Asianet News MalayalamAsianet News Malayalam

നിരത്തില്‍ കുതിക്കാന്‍ ആ റോക്കറ്റ് എത്തി, വില 18.4 ലക്ഷം!

ഐക്കണിക്ക് ബ്രിട്ടീഷ് ഇരുചക്ര വാഹന നിര്‍മാതാക്കളായ ട്രയംഫ് മോട്ടോര്‍സൈക്കിള്‍സിന്‍റെ ഏറ്റവും വിലക്കൂടുതലുള്ള ബൈക്ക് ഇന്ത്യയിൽ അവതരിപ്പിച്ചു. 

Triumph Rocket 3 GT launched in India
Author
Mumbai, First Published Sep 11, 2020, 10:37 AM IST

ഐക്കണിക്ക് ബ്രിട്ടീഷ് ഇരുചക്ര വാഹന നിര്‍മാതാക്കളായ ട്രയംഫ് മോട്ടോര്‍സൈക്കിള്‍സിന്‍റെ ഏറ്റവും വിലക്കൂടുതലുള്ള ബൈക്ക് ഇന്ത്യയിൽ അവതരിപ്പിച്ചു. അർബൻ ക്രൂയ്സർ മോഡൽ ആയ റോക്കറ്റ് 3 ജിടിയാണ് ട്രയംഫിന്റെ പുത്തൻ മോഡല്‍.

18.4 ലക്ഷം ആണ് റോക്കറ്റ് 3 ജിടിയുടെ എക്‌സ്-ഷോറൂം വില. റോക്കറ്റ് 3 ആറുമായി താരതമ്യം ചെയ്യുമ്പോൾ 40,000 മാത്രമേ റോക്കറ്റ് 3 ജിടി മോഡലിന് കൂടുതലുള്ളൂ. സിൽവർ ഐസ്/സ്റ്റോം ഗ്രേ, ഫാന്റം ബ്ലാക്ക് എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് ട്രയംഫ് റോക്കറ്റ് 3 ജിടി അവതരിപ്പിച്ചിരിക്കുന്നത്.

2,500 സിസി ലിക്വിഡ്-കൂൾഡ് എൻജിനാണ് ട്രയംഫ് റോക്കറ്റ് 3 ജിടിയുടെ ഹൃദയം. ഇതേ എൻജിൻ ആണ് റോക്കറ്റ് ആർ പതിപ്പിനും. ഈ എൻജിൻ 6,000 അർപിഎമ്മിൽ 167 എച്ച്പി പവറും 4,000 അർപിഎമ്മിൽ 221എൻഎം ടോർക്കും ഉല്പാദിപ്പിക്കും. റോക്കറ്റ് 3 ആറിനേക്കാൾ 3 കിലോഗ്രാം ഭാരം കൂടുതലാണ് റോക്കറ്റ് 3 ജിടിയ്ക്ക് (294 കിലോഗ്രാം).

ഒരു യഥാർത്ഥ ക്രൂയ്സർ ബൈക്ക് ഡിസൈൻ ആയതുകൊണ്ട് ഒരല്പം മുൻപിലേക്ക് കയറി നിക്കുന്ന ഫുട്ട്പെഗ് ആണ് റോക്കറ്റ് 3 ജിടിയ്ക്ക്. ഒപ്പം ഉയരം കൂടിയ പുറകിലേക്ക് ഇറങ്ങി ഇരിക്കുന്ന ഹാൻഡിൽ ബാറും കൂടെ ചേരുമ്പോൾ കൂടുതൽ ആയാസരഹിതമായ സീറ്റിംഗ് പൊസിഷൻ ഉറപ്പ്. റൈഡ് ചെയ്യുന്ന വ്യക്തിയുടെ സൗകര്യത്തിനനുസരിച്ച് ഹാൻഡിൽ ബാറിന്റെ ഉയരം 15 എംഎം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. ഫൂട്ട്പെഗ്ഗിൻ്റെ സ്ഥാനം 25 എംഎം മുൻപിലേക്കോ പുറകിലേക്കോ നീക്കാം. റോക്കറ്റ് ആർ മോഡലിനേക്കാൾ (773 എംഎം) സീറ്റ് ഹൈറ്റ് കുറവാണ് റോക്കറ്റ് 3 ജിടി മോഡലിന് (750 എംഎം). മാത്രമല്ല, പുത്തൻ ജിടി പതിപ്പിന്, ഫ്ലൈ-സ്ക്രീൻ, ഹീറ്റഡ് ഗ്രിപ്പുകൾ, പിന്നിലിരിക്കുന്ന വ്യക്തിക്ക് ഉയരം ക്രമീകരിക്കാവുന്ന ബാക്ക്റെസ്റ്റ് എന്നിവയുമുണ്ട്.

മുൻചക്രങ്ങൾക്ക് ഷോവ യുഎസ്ഡി ഫോർക്കുകളും (120 എംഎം ട്രാവൽ), പിന്നിൽ മോണോഷോക്ക്, ഷോവ പിഗ്ഗിബാക്ക് റിസർവോയർ, റിമോട്ട് അഡ്ജസ്റ്റർ (107 എംഎം ട്രാവൽ) സസ്പെൻഷനുമാണ്‌. പുതിയ റോക്കറ്റ് 3 ജിടിക്കായി 50-ൽ ലധികം ആക്‌സസറികളും ട്രയംഫ് മോട്ടോർസൈക്കിൾസ് ഇന്ത്യ തയ്യാറാക്കിയിട്ടുണ്ട്.

കഴിഞ്ഞ 5 മാസത്തിനിടെ ട്രയംഫ് മോട്ടോർസൈക്കിൾസ് സ്ട്രീറ്റ് ട്രിപ്പിൾ ആർ‌എസ്, ടൈഗർ 900, സ്ട്രീറ്റ് ട്രിപ്പിൾ ആർ‌ എന്നെ ബൈക്കുകളും ബോൺവിൽ ടി 100, ബോൺവിൽ ടി 120 മോഡലുകളുടെ ബ്ലാക്ക് എഡിഷനും ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios