Asianet News MalayalamAsianet News Malayalam

ഫോര്‍ച്യൂണര്‍ മുകളേറി ഈ നിര്‍ഭാഗ്യവാനായ ഉടമ, ഒടുവില്‍ ഭാഗ്യമെത്തിയത് ട്രാക്ടറില്‍!

അണ്ടര്‍പാസില്‍ കുടുങ്ങി വെള്ളത്തില്‍ മുങ്ങിയ മറ്റൊരു ഫോര്‍ചൂണറും മുകളില്‍ കയറി ഇരിക്കുന്ന ഉടമയുമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. 

Toyota Fortuner rescued by a tractor when it stuck in a flooded underpass
Author
Bagpat, First Published Aug 27, 2021, 9:29 AM IST
  • Facebook
  • Twitter
  • Whatsapp

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ജനപ്രിയ എസ്‍യുവി മോഡലാണ് ഫോര്‍ച്യൂണര്‍. വിവിധ പ്രശ്‍നങ്ങളില്‍പ്പെട്ട ടൊയോട്ട ഫോര്‍ച്യൂണര്‍ ആണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി വാഹനലോകത്തെയും സോഷ്യല്‍ മീഡിയയിലെയും താരം. ഡ്രിഫ്റ്റ് ചെയ്യുന്നതിനിടെ കടലിലേക്ക് മറിഞ്ഞ ഫോര്‍ച്യൂണറിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായിതിനു പിന്നാലെ അണ്ടര്‍പാസില്‍ കുടുങ്ങി വെള്ളത്തില്‍ മുങ്ങിയ മറ്റൊരു ഫോര്‍ചൂണറും മുകളില്‍ കയറി ഇരിക്കുന്ന ഉടമയുമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. 

ഉത്തർപ്രദേശിലെ ബാഗ്​പത്തിൽ നിന്നുള്ള വീഡിയോയാണ്​ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നതെന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. വൈറലായ വീഡിയോയിൽ, വെള്ളത്തിൽ മുങ്ങിയ ടൊയോട്ട ഫോർച്യൂണറി​ന്‍റെ മുകളിൽ ഇരിക്കുന്ന വ്യക്തിയെ കാണാം. ഇദ്ദേഹം വെള്ളം കയറിയ അണ്ടർപാസിലേക്ക് വാഹനവുമായി പ്രവേശിച്ചത് എന്തുകൊണ്ടാണെന്ന്​ വീഡിയോയിൽ വ്യക്​തമല്ല. അധികം വെള്ളമുണ്ടാകില്ല എന്ന തെറ്റിദ്ധാരണയിൽ വാഹനവുമായി വെള്ളക്കെട്ടിൽ ഇറങ്ങിയതെന്നാണ്​ സൂചന. എന്തായാലും അവസാനം ഒരു ട്രാക്​ടർ വേണ്ടി വന്നു ഫോര്‍ച്യൂണറിന് രക്ഷകനാകാന്‍. ട്രാക്ടര്‍ എത്തി വാഹനത്തെ കയർകെട്ടി വലിച്ച്​ വെള്ളക്കെട്ടിൽനിന്ന്​ രക്ഷിക്കുകയായിരുന്നു. അണ്ടർപാസിന്​ മുകളിൽ നിന്നാണ്​ ഈ വീഡിയോ ചിത്രീകരിച്ചിരുന്നത്​.

വാഹനം വെള്ളത്തില്‍ മുങ്ങിയാല്‍ എങ്ങനെ രക്ഷപ്പെടാം?

