ഇലക്ട്രിക് വാഹന ബാറ്ററി നിര്‍മാണത്തിലേക്കു കടക്കാനൊരുങ്ങി പൊതുമേഖല സ്ഥാപനമായ ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട്‌സ് ലിമിറ്റഡ് (ടിടിപിഎല്‍). 

ഇലക്ട്രിക് വാഹന ബാറ്ററി നിര്‍മാണത്തിലേക്കു കടക്കാനൊരുങ്ങി പൊതുമേഖല സ്ഥാപനമായ ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട്‌സ് ലിമിറ്റഡ് (ടിടിപിഎല്‍). 

ഇലക്ട്രിക് വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ലിഥിയം അയണ്‍ ബാറ്ററി നിര്‍മാണത്തിനുള്ള പ്രധാന അസംസ്‌കൃതവസ്തുവായ ലിഥിയം ടൈറ്റനേറ്റ് സ്ഥാപനം നിര്‍മിച്ചു. ഇന്ത്യയിൽ ആദ്യമായാണ് ഒരു പൊതുമേഖലാസ്ഥാപനം ലിഥിയം ടൈറ്റനേറ്റ് നിർമ്മിക്കുന്നത്. 

ടൈറ്റാനിയത്തിലെ ഗവേഷണ വിഭാഗം തനത് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ലിഥിയം ടൈറ്റനേറ്റ് വികസിപ്പിച്ചെടുത്തത്. ലിഥിയം അയണ്‍ ബാറ്ററികളിലെ പോസിറ്റീവ് ഇലക്ട്രോഡുകളില്‍ കാര്‍ബണിനു പകരം ഉപയോഗിക്കുന്നതാണ് ലിഥിയം ടൈറ്റനേറ്റ്. 

ഇത് ഉപയോഗിക്കുന്നതിലൂടെ ഇലക്ട്രിക് വാഹനങ്ങളില്‍ സംഭവിക്കുന്ന തീപിടിത്തം, പൊട്ടിത്തെറി എന്നിവ ഒഴിവാക്കാന്‍ സാധിക്കും. കാര്‍ബണ്‍ ബാറ്ററികളെക്കാള്‍ 10 മുതല്‍ 20 മടങ്ങു വരെ കൂടുതല്‍ ഈടു നില്‍ക്കുന്നതുമാണ് ലിഥിയം ടൈറ്റനേറ്റ് ഉപയോഗിക്കുന്ന ബാറ്ററികള്‍. ചാര്‍ജ് ചെയ്യാനും കുറച്ചു സമയം മതി.

ഇതുപയോഗിച്ച് ഇ ബാറ്ററി നിര്‍മാണത്തിന് കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലുമായി(കെ.ഡി.ഐ.എസ്.സി.) ചര്‍ച്ച നടക്കുകയാണ്. വിശാലമായ ഒരു കൺസോർഷ്യം ഉണ്ടാക്കി വാണിജ്യാടിസ്ഥാനത്തിൽ ബാറ്ററി നിർമ്മിച്ച് വിപണയിലെത്തിക്കുകയാണ് ടൈറ്റാനിയം ലക്ഷ്യമിടുന്നത്. തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്റർ, ചെന്നൈയിലെ സെൻട്രൽ ഇലക്ട്രോ കെമിക്കൽ റിസർച്ച് ഇൻസ്റ്റിറ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ പരിശോധന നടത്തി ലിഥിയം ടൈറ്റനേറ്റിന്റെ ഗുണനിലവാരവും ഉറപ്പുവരുത്തി.