ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട ഫോര്‍ച്യൂണറിന്റെ TRD ലിമിറ്റഡ് എഡിഷൻ മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ചു.   4X2 ഓട്ടോമാറ്റിക്, 4X4 ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് എസ്‌യുവി വിൽപ്പനക്ക് എത്തിയിരിക്കുന്നത്. TRD ലിമിറ്റഡ് എഡിഷന്റെ വരവ്. ടൊയോട്ട റേസിംഗ് ഡെവലപ്‍മെന്റ് (TRD) വിഭാഗം പ്രത്യേകം തയ്യാറാക്കിയതാണ് ഫോർച്യൂണർ TRD ലിമിറ്റഡ് എഡിഷൻ.

ഫോർച്യൂണർ TRD ലിമിറ്റഡ് എഡിഷന് യഥാക്രമം 34.98 ലക്ഷം, 36.88 ലക്ഷം എന്നിങ്ങനെയാണ് എക്‌സ്-ഷോറൂം വില. എല്ലാ ടൊയോട്ട ഡീലർഷിപ്പുകളിലും TRD ലിമിറ്റഡ് എഡിഷനായുള്ള ബുക്കിംഗ് കമ്പനി ആരംഭിച്ചിട്ടുണ്ട്. ടൊയോട്ട റേസിംഗ് ഡെവലപ്മെന്റ് (TRD) രൂപകൽപ്പന ചെയ്ത പുതിയ ഫോർച്യൂണർ TRD പതിപ്പിന് സ്‌പോർട്ടി ഡിസൈൻ ബിറ്റുകളും കുറച്ച് പുതിയ സവിശേഷതകളും ലഭിക്കുന്നു എന്നതാണ് ശ്രദ്ധേയം.

ചാർക്കോൾ ബ്ലാക്ക് R18 അലോയ് വീലുകൾ, കറുപ്പിൽ പൊതിഞ്ഞ ഡ്യുവൽ ടോൺ റൂഫ്, 360 ഡിഗ്രി പനോരാമിക് വ്യൂ മോണിറ്റർ, ഓട്ടോ ഫോൾഡിങ് റിയർ വ്യൂ മിറർ, TRD റേഡിയേറ്റർ ഗ്രിൽ ഗാർണിഷ്, മുൻപിലും പിന്നിലും ബമ്പർ സ്പോയ്ലർ എന്നിവയാണ് എക്‌സ്റ്റീരിയറിൽ ഫോർച്യൂണർ TRD ലിമിറ്റഡ് എഡിഷന്റെ ഭംഗി വർദ്ധിപ്പിക്കുന്നത്. കറുപ്പും മറൂൺ നിറവും ചേർന്ന ലെതർ സീറ്റുകൾ, അതിൽ ചുവപ്പു നിറത്തിലുള്ള സ്റ്റിച്ചിങ്, ഡ്യുവൽ ടോൺ ഡാഷ്ബോർഡ്, ഇലയുമിനേറ്റഡ് സ്‌കഫ് പ്ലെയ്റ്റ് എന്നിവയാണ് ഇന്റീരിയറിലെ ആകർഷണങ്ങൾ.

എൽ‌ഇഡി ഡി‌ആർ‌എല്ലുകളുള്ള ബൈ-ബീം എൽ‌ഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽ‌ഇഡി ഫോഗ് ലാമ്പുകൾ, റിയർ കോമ്പിനേഷൻ ലാമ്പുകൾ, ക്രോം പ്ലേറ്റഡ് ഡോർ ഹാൻഡിലുകൾ, വിൻഡോ ബെൽറ്റ്ലൈൻ എന്നിവയാണ് ഫോർച്യൂണർ ലിമിറ്റഡ് എഡിഷൻ മോഡലിനെ വേറിട്ടതാക്കുന്നു.

ഇത് കൂടാതെ ഓപ്ഷണൽ ആയി തിരഞ്ഞെടുക്കാവുന്ന സ്പെഷ്യൽ ടെക്നോളജി പാക്കേജിന് കീഴിൽ ഹെഡ് അപ്പ് ഡിസ്പ്ലേ (HUD), ടയർ പ്രഷർ മോണിറ്റർ (TPMS), ഡിജിറ്റൽ വീഡിയോ റെക്കോർഡർ (DVR), വയർലെസ്സ് സ്മാർട്ട്ഫോൺ ചാർജർ, വെൽക്കം ഡോർ ലാംപ് എന്നെ ഫീച്ചറുകളുമുണ്ട്. ആദ്യമായി ഒരു ഇന്ത്യയിൽ ഒരു ടൊയോട്ട വാഹനത്തിൽ എയർ അയോണൈസർ ഇടം പിടിച്ചിരിക്കുന്നതും ഫോർച്യൂണർ TRD ലിമിറ്റഡ് എഡിഷനിലാണ്.

എൻജിനിൽ മാറ്റമില്ലാതെയാണ് ഫോർച്യൂണർ TRD ലിമിറ്റഡ് എഡിഷന്റെ വരവ്. 3400 ആർപിഎമ്മിൽ 170 ബിഎച്ച്പി പവറും, 1600–2400 അർപിഎം ശ്രേണിയിൽ 450 എൻഎം ടോർക്കും നിർമ്മിക്കുന്ന 2.8 ലിറ്റർ നാല് സിലിണ്ടർ ഡീസൽ എൻജിൻ തന്നെയാണ് ഫോർച്യൂണർ TRD ലിമിറ്റഡ് എഡിഷന്റെയും ഹൃദയം. ഫോർച്യൂണർ TRD ലിമിറ്റഡ് എഡിഷൻ പാഡിൽ ഷിഫ്റ്ററുകളുള്ള 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ മാത്രമേ ലഭ്യമാവൂ.

പുതിയ ടൊയോട്ട ഫോർച്യൂണർ TRD എഡിഷനിൽ 7 SRS എയർബാഗുകൾ, ബ്രേക്ക് അസിസ്റ്റുള്ള വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, രണ്ടാം നിരയിലെ ഐസോഫിക്സ്, ടെതർ ആങ്കർ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ, എബിഎസ് വിത്ത് ഇബിഡി, എമർജൻസി ബ്രേക്ക് സിഗ്നൽ, എമർജൻസി അൺലോക്കിനൊപ്പം സ്പീഡ് ഓട്ടോ ലോക്ക് എന്നിവ വാഗ്ദാനം ചെയ്യുന്നു.

2020 ഫോര്‍ച്യൂണറിനെ കമ്പനി അടുത്തിടെയാണ് തായ്‍ലന്‍ഡില്‍ അവതരിപ്പിച്ചത്. ഫോർഡ് എൻ‌ഡവർ, ഹോണ്ട സി‌ആർ‌വി, മഹീന്ദ്ര ആൾട്യൂറസ്  ജി 4 തുടങ്ങിയവരാണ് പുത്തന്‍ ഫോര്‍ച്യൂണറിന്‍റെ മുഖ്യ എതിരാളികള്‍.