ഇപ്പോൾ പുറത്തുവന്ന ഏറ്റവും പുതിയ സ്പൈ ഇമേജുകൾ വാഹനത്തിന്‍റെ നെയിംപ്ലേറ്റിന് അടുത്തായി ഒരു പ്രത്യേക 'E' ബാഡ്‍ജ് ഉള്ള മോഡലിനെ കാണിക്കുന്നു.
2025 സെപ്റ്റംബർ 3 ന് മാരുതി സുസുക്കി ഒരു പുതിയ എസ്‌യുവി പുറത്തിറക്കാൻ ഒരുങ്ങുകയാണ്. കമ്പനി അവതരിപ്പിക്കാൻ ഒരുങ്ങുന്ന ഈ ഉൽപ്പന്നത്തിന്റെ പേര്, ഫീച്ചറുകൾ, വിശദാംശങ്ങൾ എന്നിവ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും, അതിനെ മാരുതി എസ്‌കുഡോ എന്ന് വിളിക്കാനാണ് സാധ്യത എന്നാണ് റിപ്പോർട്ടുകൾ. ഗ്രാൻഡ് വിറ്റാരയെ അടിസ്ഥാനമാക്കി മാരുതിയിൽ നിന്നുള്ള ഒരു പുതിയ മിഡ്‌സൈസ് ഹൈബ്രിഡ് എസ്‌യുവി ആയിരിക്കും ഇതെന്ന് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇപ്പോൾ പുറത്തുവന്ന ഏറ്റവും പുതിയ സ്പൈ ഇമേജുകൾ വാഹനത്തിന്‍റെ നെയിംപ്ലേറ്റിന് അടുത്തായി ഒരു പ്രത്യേക 'E' ബാഡ്‍ജ് ഉള്ള മോഡലിനെ കാണിക്കുന്നു. ഇത് ഗ്രാൻഡ് വിറ്റാരയുടെ ഇലക്ട്രിക് പതിപ്പായിരിക്കാം എന്നോ അല്ലെങ്കിൽ മാരുതി എസ്‍ക്യുഡോ എന്ന പേരിൽ ഇ വിറ്റാര പുറത്തിറക്കിയേക്കാം എന്നോ സൂചന നൽകുന്നു. ഔദ്യോഗിക സ്ഥിരീകരണം ഇപ്പോഴും കാത്തിരിക്കുന്നു. അതേസമയം മാരുതി ഇ വിറ്റാരയെക്കുറിച്ചും മാരുതിയുടെ ഗ്രാൻഡ് വിറ്റാര അടിസ്ഥാനമാക്കിയുള്ള പുതിയ മിഡ്‌സൈസ് എസ്‌യുവിയെക്കുറിച്ചും ഇതുവരെ നമുക്ക് അറിയാവുന്ന പ്രധാന വിവരങ്ങൾ നോക്കാം.
ഈ വർഷത്തെ ഭാരത് മൊബിലിറ്റി ഷോയിലാണ് മാരുതി ഇ വിറ്റാര ആദ്യമായി പ്രദർശിപ്പിച്ചത്. ടൊയോട്ടയുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത സ്കേറ്റ്ബോർഡ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് എസ്‌യുവി എന്ന് കമ്പനി സ്ഥിരീകരിച്ചു. ബിവൈഡിയിൽ നിന്ന് കടമെടുത്ത 49kWh, 61kWh എന്നീ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളുമായാണ് ഇ വിറ്റാര വരുന്നത്.
ഇവ ഫ്രണ്ട്-ആക്‌സിൽ മൗണ്ടഡ് മോട്ടോറുകളുമായി ജോടിയാക്കപ്പെടും. ഇത് യഥാക്രമം 143bhp ഉം 173bhp ഉം പവർ നൽകുന്നു. രണ്ട് വകഭേദങ്ങളുടെയും ടോർക്ക് ഔട്ട്‌പുട്ട് 192.5Nm ആണ്. വലിയ ബാറ്ററി പായ്ക്കുള്ള ഇ-വിറ്റാര പൂർണ്ണ ചാർജിൽ 500 കിലോമീറ്ററിലധികം എംഐഡിസി സാക്ഷ്യപ്പെടുത്തിയ റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് മാരുതി സുസുക്കി സ്ഥിരീകരിച്ചു.
ഹ്യുണ്ടായി ക്രെറ്റയ്ക്കും കിയ സെൽറ്റോസിനും വെല്ലുവിളി ഉയർത്തുന്നതിനായി പുതിയ മാരുതി മിഡ്‌സൈസ് എസ്‌യുവി (മാരുതി എസ്‌ക്യുഡോ എന്ന് പേരിട്ടിരിക്കാം) അരീന ഡീലർഷിപ്പ് ചാനൽ വഴി മാത്രമായി വിൽക്കും. ഇതിന്റെ ഔദ്യോഗിക സവിശേഷതകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും, ഗ്രാൻഡ് വിറ്റാരയുമായി 103 ബിഎച്ച്പി, 1.5 ലിറ്റർ പെട്രോൾ, 116 ബിഎച്ച്പി ഹൈബ്രിഡ്, 88 ബിഎച്ച്പി സിഎൻജി പവർട്രെയിനുകൾ പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സുകൾ എന്നിവ ഓഫറിൽ ഉണ്ടാകും.
മാരുതി സുസുക്കിയുടെ വാഹന നിരയിൽ ബ്രെസയ്ക്ക് മുകളിലും ഗ്രാൻഡ് വിറ്റാരയ്ക്ക് താഴെയുമായി എസ്ക്യൂഡോ സ്ഥാനം പിടിക്കും എന്നാണ് റിപ്പോർട്ടുകൾ. വിലയുടെ കാര്യത്തിൽ, ബ്രെസയുടെയും ഗ്രാൻഡ് വിറ്റാരയുടെയും വില ശ്രേണിയെ ഇത് മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നു.
