ടിവിഎസിന്‍റെ 2020 അപ്പാഷെ RTR 200 4V അയല്‍ രാജ്യമായ നേപ്പാള്‍ വിപണിയിൽ അവതരിപ്പിച്ചു. ഗ്ലോസി ബ്ലാക്ക്, പേൾ വൈറ്റ് എന്നീ രണ്ട് നിറങ്ങളിൽ ബൈക്ക് നേപ്പാളിൽ ലഭ്യമാണ്. നേപ്പാളിലെ ടിവിഎസിന്റെ ഔദ്യോഗിക ഇറക്കുമതിക്കാരായ ജഗദാംബ മോട്ടോർസ് പ്രൈവറ്റ് ലിമിറ്റഡ് (JMPL) വഴിയാകും വാഹനം വിൽപ്പനയ്‌ക്കെത്തുക. 

ഏറ്റവും നൂതനവും സെഗ്‌മെൻറ് നിർ‌വ്വചിക്കുന്നതുമായ ഉൽ‌പ്പന്നങ്ങൾ‌ നേപ്പാളിലെ തങ്ങളുടെ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ JMPL -ൽ‌ തങ്ങൾ‌ പ്രതിജ്ഞാബദ്ധരാണ് എന്ന് പുതിയ ഉൽ‌പ്പന്നം അവതരിപ്പിച്ച് JMPL മാനേജിംഗ് ഡയറക്ടർ ഷാഹിൽ അഗർവാൾ വ്യക്തമാക്കി. പുതിയ മോഡൽ തങ്ങളുടെ ഉപഭോക്താക്കളെ സന്തോഷിപ്പിക്കുമെന്നും മറ്റുള്ളവയിൽ നിന്ന് വ്യത്യസ്ഥമായി മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. 

അപ്പാഷെ RTR 200 4V ഈ വർഷം ആദ്യം ബി‌എസ്6 പാലിക്കുന്നതിനായി കമ്പനി പരിഷ്‍കരിച്ചിരുന്നു.  197.75 സിസി സിംഗിള്‍ സിലിണ്ടര്‍ ഓയില്‍ കൂള്‍ഡ് എന്‍ജിനാണ് RTR 200 4V മോഡലിന്‍റെ ഹൃദയം. 8500 ആര്‍പിഎമ്മില്‍ 20.2 ബിഎച്ച്പി പവറും 7500 ആര്‍പിഎമ്മില്‍ 16.8 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ സൃഷ്‍ടിക്കും. സ്ലിപ്പര്‍ ക്ലച്ചോടെ 5 സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാൻസ്‍മിഷന്‍.  ഗ്ലോസ് ബ്ലാക്ക്, പേള്‍ വൈറ്റ് എന്നീ രണ്ട് നിറങ്ങളിലാണ് വാഹനം ലഭ്യമാവുക. ഡ്യുവല്‍ ചാനല്‍ എബിഎസ് സംവിധാനമാണ് സുരക്ഷ. 

പുതുക്കിയ രൂപകൽപ്പനയും പുതിയ സവിശേഷതകളും ഉൾപ്പെടെ സമഗ്രമായ മാറ്റങ്ങൾ ബൈക്കിന് ഉണ്ട്. പുതിയ എൽഇഡി ഹെഡ്‌ലാമ്പ്, ഫെതർ ടച്ച് സ്റ്റാർട്ട്, പുതിയ ബോഡി ഗ്രാഫിക്സ്, റേഡിയൽ ടയർ, റേസ് ഡെറിവേഡ് ABS എന്നിവ പുതിയ മോഡലിൽ ഉൾപ്പെടുന്നു.