അച്ഛന്‍, അമ്മ, മക്കള്‍, അടുത്ത രക്തബന്ധു എന്നിവരുടെ ഡിഎന്‍എകള്‍ തമ്മില്‍ സാമ്യം ഉണ്ടാകും. ഇത് ആധാരമാക്കിയാണ് ഡിഎന്‍എ ടെസ്റ്റ് നടത്തുന്നത്. അടുത്ത രക്തബന്ധുവിന്റെ രക്തമാണ് ഡിഎന്‍എ ടെസ്റ്റിനായി അയയ്ക്കുന്നത്. മരിച്ചയാളുടെ പല്ല്, രക്തം, പേശി, അസ്ഥി മജ്ജ, വേരോടെയുള്ള തലമുടി എന്നിവയിലേതെങ്കിലും കിട്ടുന്ന മുറയ്ക്കാണ് ഡിഎന്‍എ ടെസ്റ്റിനായി എടുക്കുന്നത്. വിമാനാപകടം നടന്ന സ്ഥലം ഇത്തരം സാമ്പിളുകൾക്കായി അരിച്ചു പെരുകുകയാണ് ടെക്‌നീഷ്യന്മാർ. മേല്പറഞ്ഞവയുടെ സാമ്പിളുകള്‍ എടുത്ത് സീല്‍ ചെയ്ത കവറില്‍ ഇട്ട് ടെസ്റ്റിങ്ങിനായി പറഞ്ഞയക്കുന്നു.

അപകടത്തിന് പിന്നിലെ ദുരൂഹത 

വിമാനത്തിന് തകരാറുണ്ട് എന്ന് പൈലറ്റ് അവസാനമായി അറിയിച്ചപ്പോൾ ATC രണ്ടു റൺവേകളിൽ ഏതുവേണമെങ്കിലും ലാൻഡിങ്ങിനുപയോഗിച്ചുകൊള്ളാൻ അനുമതി നൽകിയിരുന്നു എങ്കിലും, പൈലറ്റ് അങ്ങനെ ചെയ്യുന്നതിന് പകരം അടുത്തുള്ള ജനവാസകേന്ദ്രത്തിലേക്ക് വിമാനം ഇടിച്ചിറക്കുകയാണുണ്ടായത്. വിമാനത്തിന്റെ മുൻ ഭാഗം നിയന്ത്രണമില്ലാതെ ഉയരുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ഈ അപകടത്തിലേക്ക് നയിച്ച സാങ്കേതിക കാരണമെന്ത് എന്നത് സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്.