മാരുതിയുടെ ജനപ്രിയ മോഡല്‍ ബലേനോയുടെ ടൊയോട്ട വേര്‍ഷനാണ് ഗ്ലാന്‍സ. 2019 ജൂൺ ആറിനായിരുന്നു വാഹനത്തിന്‍റെ വിപണിയിലെ അരങ്ങേറ്റം. ഇപ്പോഴിതാ ടൊയോട്ട കിർലോസ്‍കർ മോട്ടോറി (ടികെഎം)ന്റെ ഉൽപന്ന ശ്രേണിയിലെ ഏറ്റുവമധികം വിൽപനയുള്ള കാറായി മാറിയിരിക്കുകയാണ് ഗ്ലാൻസ.

ഇതുവരെ 24380 യൂണിറ്റ് ഗ്ലാന്‍സകളാണ് ടൊയോട്ട നിരത്തിലെത്തിച്ചത്. മാരുതിയുടെ കണക്കുകള്‍ അനുസരിച്ച് 25002 യൂണിറ്റ് കാറുകള്‍ ടൊയോട്ടക്കായി നിര്‍മിച്ചു നല്‍കി.

സങ്കര ഇന്ധന വിഭാഗത്തിലടക്കമുള്ള വാഹനങ്ങൾ പങ്കിടാൻ 2018 മാർച്ചിലാണു സുസുക്കിയും ടൊയോട്ടയും കരാറിലെത്തിയത്. തുടർന്ന് ഈ കരാറിന്റെ അടിസ്ഥാനത്തിൽ ടൊയോട്ട സ്വീകരിച്ച ആദ്യ മോഡലായിരുന്നു ഗ്ലാൻസ എന്ന പേരിലെത്തിയ പ്രീമിയം ഹാച്ച്ബാക്കായ ബലേനൊ. ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിനു വേണ്ടി മാരുതി സുസുകി ഇന്ത്യയാണ് തങ്ങളുടെ ഗുജറാത്ത് പ്ലാന്റില്‍ ഗ്ലാന്‍സ നിര്‍മിക്കുന്നത്.

നാലു വകഭദേങ്ങളിലാണ് ഗ്ലാന്‍സ എത്തുന്നത്. ഇതില്‍ മാനുവൽ ട്രാൻസ്മിഷനുള്ള ജി എംടിക്കാണ് ആവശ്യക്കാരേറെയെന്നാണ് റിപ്പോര്‍ട്ടുകള്‍.  ഉയർന്ന വകഭേദമായ ഗ്ലാൻസ വിസിവിടി തേടിയും നിരവധി പേർ എത്തുന്നുണ്ട്. ഓട്ടമാറ്റിക് ട്രാൻസ്‍മിഷനുള്ള ഗ്ലാൻസ ലഭിക്കാനുള്ള കാത്തിരിപ്പ് രണ്ടു മാസത്തോളം നീളുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

തേജസ്സ്, ദീപ്‍തം എന്നിങ്ങനെ അർത്ഥം വരുന്ന ജർമ്മൻ വാക്കിൽ നിന്നാണ് ഗ്ലാൻസ എന്ന പേരിന്‍റെ പിറവി. മികച്ച അകത്തളവും മനോഹരമായ എക്സ്റ്റീരിയറും ആണ് വാഹനത്തെ യുവതലമുറയുടെ ഇഷ്ട മോഡൽ ആക്കുന്നത്. ശക്തിയേറിയതും മികച്ച ഇന്ധനക്ഷമതയുള്ള ഉള്ളതുമായ കെ സീരീസ് എഞ്ചിൻ ആണ് വാഹനത്തിൽ ഉള്ളത്. 3 വർഷത്തെ അല്ലെങ്കിൽ 100000 കിലോമീറ്റർ വാറന്റിയും ലഭിക്കും. ആകർഷകമായ ഫിനാൻസ് സ്കീമോടെ ഇത് 5 വർഷം അല്ലെങ്കിൽ 220000കിലോമീറ്റർ ആക്കി വർധിപ്പിക്കാനും സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

ബിഎസ് 6ലുള്ള 1.2 ലിറ്റർ കെ12ബി പെട്രോൾ എൻജിനാണ് ഗ്ലാൻസയുടെ ഹൃദയം. ഇതിന് 83 ബിഎച്ച്പി പവറിൽ 113 എൻഎം ടോർക്ക് ഉത്പാദിപ്പിക്കാൻ കഴിയും. 1.2 ലിറ്റര്‍ ഡ്യുവല്‍ജെറ്റ് ഹൈബ്രിഡ് പെട്രോള്‍ എന്‍ജിനിലും ഗ്ലാന്‍സ എത്തും. 5 സ്പീഡ് മാനുവല്‍, സിവിടി ഗിയര്‍ബോക്‌സുകളാവും ട്രാന്‍സ്‍മിഷന്‍.