തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ വാഹന ഡ്രൈവര്‍മാര്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കി. വെള്ള ഷര്‍ട്ടും കറുത്ത പാന്റ്‌സുമാണ് വേഷം. സ്ഥാപനങ്ങളുടെ ഫോട്ടോപതിച്ച തിരിച്ചറിയല്‍ കാര്‍ഡും ഉണ്ടാകണം. ഇതു സംബന്ധിച്ച് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഉത്തരവിറക്കി. 

നിലവില്‍ കാക്കിഷര്‍ട്ടായിരുന്നു വേഷം. ഇതോടെ ഏകീകൃത യൂണിഫോം വേണമെന്നുള്ള ഏറെക്കാലത്തെ ആവശ്യത്തിനാണ് പരിഹാരമാകുന്നത്. എജ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ ബസ് പെര്‍മിറ്റുള്ള വാഹനങ്ങള്‍ക്കെല്ലാം പുതിയ ഉത്തരവ് ബാധകമാണ്. 

സംസ്ഥാനത്ത്‌ 20,000 അംഗീകൃത സ്‌കൂള്‍ വാഹനങ്ങളാണുള്ളത്. 10 വര്‍ഷം ഡ്രൈവിങ് പരിചയമുള്ളവര്‍ക്കാണ് സ്‌കൂള്‍വാഹനങ്ങള്‍ ഓടിക്കാന്‍ യോഗ്യത. അപകടമുണ്ടാക്കിയതിന് ശിക്ഷിക്കപ്പെട്ടവര്‍ക്ക് വിലക്കുണ്ട്. അതിവേഗം, അലക്ഷ്യമായ ഡ്രൈവിങ്, ഡ്രൈവിങ്ങിനിടെ മൊബൈല്‍ഫോണ്‍ ഉപയോഗം എന്നീ കുറ്റങ്ങള്‍ക്ക് പിടിക്കപ്പെട്ടവരെയും സ്‌കൂള്‍വാഹനങ്ങളില്‍ നിയോഗിക്കാന്‍ പാടില്ല.  ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യപ്പെടുന്നതും സ്‍കൂള്‍ ബസ് സാരഥിയാകാനുള്ള അയോഗ്യതയാണ്.