ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ ഡിസൈന്‍ വിഭാഗം വൈസ് പ്രസിഡന്റായി തിമോത്തി പ്രെന്റിസിനെ നിയമിച്ചു

രാജ്യത്തെ ആഭ്യന്തര ഇരുചക്ര - മുച്ചക്ര വാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരാണ് ചെന്നൈ ആസ്ഥാനമായ ടിവിഎസ് മോട്ടോഴ്‍സ്. ഇപ്പോഴിതാ ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ ഡിസൈന്‍ വിഭാഗം വൈസ് പ്രസിഡന്റായി തിമോത്തി പ്രെന്റിസിനെ നിയമിച്ചതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ആഗോളതലത്തില്‍ ഏറ്റവുമധികം പ്രശംസ നേടിയ മോട്ടോര്‍സൈക്കിള്‍ ഡിസൈനര്‍മാരില്‍ ഒരാളാണ് പ്രെന്റിസ്. മോട്ടോര്‍സൈക്കിള്‍ ഡിസൈന്‍, പ്രോജക്റ്റ് മാനേജ്‌മെന്റ്, പ്രൊഡക്റ്റ് ഡെവലപ്‌മെന്റ് എന്നിവയില്‍ 35 വര്‍ഷത്തിലേറെ പരിചയസമ്പന്നനാണ് തിമോത്തി പ്രെന്റിസ്.

രൂപകല്‍പ്പനയിലെ പ്രവണതകളുമായി ബന്ധപ്പെട്ട അതിവേഗ മാറ്റങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കാനും ഭാവി സാങ്കേതികവിദ്യകളില്‍ മത്സരാധിഷ്ഠിത സ്ഥാനം നിലനിര്‍ത്താനുമുള്ള ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ മികവ് പ്രെന്റിസിന്റെ നിയമനത്തോടെ പുതിയ തലത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. നൂതന ഡിസൈന്‍ ആസൂത്രണത്തില്‍ വൈദഗ്ധ്യം നേടിയ തിമോത്തി പ്രെന്റിസ് ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയുള്ള ഇലക്ട്രിക് വാഹന ഡിസൈനുകളിലും പരിചയസമ്പന്നനാണ്. ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ ഇവി ലൈനപ്പ് രൂപകല്‍പ്പനയെ അടുത്ത ഘട്ടത്തിലേക്ക് ഉയര്‍ത്താന്‍ അദ്ദേഹത്തിന് കഴിയും എന്നാണ് റിപ്പോര്‍ട്ടുകള്‍.