  • വാഹനത്തിൽ വെള്ളം കയറിയാല്‍ എന്തു ചെയ്യണമെന്ന് പലര്‍ക്കും വലിയ പിടിയുണ്ടാകില്ല. വെള്ളം കയറിയാൽ ആധുനിക വാഹനങ്ങൾ അപകടകരമായ  അവസ്​ഥയിലെത്തും. സെൻസറുകൾ വ​ഴിയും ഇലക്ട്രിക്കലായുമാണ്​ മിക്ക പുതുതലമുറ വാഹനങ്ങളും  നിയന്ത്രിക്കപ്പെടുന്നത്​. അവ വെള്ളക്കെട്ടുള്ള റോഡുകളിലൂടെ ഓടിക്കുന്നത് അപകടകരമാണ്. ഇത്തരം വാഹനങ്ങളിലെ വിൻഡോകൾ വൈദ്യുതിയിലാണ്​ പ്രവർത്തിക്കുന്നത്​. വെള്ളം കയറി ഇലക്ട്രിക്കൽ തകരാർ സംഭവിച്ചാൽ വിൻഡോകൾ തുറക്കാൻ കഴിയാതാകും. കൂടാതെ, വാഹനത്തിന് പുറത്തുള്ള ജലത്തിന്‍റെ മർദ്ദം കാരണം വാതിൽ തുറക്കാനും പലപ്പോഴും സാധിക്കില്ല. അതിനാൽ വാഹനത്തിൽ നിന്ന് പുറത്തിറങ്ങാനുള്ള ഒരേയൊരു മാർഗ്ഗം വിൻഡോകൾ തകർക്കുക എന്നതാണ്.
  • ലാമിനേറ്റ് ചെയ്യാത്തതിനാൽ സൈഡ് വിൻഡോകൾ വിൻഡ്ഷീൽഡിനേക്കാൾ തകർക്കാൻ എളുപ്പമാണ്. ചില്ലുകൾ തകർക്കാൻ ഉചിതമായ ഉപകരണങ്ങൾ വിപണിയിൽ ലഭ്യമാണ്. അടിയന്തിര സാഹചര്യങ്ങളിൽ സീറ്റിലെ ഹെഡ്‌റെസ്റ്റുകൾ ഉപയോഗിച്ച്​ വിൻഡോ തകർക്കാം. ഹെഡ്‌റെസ്റ്റുകളുടെ പോയിന്‍റ് എഡ്​ജ്​ അത്തരം സന്ദർഭങ്ങളിൽ വിൻഡോകൾ തകർക്കാനും വാഹനത്തിൽ നിന്ന് പുറത്തുവരാനും ഉപയോഗിക്കാം.

ഇനി വെള്ളം മൂലമുണ്ടാകുന്ന തകരാറുകളില്‍ നിന്നും വാഹനത്തെ എങ്ങനെ സംരക്ഷിക്കാം എന്നറിയാം. ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

1. വെള്ളക്കെട്ട് കടക്കരുത്
മുന്നിലുള്ള വെള്ളക്കെട്ട് മറ്റു വാഹനങ്ങൾ കടക്കുന്നതു കണ്ട് നിങ്ങളും ശ്രമിക്കരുത്. കാരണം ഓരോ വാഹനത്തിലെയും ഫിൽറ്ററും സ്‌നോർക്കലുമൊക്കെ ഘടിപ്പിച്ചിരിക്കുന്നത് വ്യത്യസ്‍തമായിട്ടാണ്. ഇതിലൂടെ വെള്ളം അകത്തു കടന്നേക്കാം.

2. മിനിമം അർപിഎം നിലനിർത്തുക
വെള്ളക്കെട്ടുകളിൽ കാറുകൾ നിന്നുപോകുന്നതും എഞ്ചിൻ കേടാകുന്നതും പ്രധാനമായും ഒരു കാരണത്താലാണ്. അവയുടെ എക്സോസ്റ്റ് പൈപ്പിലൂടെ വെള്ളം എഞ്ചിനിൽ കേറും. അതോടെ എഞ്ചിൻ നിലയ്ക്കും. അതൊഴിവാക്കാൻ 'മിനിമം ആക്സിലറേഷൻ ' എപ്പോഴും നൽകണം. എങ്കിൽ എക്സോസ്റ്റിലൂടെ  പുറത്തേക്ക് ഇരച്ചു തള്ളിപ്പോവുന്ന ചുടുവായു ആ പൈപ്പിലൂടെ വെള്ളം അകത്തേക്ക് വരാതെ തടുക്കും. 

3. താഴ്ന്ന ഗിയറിൽ വാഹനം ഓടിക്കുക
കൂടിയ ഗിയറിൽ വാഹനം ഓടിച്ചാൽ വേണ്ടത്ര വേഗമില്ലെങ്കിൽ വാഹനം ഓഫാക്കാൻ സാധ്യതയുണ്ട്. വെള്ളക്കെട്ടിൽ വെച്ച് വാഹനം ഒരിക്കൽ ഓഫായാൽ അത് പിന്നെ സ്റ്റാർട്ടാകാൻ പ്രയാസമാകും. അതുകൊണ്ട് വെള്ളക്കെട്ട് അടുക്കുമ്പോൾ സെക്കൻഡ് ഗിയറിലേക്കെങ്കിലും മാറ്റി വളരെ സൂക്ഷിച്ച് മാത്രം വാഹനമോടിക്കുക. 

