ടിവിഎസ് മോട്ടോർ കമ്പനി 2020 ഒക്ടോബറിൽ മൊത്തം വാഹന വിൽപ്പനയിൽ 22 ശതമാനം വർധന രേഖപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. 394,724 യൂണിറ്റായിരുന്നു കഴിഞ്ഞ മാസത്തെ വില്‍പ്പന എന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. 2019 ഒക്ടോബറിൽ കമ്പനി മൊത്തം 3,23,368 യൂണിറ്റുകളാണ് വിറ്റഴിച്ചത്. 

കഴിഞ്ഞ മാസം മൊത്തം ഇരുചക്രവാഹന വിൽപ്പന 24 ശതമാനം വർധിച്ച് 382,121 യൂണിറ്റായി. മുൻ‌വർഷം ഇതേ കാലയളവില്‍ ഇത് 3,08,161 യൂണിറ്റായിരുന്നു. ആഭ്യന്തര ഇരുചക്രവാഹന വിൽപ്പന 19 ശതമാനം ഉയർന്ന് 3,01,380 യൂണിറ്റായി. 2019 ഒക്ടോബറിൽ ഇത് 2,52,684 യൂണിറ്റായിരുന്നു.

മോട്ടോർ സൈക്കിൾ വിൽപ്പന 2020 ഒക്ടോബറിൽ 1,73,263 യൂണിറ്റായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 1,25,660 യൂണിറ്റായിരുന്നു. 38 ശതമാനം വളർച്ച. സ്കൂട്ടർ വിൽപ്പന അഞ്ച് ശതമാനം വർധിച്ച് 1,27,138 യൂണിറ്റായി. 2019 ഒക്ടോബറിൽ 1,21,437 യൂണിറ്റായിരുന്നു.

എന്നാല്‍ മുച്ചക്ര വാഹന വില്‍പ്പന ഇടിഞ്ഞു. 2020 ഒക്ടോബറിൽ 12,603 ​​യൂണിറ്റായിരുന്നു മുച്ചക്ര വാഹന വില്‍പ്പന. 2019ല്‍ ഇതേ കാലയളവിൽ ഇത് 15,207 യൂണിറ്റായിരുന്നു. ഒക്ടോബറിൽ മൊത്തം കയറ്റുമതി 33 ശതമാനം വർധിച്ച് 92,520 യൂണിറ്റായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 69,339 യൂണിറ്റായിരുന്നു. ഇരുചക്രവാഹന കയറ്റുമതി 46 ശതമാനം ഉയർന്ന് 80,741 യൂണിറ്റിലെത്തി. 2019 ഒക്ടോബറിൽ ഇത് 55,477 യൂണിറ്റായിരുന്നു.