ടൊയോട്ട തങ്ങളുടെ പുതിയ ഇലക്ട്രിക്, ഓട്ടോണമസ് വാഹനമായ ഇ-പാലറ്റ് ബിഇവി ജപ്പാനിൽ പുറത്തിറക്കി. ഏകദേശം 1.74 കോടി രൂപ വിലയുള്ള ഈ വാഹനത്തിന് 250 കിലോമീറ്റർ റേഞ്ചുണ്ട്. 

ലോകം അതിവേഗം ഇലക്ട്രിക്, ഓട്ടോണമസ് വാഹനങ്ങളിലേക്ക് നീങ്ങുകയാണ്. ജാപ്പനീസ് ജനപ്രിയ വാഹന ബ്രാൻഡായ ടൊയോട്ട ഇപ്പോൾ ജപ്പാനിൽ വിൽപ്പനയ്‌ക്കായി ഓട്ടോണമസ് വാഹനമായ ഇ-പാലറ്റ് ബിഇവി പുറത്തിറക്കി. ഇതിന്റെ വില 29 ദശലക്ഷം യെൻ അഥവാ ഏകദേശം 1.74 കോടി രൂപ ആണ്. 2018 ലെ സിഇഎസ് ഷോയിൽ ഒരു ആശയമായി ഇത് ആദ്യമായി അവതരിപ്പിച്ചു. ഇപ്പോൾ ഒരു യാഥാർത്ഥ്യമായി പൊതുജനങ്ങളിലേക്ക് എത്തുകയാണ്. ടൊയോട്ട ഇ-പാലറ്റിന് 72.82 kWh ലിഥിയം-അയൺ ബാറ്ററി പായ്ക്ക് കരുത്തേകുന്നു.ഡബ്ല്യുഎൽടിസി സ്റ്റാൻഡേർഡ് അനുസരിച്ച് ഇതിന് 250 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കാൻ സാധിക്കും. ഇതിന്റെ എസി സിൻക്രണസ് മോട്ടോർ 150 kW (204 PS) പവറും 266 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു.

ഇ-പാലറ്റ് ബിഇവിയുടെ പരമാവധി വേഗത മണിക്കൂറിൽ 80 കിലോമീറ്ററാണ്. ഫാസ്റ്റ് ചാർജർ (90 kW DC) ഉപയോഗിച്ച്, ഈ ഇവി വെറും 40 മിനിറ്റിനുള്ളിൽ 80 ശതമാനം വരെ ചാർജ്ജ് ചെയ്യാൻ കഴിയും. ഒരു സാധാരണ ഏസി ചാർജർ (6 kW) ഉപയോഗിച്ച്, 12 മണിക്കൂറിനുള്ളിൽ ഇ-പാലറ്റ് ബിഇവി പൂർണ്ണമായി ചാർജ് ചെയ്യാൻ കഴിയും. അളവനുസരിച്ച്, ഇതിന് 4,950 എംഎം നീളവും 2,080 എംഎം വീതിയും 2,650 എംഎം ഉയരവും ഉണ്ട്. ഇതിന്റെ ഭാരം 2,950 കിലോഗ്രാം ആണ്. ലോ-ഫ്ലോർ ഡിസൈൻ, വലിയ സ്ലൈഡിംഗ് വാതിലുകൾ, എളുപ്പത്തിലുള്ള പ്രവേശനം/എക്സിറ്റ് എന്നിവ ഇതിന്റെ സവിശേഷതകളാണ്. ഒരു ഡ്രൈവർ ഉൾപ്പെടെ 17 പേർക്ക് ഇരിക്കാവുന്ന ബസ് പോലുള്ള ഇരിപ്പിട സൗകര്യം ഇതിനുണ്ട്.

ടൊയോട്ട ഇ-പാലറ്റ് വെറുമൊരു ഇലക്ട്രിക് വാഹനമല്ല. വിവിധ ആവശ്യങ്ങൾക്കായി ഇത് കസ്റ്റമൈസ് ചെയ്യാവുന്നതാണ്. ഒരു സിറ്റി ബസ് പോലെയുള്ള അതിന്റെ ഒതുക്കമുള്ള വലിപ്പം ഗതാഗത തിരക്കിലൂടെ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സഹായിക്കുന്നു. ഇത് ഒരു ഫുഡ് ട്രക്കായും, ഒരു മൊബൈൽ റെസ്റ്റോറന്റായും, ഒരു വിനോദ വാഹനമായും ഉപയോഗിക്കാം. വലിയ സ്‌ക്രീനും സൗണ്ട് സിസ്റ്റവും ഉള്ളതിനാൽ, ഇത് സിനിമയും സ്‌പോർട്‌സും കാണാൻ അനുവദിക്കുന്നു. കാഴ്ചകൾ കാണുന്നതിനും ഒരു ടൂറിംഗ് വാഹനമായി യാത്ര ചെയ്യുന്നതിനും ഇ-പാലറ്റ് ബിഇവി അനുയോജ്യമാണ്.

നിലവിൽ, ഇ-പാലറ്റിൽ ലെവൽ 2 ഓട്ടോണമസ് ഡ്രൈവിംഗ് ആണുള്ളത്. അതായത് ഡ്രൈവറുടെ സാന്നിധ്യം ആവശ്യമാണ്. 2027 ഓടെ ലെവൽ 4 ഓട്ടോണമസ് കൈവരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇതിൽ ലിഡാർ, ക്യാമറകൾ, എഡികെ (ഓട്ടോമേറ്റഡ് ഡ്രൈവിംഗ് കിറ്റ്) പോലുള്ള നൂതന സംവിധാനങ്ങൾ ഉണ്ടായിരിക്കും. സ്റ്റിയറിംഗ് ഇൻപുട്ടുകൾ കുറയ്ക്കുന്നതിലൂടെ ഡ്രൈവിംഗ് ക്ഷീണം കുറയ്ക്കുന്ന സ്റ്റിയർ-ബൈ-വയർ സാങ്കേതികവിദ്യ ഇതിൽ ഉൾപ്പെടുന്നു. വെഹിക്കിൾ-ടു-ലോഡ് (V2L) സവിശേഷതയും ഇ-പാലറ്റ് ബിഇവിയിൽ ഉൾപ്പെടുന്നു. ഇ-പാലറ്റ് ബിഇവിയിൽ നിന്നും ഉപകരണങ്ങൾക്ക് പവർ നൽകാൻ കഴിയും.