തൃശൂര്‍: റോഡ് നികുതി അടയ്ക്കാതെ ഓടിയ രണ്ട് ടൂറിസ്റ്റ് ബസുകള്‍ മോട്ടോര്‍ വാഹന വകുപ്പിന്‍റെ പരിശോധനയില്‍ കുടുങ്ങി. ഗുരുവായൂര്‍ തെക്കേനടയിലാണ് സംഭവം. ആര്‍ടിഒയുടെ സ്‍മാര്‍ട്ട് ട്രേസര്‍ എന്ന മൊബൈല്‍ അപ്ലിക്കേഷന്റെ സഹായത്തോടെയാണ് ബസുകളെ പിടിച്ചെടുത്തത്. 

വിവാഹ പാര്‍ട്ടിയുമായി ഗുരുവായൂരിലെത്തിയതായിരുന്നു ഇരുബസുകളും. തിരിച്ച് തൃശ്ശൂരിലേക്ക് പോകുമ്പോള്‍ തെക്കേ ഔട്ടര്‍ റിങ് റോഡില്‍വെച്ചായിരുന്നു സ്‍മാര്‍ട്ട് ട്രേസറിന്റെ സഹായത്തോടെ ബസുകളെ പിടിച്ചത്. 

ഇരു വാഹനങ്ങളും കൂടി പിഴയടക്കം 1,16,000 രൂപ അടക്കണം.  48,000 രൂപ റോഡ് നികുതിയും 10,000 രൂപ പിഴയും ചേര്‍ത്ത് 58,000 രൂപ വീതം ഇരു ബസുകാരും അടയ്ക്കണം. നികുതി അടച്ചശേഷം ബസുകള്‍ സര്‍വീസ് നടത്തിയാല്‍ മതിയെന്ന് നിര്‍ദേശിച്ച അധികൃതര്‍ ഇരു ബസുകളിലെയും യാത്രികര്‍ക്ക് വേറെ വാഹനവും ഏര്‍പ്പാടാക്കി നല്‍കി.