തുഗ്ലക്ക് റോഡിൽ രണ്ട് ഇന്നോവ ക്രിസ്റ്റ വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നു. ഇതിലൊന്ന് സിൽവ‍ർ മെറ്റാലിക് നിറത്തിലും മറ്റൊന്ന് വെളുത്ത നിറത്തിലുള്ളതും ആയിരുന്നു.

രാജ്യത്തെ ഏറ്റവും വലിയ വിവിഐപികൾ താമസിക്കുന്ന തലസ്ഥാനമായ ഡൽഹിയിലെ ലുട്ടിയൻസ് ഏരിയയുടെ സുരക്ഷ തകർക്കാൻ എന്തെങ്കിലും വലിയ ഗൂഢാലോചന നടന്നിട്ടുണ്ടോ? തുഗ്ലക്ക് റോഡിലെ അതീവ സുരക്ഷാ മേഖലയിൽ നിന്ന് മാർച്ച് 18ന് ഒരേ നമ്പറിലുള്ള രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകൾ പിടിച്ചെടുത്തതോടെയാണ് കടുത്ത ആശങ്ക ഉയ‍ർന്നത്. വിഐപി സുരക്ഷയിൽ ഏർപ്പെട്ടിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ ഒരേ നമ്പറിലുള്ള രണ്ട് കാറുകൾ കണ്ടതിനെ തുടർന്നാണ് വിവരം നൽകിയതെന്ന് ഡൽഹി പോലീസ് പറഞ്ഞു. സംഭവത്തിൽ വാഹനങ്ങൾ പിടികൂടുകയും കേസെടുക്കുകയും ചെയ്‍തു എന്നാണ് റിപ്പോര്‍ട്ടുകൾ. ഐപിസി 482, 471 വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. വാഹനത്തിൻ്റെ ഉടമ ഫരീദാബാദ് സ്വദേശിയാണെന്നാണ് സൂചന.

മാർച്ച് 18 ന് വൈകുന്നേരം 6:19 ന് ഡൽഹി പോലീസിന് പിസിആർ കോളിലൂടെ സംശയാസ്പദമായ നലിയിൽ ഉപേക്ഷിക്കപ്പെട്ട ഇന്നോവ ക്രിസ്റ്റ കാറുകളെ കുറിച്ച് വിവരം ലഭിക്കുകയായിരുന്നു. അതീവ സുരക്ഷാ മേഖലയിൽ നിന്ന് വിളിച്ചറിയിച്ച ഉടൻ തന്നെ പൊലീസ് നടപടിയെടുത്തു. തുടർന്ന് സ്ഥലത്തെത്തിയ ശേഷം ഈ കാറുകൾ പിടികൂടി. സംശയാസ്പദമായ വസ്തുക്കൾ ഉണ്ടോ എന്നറിയാൻ ആദ്യം വാഹനങ്ങൾ പരിശോധിച്ചു. എന്നിരുന്നാലും, ആക്ഷേപകരമായ ഒരു ഇനവും കണ്ടെത്തിയില്ല.

തുഗ്ലക്ക് റോഡിൽ ആയിരുന്നു ഈ രണ്ട് ഇന്നോവ ക്രിസ്റ്റ വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നത്. ഇതിലൊന്ന് സിൽവ‍ർ മെറ്റാലിക് നിറത്തിലും മറ്റൊന്ന് വെളുത്ത നിറത്തിലുള്ളതും ആയിരുന്നു. രണ്ട് വാഹനങ്ങളുടെയും നമ്പർ HR87J3289 ആയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സിൽവ‍ർ നിറത്തിലുള്ള കാർ യഥാർത്ഥമാണെന്നും രണ്ടാമത്തേത് കാറിൻ്റെ ഷാസിയിലെ നമ്പർ രജിസ്ട്രേഷനുമായി പൊരുത്തപ്പെടുന്നില്ലെന്നും കണ്ടെത്തി. വെളുത്ത നിറത്തിലുള്ള ഇന്നോവയുടെ യഥാർത്ഥ നമ്പർ HR38AD9391 ആയിരുന്നു.

അതേസമയം ദില്ലി പോലീസ് ഈ സംഭവം അതീവ ഗൗരവത്തോടെയാണ് കാണുന്നത്. കാരണം രണ്ട് വാഹനങ്ങളും പാർക്ക് ചെയ്തിരുന്ന സ്ഥലം വളരെ സെൻസിറ്റീവ് ഏരിയയാണ്. ചില കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ രാജ്യത്തെ നിരവധി വിഐപികൾ ഇവിടെ താമസിക്കുന്നുണ്ട്. ഒരു കാറിൻ്റെ ടയർ പഞ്ചറായതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. വാഹനത്തിന് അവകാശവാദമുന്നയിക്കാൻ ഇതുവരെ ആരും എത്തിയിട്ടില്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ആരാണ് ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്തതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. 

എന്തിന് വേണ്ടിയാണ് വാഹനത്തിൻ്റെ നമ്പർ പ്ലേറ്റ് മാറ്റിയതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. വാഹനങ്ങൾ ഏതെങ്കിലും കുറ്റകൃത്യം ചെയ്യാൻ ഉപയോഗിച്ചിരുന്നോ അതോ എന്തെങ്കിലും ഗൂഢാലോചന നടത്തിയോ? സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. ഏതെങ്കിലും എസ്‌യുവി മോഷണം പോയിട്ടുണ്ടോയെന്ന് പരിശോധിക്കാൻ മറ്റ് പോലീസ് സ്റ്റേഷനുകളിലും അന്വേഷിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ.

ചിത്രം - പ്രതീകാത്മകം

youtubevideo