ഇന്ത്യയിൽ പുതിയ കാർ ലീസിംഗ്, സബ്‌സ്‌ക്രിപ്‌ഷൻ പ്രോഗ്രാം ആരംഭിച്ച് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട കിർലോസ്‌കർ മോട്ടോർ (TKM). ടൊയോട്ട മൊബിലിറ്റി സർവീസ് (TMS) എന്ന പുതിയ പ്ലാറ്റ്ഫോമിലൂടെയാണ് കമ്പനിയുടെ പുതിയ സേവനം.

തുടക്കത്തിൽ മെട്രോ നഗരങ്ങളായ ദില്ലി-NCR, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിൽ TMS പ്രവർത്തനം ആരംഭിക്കും. ആദ്യ വർഷത്തിനുള്ളിൽ ഈ സേവനം പത്ത് നഗരങ്ങളിലേക്ക് ക്രമേണ വ്യാപിപ്പിക്കാനാണ് കമ്പനിയുടെ നീക്കം.

ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ടെയോട്ട ഗ്ലാന്‍സ, യാരിസ്, ഫോര്‍ച്യൂണര്‍, പുറത്തിറക്കാനിരിക്കുന്ന അര്‍ബന്‍ ക്രൂയിസര്‍ എന്നിവയായിരിക്കും ഈ പദ്ധതിയിലൂടെ ഉപയോക്താക്കള്‍ക്ക് വാടകയ്ക്ക് ലഭ്യമാവുക.

ഈ പുതിയ സംരംഭത്തിന് കീഴിൽ, ഉപഭോക്താക്കൾക്ക് മൂന്ന് മുതൽ അഞ്ച് വർഷം വരെ പാട്ടക്കാലാവധിയില്‍ വാഹനം വാടകയ്ക്ക് എടുക്കാം. നിശ്ചിത പ്രതിമാസ ഫീസായി നല്‍കി വാടകയ്ക്ക് എടുക്കാൻ കഴിയുന്നതാണ് പദ്ധതി. മാസാമാസം നിശ്ചിത തുക വാടക ഇനത്തില്‍ നല്‍കിയാല്‍ മതിയാകും. വാഹനത്തിന്റെ അറ്റകുറ്റപ്പണികള്‍, ഇന്‍ഷുറന്‍സ്, റോഡ്‌സൈഡ് അസിസ്റ്റന്‍സ് എന്നിവ ഉൾപ്പെടുന്നതാണ് പ്രതിമാസ തുക. സബ്‌സ്‌ക്രിപ്ഷന്‍ രീതിയില്‍ 24 മുതല്‍ 48 മാസം വരെയാണ് വാഹനം ഉപയോഗിക്കാന്‍ കഴിയുക.

ഒരു പരമ്പരാഗത കാർ കമ്പനിയിൽ നിന്ന് ഒരു മൊബിലിറ്റി കമ്പനിയിലേക്ക് വരെ ഇന്ന് ഒരു മാറ്റം അനിവാര്യമാണ്. ഉപഭോക്തൃ കേന്ദ്രീകൃത കമ്പനി എന്ന നിലയിൽ വികസിച്ചുകൊണ്ടിരിക്കുന്ന ഉപഭോക്തൃ ആവശ്യങ്ങൾക്കനുസൃതമായി ഉൽ‌പ്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കാനുള്ള ഞങ്ങളുടെ ശ്രമമാണ് ടൊയോട്ടയുടെ മൊബിലിറ്റി സേവനമെന്ന്  പുതിയ പദ്ധതിയുടെ ലോഞ്ചിനെക്കുറിച്ച് TKM സെയിൽസ് ആൻഡ് സർവീസ് സീനിയർ വൈസ് പ്രസിഡന്റ് നവീൻ സോണി പറഞ്ഞു. ഇത് ഉപഭോക്താക്കളുടെ ഉയർന്നുവരുന്ന മൊബിലിറ്റി ആവശ്യങ്ങൾ നിറവേറ്റുന്നതിനായി മികച്ച ഒരു പരിഹാരം നൽകുന്നതിന് ലക്ഷ്യമിടുന്നു. ലീസിനെടുക്കുന്നതും സബ്‍സ്‍ക്രിപ്ഷനും വരും വർഷങ്ങളിൽ ഗണ്യമായി വളരുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി.