മെയ് മാസത്തിൽ ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ എസ്‌യുവി വിൽപ്പനയിൽ ഗ്രാൻഡ് വിറ്റാരയെ മറികടന്നു.
ഇന്ത്യയിൽ എസ്‌യുവികൾ മികച്ച വിൽപ്പന നേടുന്നു. ഹ്യുണ്ടായി ക്രെറ്റയ്ക്കും മറ്റ് മോഡലുകൾക്കും വലിയ ഡിമാൻഡുണ്ട്. ഈ വിഭാഗത്തിൽ, ക്രെറ്റയ്ക്ക് ശേഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ എസ്‌യുവിയാണ് മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര. എന്നാൽ മെയ് മാസത്തിൽ ഗ്രാൻഡ് വിറ്റാരയ്ക്ക് വിൽപ്പന കുറഞ്ഞു. ടൊയോട്ട കിർലോസ്‌കർ മോട്ടോർ ഇന്ത്യയുടെ അർബൻ ക്രൂയിസർ ഹൈറൈഡർ എസ്‌യുവി വിൽപ്പനയിൽ വൻ വർധനവ് രേഖപ്പെടുത്തുകയും ഗ്രാൻഡ് വിറ്റാരയെ പരാജയപ്പെടുത്തുകയും ചെയ്തു എന്നതാണ് ശ്രദ്ധേയം.
ഹൈറൈഡറിനും ഗ്രാൻഡ് വിറ്റാരയ്ക്കും ഒരേ എഞ്ചിനും ഒരേ തരത്തിലുള്ള സവിശേഷതകളും സമാനമായ രൂപവും ആണുള്ളത്. സുസുക്കിയും ടൊയോട്ടയും തമ്മിലുള്ള പങ്കാളിത്തത്തിന്‍റെ ഭാഗം കൂടിയാണ് ഈ വാഹനങ്ങൾ. രണ്ടുമോഡലുകളും അവരുടെ സാങ്കേതികവിദ്യ പങ്കിടുന്നു. ഈ രണ്ട് എസ്‌യുവികളും മൈൽഡും സ്‍ട്രോംഗുമായ ഹൈബ്രിഡ് ഓപ്ഷനുകളോടെയാണ് വരുന്നത്. പക്ഷേ അവയ്ക്ക് ടൊയോട്ടയുടെയും മാരുതി സുസുക്കിയുടെയും വ്യത്യസ്ത ബ്രാൻഡിംഗ് ഉണ്ട്.
അതേസമയം മാരുതി സുസുക്കിയുടെയും ടൊയോട്ടയുടെയും ഈ ഹൈബ്രിഡ് എസ്‌യുവികളുടെ വിൽപ്പന റിപ്പോർട്ട് പരിശോധിച്ചാൽ മെയ് മാസത്തിൽ ആകെ 7,573 യൂണിറ്റ് അർബൻ ക്രൂയിസർ ഹൈറൈഡർ വിറ്റു. ഇത് 2024 മെയ് മാസത്തിലെ 3,906 യൂണിറ്റുകളെ അപേക്ഷിച്ച് 94 ശതമാനം വാർഷിക വർധനവാണ്. അതേസമയം, കഴിഞ്ഞ മാസം 5197 യൂണിറ്റ് ഗ്രാൻഡ് വിറ്റാര വിറ്റു. ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 47 ശതമാനം കുറവാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളിലെ ഹൈറൈഡറിന്റെ വിൽപ്പന റിപ്പോർട്ട് പരിശോധിച്ചാൽ, 2024 ഡിസംബറിൽ 4,770 യൂണിറ്റുകൾ വിറ്റു. ഇതിനുശേഷം, ഈ വർഷം ജനുവരിയിൽ 4,941 യൂണിറ്റുകളും ഫെബ്രുവരിയിൽ 4,314 യൂണിറ്റുകളും മാർച്ചിൽ 5,286 യൂണിറ്റുകളും ഏപ്രിലിൽ 4,642 യൂണിറ്റുകളും വിറ്റു.
മാരുതി സുസുക്കിയുടെയും ടൊയോട്ടയുടെയും ഈ രണ്ട് എസ്‌യുവികളുടെ വിലയെക്കുറിച്ച് പറയുകയാണെങ്കിൽ, ഗ്രാൻഡ് വിറ്റാരയുടെ എക്‌സ്‌ഷോറൂം വില 11.42 ലക്ഷം മുതൽ 20.68 ലക്ഷം രൂപ വരെയാണ്. അതേസമയം അർബൻ ക്രൂയിസർ ഹൈറൈഡറിന്റെ എക്‌സ്‌ഷോറൂം വില 11.34 ലക്ഷം മുതൽ 19.99 ലക്ഷം രൂപ വരെയാണ്. ഈ എസ്‌യുവിക്ക് 1462 സിസി മുതൽ 1490 സിസി വരെയുള്ള എഞ്ചിൻ ശേഷിയുണ്ട്, ലിറ്ററിന് 19.39 കിലോമീറ്റർ മുതൽ ലിറ്ററിന് 27.97 കിലോമീറ്റർ വരെയാണ് മൈലേജ്.
