Asianet News MalayalamAsianet News Malayalam

ആരും കൊതിക്കും; ഇത് വെസ്പ 946 ക്രിസ്റ്റ്യന്‍ ഡിയോര്‍

ഇറ്റാലിയന്‍ ഇരുചക്ര വാഹന ബ്രാന്‍ഡായ പിയാജിയോ ഗ്രൂപ്പിന്‍റെ വെസ്പ 946 മോഡലിന്റെ സ്‌പെഷ്യല്‍ എഡിഷന്‍ സ്‌കൂട്ടര്‍ വെസ്പ 946 ക്രിസ്റ്റ്യന്‍ ഡിയോര്‍ 

Ultra premium Vespa 946 Christian Dior special edition
Author
Mumbai, First Published Jun 16, 2020, 10:35 AM IST

ഇറ്റാലിയന്‍ ഇരുചക്ര വാഹന ബ്രാന്‍ഡായ പിയാജിയോ ഗ്രൂപ്പിന്‍റെ വെസ്പ 946 മോഡലിന്റെ സ്‌പെഷ്യല്‍ എഡിഷന്‍ സ്‌കൂട്ടര്‍ വെസ്പ 946 ക്രിസ്റ്റ്യന്‍ ഡിയോര്‍ എത്തി. വെസ്പയും ഫ്രഞ്ച് ഫാഷന്‍ ബ്രാന്റായ ഡിയോറും ചേര്‍ന്നാണ് പുതിയ മോഡലിനെ അവതരിപ്പിച്ചത്.  ഡിയോറിന്റെ ക്രിയേറ്റീവ് വിഭാഗവുമായി സഹകരിച്ചാണ് ഈ സ്‌പെഷ്യല്‍ എഡിഷന്‍ സ്‌കൂട്ടറിന്റെ രൂപകല്‍പ്പന. 

വെള്ള നിറത്തിലുള്ള ബോഡിയില്‍ ഗോള്‍ഡന്‍ ബോഡറുകള്‍ നല്‍കിയാണ് സ്‌കൂട്ടറിന്റെ രൂപകൽപന. പഴയകാല വെസ്പയെ അനുസ്മരിപ്പിക്കുന്ന ടയറുകളാണ് വെസ്പ 946 ക്രിസ്റ്റ്യന്‍ ഡിയോറിൽ. ലെതറില്‍ ഒരുക്കിയിരിക്കുന്ന സീറ്റും ഈ സ്‌കൂട്ടറിനെ കൂടുതൽ ആകര്‍ഷകമാക്കുന്നു. 

വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, വശങ്ങളിലായി നല്‍കിയിട്ടുള്ള ചെറിയ ഇന്റിക്കേറ്റര്‍ ലൈറ്റുകള്‍, ബോഡി കളര്‍ റിയര്‍വ്യൂ മിറര്‍ എന്നിവ ലഭിക്കുന്നു. സ്‌കൂട്ടറിന്റെ മുന്നില്‍ ഗോള്‍ഡന്‍ ഫിനീഷിങ്ങില്‍ വെസ്പ ബാഡ്ജിങ്ങും വശങ്ങളില്‍ ക്രിസ്റ്റ്യന്‍ ഡിയോര്‍ എന്നും രേഖപ്പെടുത്തിയിരിക്കുന്നത് കാണാം. സീറ്റിന് താഴെയായി ക്രിസ്റ്റ്യന്‍ ഡിയോര്‍ ലോഗോയും ഉണ്ട്. ഡിസൈനില്‍ മാറ്റം വരുത്തിയിട്ടുണ്ടെങ്കിലും മെക്കാനിക്കലായി മാറ്റം വരുത്തുന്നില്ലെന്നാണ് വിവരം.

വെസ്പ 946-ന് 125 സിസി മൂന്ന് വാല്‍വ് ഫ്യുവല്‍ ഇഞ്ചക്ഷന്‍ സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 11.4 ബിഎച്ച്പി പവറും 10.3 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. 2021-ഓടെ ആയിരിക്കും ഈ വാഹനം വിപണിയില്‍ എത്തുക. വെസ്പ 946 ക്രിസ്റ്റ്യന്‍ ഡിയോറിന്റെ വില അവതരണ വേളയില്‍ വെളിപ്പെടുത്തും. 

വെസ്പയുടെ പ്രൗഢ പാരമ്പര്യത്തിനുള്ള ആദരം കൂടിയാണ് ഈ സ്കൂട്ടറെന്ന്  പിയാജിയൊയുടെ പ്രോഡക്ട് ആൻഡ് മാർക്കറ്റിങ് സ്ട്രാറ്റജി മേധാവിയും ഇംസി ഗ്രൂപ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ മൈക്കൽ കൊളനിനൊ പറഞ്ഞു. ഇറ്റലിയിൽ വെസ്പ അരങ്ങേറ്റം കുറിച്ച 1946ൽ തന്നെയായിരുന്നു പാരിസിൽ ഹൗസ് ഓഫ് ഡിയോർ പ്രവർത്തനം ആരംഭിച്ചത്. വാർഷികത്തിന്റെ സ്മാരകവും ആഘോഷവുമായാണ് വെസ്പ 946 എത്തിയത്.  രൂപകൽപ്പനാ മികവിന്റെയും നിർമാണ വൈഭവത്തിന്റെയും അപൂർവ സമന്വയമാണ് ഈ പരിമിതകാല പതിപ്പിൽ പ്രതിഫലിക്കുന്നതെന്നും വെസ്പയും ഡിയോറുമായുള്ള പങ്കാളിത്തം സൗന്ദര്യത്തിന്റെ ആഘോഷമാണെന്നും മൈക്കൽ കൊളനിനൊ പറഞ്ഞു.  

Follow Us:
Download App:
  • android
  • ios