പുത്തൻ വൈദ്യുത വാഹനവുമായി ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട.  പരിസ്ഥിതി മലിനീകരണം പരമാവധി കുറച്ച് ഹ്രസ്വദൂര യാത്രകൾ സാധ്യമാക്കുന്നതും ബാറ്ററിയിൽ ഓടുന്നതുമായ ഈ ചെറുകാർ അടുത്ത വർഷം  ജപ്പാനിൽ അവതരിപ്പിച്ചേക്കും. അൾട്ര കോംപാക്ട് ബാറ്ററി ഇലക്ട്രിക് വെഹിക്കിൾ അഥവാ ബി ഇ വി എന്നാണ് വാഹനത്തിന്‍റെ പേര്. 

ഒറ്റത്തവണ ചാർജ് ചെയ്താൽ 100 കിലോമീറ്റർ വരെ ഓടാൻ ശേഷിയുള്ള കാറിനു മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗവും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഒപ്പം നഗരവീഥികളിലെ ഉപയോഗത്തിനായി കുറഞ്ഞ ടേണിങ് റേഡിയസും കാറിൽ ഉറപ്പാക്കിയിട്ടുണ്ട്.

മുതിർന്ന പൗരന്മാർ, പുതുതായി ലൈസൻസ് നേടിയവർ, ഹ്രസ്വദൂര ബിസിനസ് യാത്രികർ തുടങ്ങിയവരെയാണു രണ്ടു സീറ്റുള്ള ഈ അൾട്രാ കോംപാക്ട് കാറിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. 

ടോക്കിയോ മോട്ടോർ ഷോയോടനുബന്ധിച്ചുള്ള പ്രത്യേക വിഭാഗമായ ഫ്യൂച്ചർ എക്സ്പോയിലാവും ടൊയോട്ട വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപ്പാദനത്തിനു സജ്ജമായ വാഹനത്തെ ടൊയോട്ട പ്രദർശിപ്പിക്കുക.