ഇന്ത്യന്‍ നിരത്തില്‍ പരീക്ഷണ ഓട്ടം നടത്തുന്ന ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ക്രോസ്ഓവർ സിഎച്ച്ആറിന്റെ ചിത്രങ്ങൾ പുറത്ത്. ബെംഗളൂരുവിലെ നൈസ് റോഡിൽ വാഹനത്തിന്റെ പരീക്ഷണ ഓട്ടത്തിന്റെ ചിത്രങ്ങളാണ് ക്യാമറയിൽ കുടുങ്ങിയത്. ഈ പുതിയ സിഎച്ച്ആറിനെ 2020 ദില്ലി  ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കോംപാക്റ്റ് ഹൈ റൈഡർ എന്നതിന്റെ ചുരുക്കപ്പേരാണ് സി–എച്ച്ആർ.  ടൊയോട്ടയുടെ TNGA മോഡുലാർ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയാണ് സിഎച്ച്ആർ ഒരുങ്ങുന്നത്. CBU അല്ലെങ്കിൽ CKD യൂണിറ്റുകളായിട്ടാവും സിഎച്ച്ആറിനെ രാജ്യത്ത് എത്തിക്കുക. ഇന്ത്യയിൽ കാംറിയുടെ താഴെയാവും വാഹനത്തിന്റെ സ്ഥാനം. സ്പോർട്ടിയറായ മുൻഭാഗം, മസ്കുലറായ വശങ്ങൾ, ആഡംബരം നിറഞ്ഞ ഉൾഭാഗം എന്നിവ സി–എച്ച്ആറിന്റെ പ്രത്യേകതകളാണ്. രൂപഭംഗിക്കും ഫീച്ചറുകൾക്കും മുൻതൂക്കം നൽകിയാണ് ഡിസൈൻ ആവിഷ്കരിച്ചിട്ടുള്ളത്.

പുതിയ കൊറോള പ്ലാറ്റ്ഫോമിൽ‌ നിർമിക്കുന്ന രണ്ടാമത്തെ വാഹനമാണ് സി–എച്ച്ആർ. ടൊയോട്ട ന്യൂ ഗ്ലോബൽ ആർക്കിടെക്ചർ പ്രകാരമാണ് എസ്‌യുവി നിർമിക്കുന്നത്. 2014 ലെ പാരീസ് ഓട്ടോഷോയിലും 2015 ഫ്രാങ്ക്ഫുട്ട് ഓട്ടോഷോയിലും ലോസ് ആഞ്ചലസ് ഓട്ടോഷോയിലും പ്രദർശിപ്പിച്ച ക്രോസ് ഓവർ എസ്‌യു‌വി കൺസെപ്റ്റിന്റെ പ്രൊ‍ഡക്ഷൻ പതിപ്പാണ് സി–എച്ച്ആർ.

1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ, 1.8 ലിറ്റർ ഹൈബ്രിഡ് പവർട്രെയിൻ, 2.0 ലിറ്റർ ഹൈബ്രിഡ് ഡൈനാമിക് ഫോഴ്‌സ് സിസ്റ്റം എന്നിങ്ങനെയുള്ള എഞ്ചിൻ ഓപ്ഷനുകളിലാണ് വാഹനം അന്താരാഷ്ട്ര വിപണിയിൽ എത്തുന്നത്. രണ്ട് ഇലക്ട്രിക് മോട്ടോർ-ജനറേറ്ററുകളുള്ള പുനർ‌രൂപകൽപ്പന ചെയ്ത ട്രാൻ‌സാക്സിലാണ് ഏറ്റവും വലിയ എഞ്ചിൻ‌ ഓപ്ഷനിൽ‌ ഉൾപ്പെടുത്തിയിരിക്കുന്നത്. 180 സെല്ലുകൾ ഉൾക്കൊള്ളുന്ന 216 V കപ്പാസിറ്റിയുള്ള നിക്കൽ-മെറ്റൽ ഹൈഡ്രൈഡ് (NiMH) ബാറ്ററി ഉപയോഗിക്കുന്നു. ഇവ പിൻ സീറ്റുകൾക്ക് താഴെയാണ് സ്ഥാപിച്ചിരിക്കുന്നത്.

ഡീസൽ മോ‍ഡൽ പുറത്തിറക്കാതെ പെട്രോൾ ഹൈബ്രിഡ് പതിപ്പിൽ മാത്രമാകും സി–എച്ച്ആർ ലഭിക്കുക. യുകെ വിപണിയിലുള്ള 1.8 ലീറ്റർ ഹൈബ്രിഡ് മോഡലിന് ഏകദേശം 26.3 കിലോമീറ്റർ ഇന്ധനക്ഷമത ടൊയോട്ട അവകാശപ്പെടുന്നുണ്ട്. ഈ എൻജിൻ തന്നെ ഇന്ത്യയിലെത്തിയാൽ ഏറ്റവുമധികം മൈലേജുള്ള പ്രീമിയം എസ്‌യുവിയും സിഎച്ആറാവും. യുവാക്കളെ ആകർഷിക്കാനായി സ്പോർട്ടിയറായി എത്തുന്ന കാറിന്റെ യൂറോപ്യൻ വകഭേദത്തിൽ 1.2 ലീറ്റർ ടർബോ ചാർജ്ഡ് പെട്രോൾ,1.8 ലീറ്റർ ഹൈബ്രിഡ്, 2 ലീറ്റർ എന്നീ എൻജിനുകളാണ്. ഇന്ത്യയിലെത്തുമ്പോൾ 122 ബിഎച്ച്പി കരുത്തുള്ള 1.8 ലീറ്റർ പെട്രോള്‍ ഹൈബ്രിഡ് എൻജിനായിരിക്കും ലഭിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

ബോൾഡ് സ്റ്റൈലിംഗ് ഘടകങ്ങളാണ് വാഹനത്തിന്റെ പ്രധാന ഡിസൈൻ സവിശേഷത. അഡാപ്റ്റീവ് ലൈറ്റിംഗ് സിസ്റ്റമുള്ള സ്റ്റൈലിഷ് പൂർണ്ണ-എൽഇഡി ഹെഡ്‌ലാമ്പുകൾ, കറുത്ത നിറത്തിലുള്ള റൂഫ്, നീല ഹൈലൈറ്റുകളുള്ള പൂർണ്ണമായും കറുത്ത നിറത്തിൽ സജ്ജീകരിച്ചിരിക്കുന്ന ഇന്റീരിയർ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവ ഉൾക്കൊള്ളുന്ന പുതിയ 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ് എന്നിവയാണ് ഏറ്റവും പുതിയ പതിപ്പിനുള്ള പുതിയ ഘടകങ്ങൾ.

വാഹനം ഈ വർഷം ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ഇതിനേക്കുറിച്ച്  ടൊയോട്ട ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.  ജപ്പാൻ, യൂറോപ്പ് വിപണികളിൽ 2017 മുതല്‍ സി–എച്ച്ആർ വിൽപ്പനയ്ക്കുണ്ട്. അമേരിക്ക, ആഫ്രിക്ക, എഷ്യ-പസഫിക് തുടങ്ങിയ രാജ്യങ്ങളിലെ വിപണിയിൽ 2018 മുതലാണ് വാഹനത്തിന്‍റെ വിൽപന ആരംഭിച്ചത്.