ബ്രിട്ടീഷ് പ്രീമിയം ബൈക്ക് നിർമ്മാതാക്കളായ ട്രയംഫ് മോട്ടോർസൈക്കിൾസ് തങ്ങളുടെ റോഡ്‌സ്‌റ്റർ ശ്രേണിയിലെ ബൈക്കുകളായ ബോൺവിൽ T100, ബോൺവിൽ T120 മോഡലുകളുടെ 'ബ്ലാക്ക് എഡിഷൻ' ഇന്ത്യയിൽ അവതരിപ്പിച്ചു. സ്റ്റാൻഡേർഡ് ബോൺവിൽ T100, ബോൺവിൽ T120 മോഡലുകളിലെ ക്രോം ഘടകങ്ങൾക്ക് പകരം കറുപ്പ് നിറം പൂശി കൂടുതൽ സ്‌പോർട്ടി ലുക്കിലാണ് ബ്ലാക്ക് എഡിഷൻ മോഡലുകളുടെ വരവ്.

ട്രയംഫ് ബോൺവിൽ T100 ബ്ലാക്ക് എഡിഷന് Rs 8.87 ലക്ഷവും ബോൺവിൽ T120 ബ്ലാക്ക് എഡിഷന് Rs 9.97 ലക്ഷവും ആണ് എക്‌സ്-ഷോറൂം വില. റെഗുലർ മോഡലുകളുടെ അതെ വിലയ്ക്കാണ് ബ്ലാക്ക് എഡിഷൻ മോഡലുകളും വില്പനക്ക് എത്തിയിരിക്കുന്നത്.

വീലുകൾ, എഞ്ചിൻ, മിററുകൾ, ഇൻഡിക്കേറ്റർ ക്യാപ്, ഇരട്ട ഷൂട്ടർ എക്‌സ്‌ഹോസ്റ്റുകൾ എന്നിവയ്‌ക്കെല്ലാം ബ്ലാക്ക് എഡിഷൻ മോഡലുകളിൽ കറുപ്പ് നിറമാണ്. ഇത് കൂടാതെ T120 ബ്ലാക്ക് എഡിഷനിൽ കറുപ്പ് നിറത്തിലുള്ള ഗ്രബ് റെയിലും ബ്രൗൺ നിറത്തിലുള്ള സീറ്റുകളുമാണ്.

എൻജിനും സൈക്കിൾ പാർട്സുകളും ബോൺവിൽ ടി 100, ബോൺവിൽ ടി 120 സ്റ്റാൻഡേർഡ് മോഡലിനും ബ്ലാക്ക് എഡിഷനും സമാനമാണ്. 55 എച്ച്പി പവറും 77 എൻഎം ടോർക്കും നിർമിക്കുന്ന 900 സിസി പാരലൽ-ട്വിൻ എഞ്ചിൻ ആണ് ബോൺവിൽ ടി 100-ന്. 1,200 സിസി പാരലൽ-ട്വിൻ എൻജിനാണ് ബോൺവിൽ ടി 120-ന്. 80 എച്ച്പി പവറും 105 എൻഎം ടോർക്കുമാണ് ഈ എൻജിൻ ഉത്‌പാദിപ്പിക്കുന്നത്.

ട്യൂബുലാർ സ്റ്റീൽ-തൊട്ടിൽ ഫ്രെയിമുകളിൽ ആണ് ഇരുവാഹനങ്ങളുടെയും നിര്‍മ്മാണം. സ്പോക്ക് വീലുകൾ, ഡ്യുവൽ ചാനൽ എബിഎസ്, നിഷ്ക്രിയമാക്കാവുന്ന ട്രാക്ഷൻ കണ്ട്രോൾ സിസ്റ്റം, റൈഡ് ബൈ വയർ എന്നിവയാണ് മറ്റുള്ള ആകർഷണങ്ങൾ. ബോൺവിൽ ടി 120 മോഡലിന് രണ്ട് റൈഡിങ് മോഡുകൾ അധികമായുണ്ട്.

ജെറ്റ് ബ്ലാക്ക്, മാറ്റ് ബ്ലാക്ക് എന്നിങ്ങനെ രണ്ട് നിറങ്ങളിൽ ആണ് ബോൺവിൽ T100 ബ്ലാക്ക് എഡിഷൻ എത്തുന്നത്. ജെറ്റ് ബ്ലാക്ക്, മാറ്റ് ഗ്രാഫൈറ്റ് എന്നീ നിറങ്ങളിലാണ് T120 ബ്ലാക്ക് എഡിഷനിൽ വിപണിയില്‍ എത്തുക.