Asianet News MalayalamAsianet News Malayalam

എബിഎസ്, എയര്‍ബാഗ്... 'ശക്തിമരുന്ന്' കഴിച്ച് പുത്തന്‍ അള്‍ട്ടോ!

എബിഎസ്, ഇബിഡി ബ്രേക്കിങ് സംവിധാനം ഡ്രൈവര്‍ സൈഡ് എയര്‍ബാഗ്, സ്പീഡ് അലേര്‍ട്ട്, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളോടെ അള്‍ട്ടോ 800

Updated Maruti Alto 800 revealed
Author
Mumbai, First Published Apr 18, 2019, 11:34 AM IST

ഇന്ത്യയില്‍ അക്ഷരാര്‍ത്ഥത്തില്‍ വാഹനവിപ്ലവത്തിന് വഴിയൊരുക്കിയ ചെറുകാറാണ് മാരുതി സുസുക്കിയുടെ അള്‍ട്ടോ. മാരുതി 800 തുറന്നിട്ട സാധാരണക്കാരന്‍റെ വാഹന സ്വപ്‍നങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാക്കിയ മോഡല്‍. എക്കാലത്തും മാരുതിയുടെ സ്വാകാര്യ അഹങ്കാരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കാര്‍. 2000ല്‍ ഇന്ത്യന്‍ വിപണിയിലെത്തിയ ഈ ഹാച്ച് ബാക്കിനെ കൂടുതല്‍ കരുത്തനും ശക്തനുമായി അവതരിപ്പിച്ചിരിക്കുകയാണ് മാരുതി.

ഇന്ത്യയിലെ സുരക്ഷ മാനദണ്ഡങ്ങള്‍ ശക്തമാക്കിയതിന് പിന്നാലെ എബിഎസും എയര്‍ബാഗും ഉള്‍പ്പെടെ കൂടുതല്‍ സുരക്ഷയും ഒരുക്കിയാണ് വാഹനത്തെ നിരത്തിലിറക്കിയിരിക്കുന്നത്. എബിഎസ്, ഇബിഡി ബ്രേക്കിങ് സംവിധാനം ഡ്രൈവര്‍ സൈഡ് എയര്‍ബാഗ്, സ്പീഡ് അലേര്‍ട്ട്, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളോടെയാണ് പുത്തന്‍ അള്‍ട്ടോ എത്തുന്നത്.

ബോഡി കൂടുതല്‍ ദൃഡമാക്കിയതിനൊപ്പം വാഹനത്തിന്‍റെ രൂപത്തിലും മാറ്റങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്ലാക്ക് ഫിനീഷിങ് ഗ്രില്ലും ഹണി കോംമ്പ് ഷേപ്പിലുള്ള വലിയ എയര്‍ഡാമും പുതിയ ബമ്പറും വാഹനത്തെ വേറിട്ടതാക്കുന്നു.

ബ്ലാക്ക്-ബെയ്ജ് ഡ്യുവല്‍ ടോണിലാണ് ഇന്റീരിയര്‍. എഫ്എം, യുഎസ്ബി, ഓക്‌സിലറി എന്നിവ നല്‍കിയിട്ടുള്ള മ്യൂസിക് സിസ്റ്റം, ആള്‍ട്ടോ കെ10-ല്‍ നല്‍കിയിരുന്ന ത്രീ സ്‌പോക്ക് സ്റ്റിയറിങ്ങ് വീല്‍ തുടങ്ങിവയാണ് ഇന്റീരിയറിലെ പ്രധാന മാറ്റങ്ങള്‍. ഒപ്പം സെന്ററിലെ എസി വെന്റുകളുടെ സ്ഥാനവും മാറി. 

എഞ്ചിനില്‍ കാര്യമായ മാറ്റങ്ങളൊന്നും ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 48 ബിഎച്ച്പി കരുത്തും 69 എന്‍എം ടോര്‍ക്കുമേകുന്ന 796 സിസി എന്‍ജിന്‍ തന്നെയാവും വാഹനത്തിന്‍റെ ഹൃദയം. 

ആഗോളതലത്തിലെ ആദ്യ ആള്‍ട്ടോ കാറിന് ഈ വരുന്ന ഒക്ടോബറില്‍ 40 വയസ് തികയുകയാണ്.  1979 ഒക്ടോബറിലാണ് ജപ്പാനിലെ സുസുക്കി പ്ലാന്‍റില്‍ ഈ ഹാച്ച് ബാക്ക് ജനിക്കുന്നത്. നാല്‍പ്പതാം വാര്‍ഷിക ദിനത്തില്‍ അള്‍ട്ടോയുടെ പുതു തലമുറ മോഡലിനെ സുസുക്കി അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2014 മോഡല്‍ സുസുക്കി അള്‍ട്ടോയാണ് നിലവില്‍ ആഗോള നിരത്തുകളിലോടുന്നത്. ഇന്ത്യന്‍ നിരത്തുകളിലെ മാരുതി അള്‍ട്ടോ 800 മോഡലില്‍ നിന്ന് വ്യത്യസ്തമാണ് വിദേശ രാജ്യങ്ങളിലെ അള്‍ട്ടോ.  

ഇന്ത്യന്‍ നിരത്തുകളില്‍ വിപ്ലവം സൃഷ്‍ടിച്ച് 1983ലാണ് മാരുതി 800 വിപണിയിലെത്തുന്നത്. പിന്നീട് പ്രീമിയം വിഭാഗത്തിലേക്ക് മാരുതിയും സുസുക്കിയും ചേര്‍ന്ന്  2000 -ലാണ് അള്‍ട്ടോയെ വിപണിയിൽ എത്തിക്കുന്നത്. തുടര്‍ന്ന് 2012 ലാണ് അള്‍ട്ടോ 800 എന്ന പേരില്‍ കമ്പനി രണ്ടാംതലമുറ അള്‍ട്ടോ ഹാച്ച്ബാക്കിനെ അവതരിപ്പിച്ചു. ഈ മോഡല്‍ തന്നെയാണ് ഇപ്പോഴും വിപണിയില്‍ തുടരുന്നത്. 24.7 കിലോമീറ്റര്‍ വരെ മൈലേജുള്ള അള്‍ട്ടോ 800 ഹാച്ച്ബാക്കിന് നിലവില്‍ 2.52 ലക്ഷം രൂപ മുതലാണ് വിപണി വില. 2.63 ലക്ഷം മുതലായിരിക്കും പുത്തന്‍ അള്‍ട്ടോയുടെ ദില്ലി എക്സ് ഷോറൂം വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

Follow Us:
Download App:
  • android
  • ios