4. മുന്നിൽ പോകുന്ന വാഹനവുമായി അകലം പാലിക്കുക
വാഹനങ്ങൾക്കിടയിൽ അകലം പാലിക്കുന്നത് കൊണ്ട് പല ഗുണങ്ങളുണ്ട്. ഒന്ന്, മുന്നിലെ വാഹനം പോകുമ്പോൾ ഉണ്ടാകുന്ന ഓളത്തിൽ ഉയരുന്ന ജനനിരപ്പ് അടങ്ങാൻ അത് സഹായിക്കും. രണ്ട്, മുന്നിലെ വാഹനം ശ്രദ്ധിച്ചാൽ റോഡിൽ വെള്ളത്തിനടിയിൽ അദൃശ്യമായിരിക്കുന്ന കുഴികളെപ്പറ്റി കൃത്യമായ ധാരണയുണ്ടാകും.  

5. ബ്രേക്കിന്റെ പ്രവര്‍ത്തനം പരിശോധിക്കുക
ടയര്‍ വെള്ളത്തില്‍ മുങ്ങുന്ന തരത്തില്‍ വാഹനമോടിയിട്ടുണ്ടെങ്കില്‍ ഇതിനുശേഷം ബ്രേക്ക് പ്രവര്‍ത്തന ക്ഷമമാണോയെന്ന് ഉറപ്പുവരുത്തണം. കാറുകളില്‍ കൂടുതലായ ഡിസ്‌ക് ബ്രേക്ക് ഉപയോഗിക്കുന്നത്. മഴയിലും വെള്ളക്കെട്ടിലും ഇതില്‍ ചെളിപിടിക്കാനുള്ള സാധ്യത എറെയാണ്. ഇത് വൃത്തിയാക്കാനും ശ്രദ്ധിക്കണം.

6. സഡന്‍ ബ്രേക്ക് ചെയ്യരുത്
മഴക്കാല യാത്രകളില്‍ നനഞ്ഞുകിടക്കുന്ന റോഡില്‍ സഡന്‍ ബ്രേക്ക് പരമാവധി ഒഴിവാക്കുക. വെള്ളക്കെട്ടിലെ കുഴികളില്‍ ടയര്‍ വീണാലുടന്‍ ബ്രേക്ക് ചെയ്യുന്നതും ഒഴിവാക്കണം. ഇങ്ങനെ ചെയ്യുന്നത് പുകകുഴലില്‍ വെള്ളം കയറാനുള്ള സാധ്യത വര്‍ധിപ്പിക്കും. വെള്ളത്തില്‍ വാഹനം നിര്‍ത്തിയാല്‍ ചെറുതായി ആക്‌സിലറേറ്റര്‍ അമര്‍ത്തുന്നതും നല്ലതാണ്. 

7. മികച്ച ടയറുകള്‍ ഉറപ്പാക്കുക
നനഞ്ഞ് കിടക്കുന്ന നിരത്തുകളില്‍ വാഹനവുമായി ഇറങ്ങുന്നവര്‍ ടയറുകളുടെ കാര്യക്ഷമത ഉറപ്പാക്കണം. വെള്ളം കെട്ടി നില്‍ക്കുന്നതിനെ തുടര്‍ന്നുണ്ടാകുന്ന വഴുവഴുപ്പിനെ അതിജീവിക്കാനുള്ള ഗ്രിപ്പ് ടയറുകള്‍ക്കുണ്ടാവണം. തേയ്‍മാനം സംഭവിച്ച ടയറാണെങ്കില്‍ ബ്രേക്ക് ചെയ്യുന്ന സമയത്ത് വാഹനം തെന്നി മാറാനുള്ള സാധ്യത ഏറെയാണ്.

8.  ഒന്നുമറിയാതെ വെള്ളക്കെട്ടിലേക്ക് വണ്ടി ഇറക്കരുത്
മുന്നിലെ വാഹനങ്ങൾ സുരക്ഷിതമായി വെള്ളക്കെട്ട് കടന്നു പോകുന്നുണ്ട് എന്നുറപ്പിച്ചു ശേഷം മാത്രമേ വാഹനവുമായി വെള്ളക്കെട്ട് ക്രോസ് ചെയ്യാൻ മുതിരാവൂ. മുന്നിലെ വെള്ളക്കെട്ടിന്റെ ആഴം ഒരിക്കലും നമുക്ക് പ്രവചിക്കാൻ സാധിക്കില്ല. അതുകൊണ്ട്, അത്ര ഉറപ്പില്ലാത്ത സ്ഥലമാണെങ്കിൽ വന്ന വഴി യു ടേൺ എടുത്ത് വേറെ വല്ല റൂട്ടിലും പോകുന്നതായിരിക്കും ഉത്തമം. അതാവും വാഹനത്തിന്റെ സുരക്ഷിതത്വത്തിനും നല്ലത്. 

8. പാര്‍ക്കിങ്ങിലും വേണം ശ്രദ്ധ
ശക്തമായ മഴയുള്ളപ്പോള്‍ വാഹനം മരങ്ങളുടെ താഴെയും വലിയ ഭിത്തികളുടെയും മറ്റും സമീപത്തും പാര്‍ക്ക് ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണം. മരത്തിന്റെ കൊമ്പുകളും മറ്റും ഒടിഞ്ഞ് വാഹനത്തില്‍ വീഴുന്നതില്‍നിന്നും മണ്ണിടിച്ചില്‍ പോലെയുള്ളവയില്‍നിന്നും വാഹനത്തെ ഇങ്ങനെ രക്ഷിക്കാം.

9. ഓഫായ വാഹനം സ്റ്റാര്‍ട്ട് ചെയ്യരുത്
യാതൊരു കാരണവശാലും വെള്ളക്കെട്ടില്‍ ഓഫായിക്കിടക്കുന്ന വാഹനം പെട്ടെന്ന് വീണ്ടും സ്റ്റാർട്ട് ചെയ്യരുത്. സര്‍വീസ് സ്റ്റേഷന്റെ സഹായം തേടണം. സ്റ്റാര്‍ട്ട് ചെയ്യാതെ എത്രയും പെട്ടെന്ന്  വെള്ളക്കെട്ടിൽനിന്നു വാഹനം നീക്കുക.  അതുപോലെ ബാറ്ററി ടെർമിനലുകൾ എത്രയും പെട്ടെന്ന് മാറ്റി വർക്‌ഷോപ്പിലെത്തിക്കുക.  ഇൻഷുറൻസ് കമ്പനിക്കാരെയും വിവരം അറിയിക്കുക.  

10. നിരപ്പായ പ്രതലം
ഓട്ടമാറ്റിക് ട്രാൻസ്‍മിഷനുള്ളതാണ് വാഹനമെങ്കില്‍ നിരപ്പായ എന്തെങ്കിലും പ്രതലത്തിൽവച്ചുവേണം കെട്ടിവലിക്കാൻ. ഇത് സാധ്യമല്ലെങ്കിൽ മുൻ വീലുകൾ അല്ലെങ്കിൽ ഡ്രൈവിങ് വീലുകൾ ഗ്രൗണ്ടിൽ നിന്നുയർത്തി വലിക്കണം.

11. എഞ്ചിന്‍ ഓയില്‍ മാറ്റുക
വെള്ളം കയറിയ വാഹനത്തിന്‍റെ എൻജിൻ ഓയിൽ മാറ്റണം. രണ്ടു മൂന്നു പ്രാവശ്യം എൻജിൻ ഓയില്‍ മാറ്റി എൻജിൻ വൃത്തിയാക്കണം.

12.  എയർ ഇൻടേക്കുകള്‍
എയർഫിൽറ്റർ, ഓയിൽ ഫിൽറ്റർ, ഫ്യുവൽ ഫിൽറ്റർ എന്നിവ മാറ്റി പുതിയ ഘടിപ്പിക്കണം. ഒപ്പം എൻജിനിലേയ്ക്ക് വെള്ളം കയറാൻ സാധ്യതയുള്ള എല്ലാം എയർ ഭാഗങ്ങളും നന്നായി വൃത്തിയാക്കണം.  

13. ടയര്‍ കറക്കുക
 എഞ്ചിൻ ഓയിൽ നിറച്ചതിന് ശേഷം ജാക്കി വെച്ച് മുൻ വീലുകൾ ഉയർത്തുക. തുടര്‍ന്ന് ടയര്‍ കൈകൊണ്ട് കറക്കി ഓയിൽ എൻജിന്റെ എല്ലാ ഭാഗത്തും എത്തിക്കുക. പതിനഞ്ചു മിനിട്ടുവരെയെങ്കിലും ഇങ്ങനെ ചെയ്യുക. വീണ്ടും  ഓയില്‍ മുഴുവൻ മാറ്റി വീണ്ടും നിറച്ച് ടയർ കറക്കിക്കൊടുക്കുക. ചുരുങ്ങിയത് മൂന്നു തവണയെങ്കിലും ഇത് ആവർത്തിക്കുക.

14   ഫ്യൂസുകൾ
ഇലക്ട്രിക്ക് ഘടകങ്ങള്‍ പരിശോധിക്കുക. ഫ്യൂസുകൾ മാറ്റി പുതിയവ സ്ഥാപിക്കുക.

15.  ഓണാക്കിയിടുക
ഇനി എ‍ൻജിൻ സ്റ്റാർട്ട് ചെയ്യുക. തുടര്‍ന്ന് രണ്ടു മിനിട്ടെങ്കിലും എഞ്ചിന്‍ ഓൺ ആക്കിയിടുക. ഇനി വാഹനം ഓടിക്കാം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios