Asianet News MalayalamAsianet News Malayalam

വട്ടപ്പാറ വളവ് എന്ന മലപ്പുറം ജില്ലയിലെ 'ബർമുഡ ട്രയാംഗിൾ', ടാങ്കർലോറികളുടെ മരണക്കെണി

ഒറ്റ നോട്ടത്തിൽ വളരെ സാധാരണമായ ഒരു 90 ഡിഗ്രി വളവുമാത്രമാണ് ഇത് എങ്കിലും ആഴ്ചയിൽ ഒരപകടം എന്നതാണ് ഇവിടത്തെ ഒരു പതിവ്. 

Vattappara curve, the burmuda triangle of loaded trucks in Malappuram on NH 17
Author
Valanchery, First Published Mar 23, 2020, 12:00 PM IST

മലപ്പുറം ജില്ലയിലെ വളാഞ്ചേരിയില്‍ നിന്നും ഏതാണ്ട് 4 കി മീ ദൂരെ, പണ്ട് NH 17  എന്നും ഇന്ന് NH 66 എന്നും അറിയപ്പെടുന്ന ദേശീയ പാതപാതയിൽ   സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണ് വട്ടപ്പാറ. വെട്ടിച്ചിറയ്ക്കും വളാഞ്ചേരിക്കും ഇടയിൽ വട്ടപ്പാറയിലുള്ള ഒരു 'കുപ്രസിദ്ധ'മായ വളവാണ് 'വട്ടപ്പാറ വളവ്'. ഒറ്റ നോട്ടത്തിൽ വളരെ സാധാരണമായ ഒരു 90 ഡിഗ്രി വളവുമാത്രമാണ് ഇത് എങ്കിലും ആഴ്ചയിൽ ഒരപകടം എന്നതാണ് ഇവിടത്തെ ഒരു പതിവ്. വർഷാവർഷം ഈ വളവിൽ തലകുത്തനെ മറിഞ്ഞിട്ടുള്ള വണ്ടികൾക്ക് കണക്കില്ല. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഇവിടെ നടന്നിട്ടുളളത് മുന്നൂറിൽ അധികം വാഹനാപകടങ്ങളാണ്.  മുപ്പതിലധികം മരണങ്ങൾ, ഇരുനൂറിലധികം പേർക്ക് പരിക്കും. വാഹനങ്ങൾ വരുന്നതും, മറിയുന്നതും, അഗ്നിശമനസേനാംഗങ്ങൾ മണിയും മുഴക്കി പാഞ്ഞുവന്നു വാഹനം ഉയർത്താൻ ശ്രമിക്കുന്നതും ഒക്കെ ഒരു പതിവ് അനുഷ്ഠാനം പോലെയാണ് പ്രദേശവാസികൾക്ക് അനുഭവപ്പെടാറുള്ളത്. 

 

Vattappara curve, the burmuda triangle of loaded trucks in Malappuram on NH 17

 

ആളുകൾക്കുണ്ടാകുന്ന പരിക്കുകൾക്കും ജീവാപായങ്ങൾക്കും പുറമെ ഈ അപകടങ്ങൾക്ക് പലപ്പോഴും പ്രദേശവാസികളെ ആശങ്കയുടെ മുൾമുനയിൽ നിർത്തുന്ന മറ്റൊരു പൊതുസ്വഭാവമുണ്ട്. പാചകവാതകവും, മറ്റു രാസലായനികളും, വാതകങ്ങളും മറ്റുമായി കൊച്ചിയിലേക്ക് പോകുന്ന ടാങ്കർ ലോറികളാണ് ഇവിടെ സ്ഥിരമായി അപകടത്തിൽ പെടുന്നത്. ഇങ്ങനെയുണ്ടാകുന്ന അപകടങ്ങളുടെ പേരിൽ അർദ്ധരാത്രിയിൽ പലവട്ടം പ്രദേശവാസികൾ കിടക്കപ്പായയിൽ നിന്ന് ഇറങ്ങിയോടിയ ചരിത്രവുമുണ്ട്. വാതകചോർച്ച അവർക്കൊരു പുത്തരിയല്ല. ഏത് വാതകമാണ് ചോർന്നത്, തീപ്പിടിക്കാൻ സാധ്യതയുണ്ടോ എന്നൊക്കെയുള്ള ചോദ്യങ്ങളാണ് സാധാരണ അവർക്ക് ഉണ്ടാകാറുള്ളത്. 

വളവിനെ സമീപിക്കുമ്പോൾ റോഡിനുളള ഇറക്കം, വളവിലെ റോഡ് നിർമാണത്തിൽ പ്രതലത്തിന്റെ ചെരിവിന്റെ കാര്യത്തിൽ പാലിക്കേണ്ട ശാസ്ത്രീയതയുടെ കുറവ് തുടങ്ങിയവയാണ് ഇവിടെ തുടർച്ചയായ വാഹനാപകടങ്ങൾക്കു കാരണമാകുന്നത്. ഈ അപകടങ്ങൾക്കുള്ള കാരണം നമ്മൾ ഹൈസ്‌കൂൾ ക്‌ളാസുകളിൽ പഠിച്ചിട്ടുള്ള 'ബാങ്കിങ് ഓഫ് കർവ്' എന്ന തിയറിയുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഒരു വളവിലൂടെ വേഗത്തിൽ പോകുന്ന വാഹനത്തിന് ഇപ്പോഴും പുറത്തേക്ക് തെറിച്ചു പോകാനുള്ള ഒരു പ്രവണതയുണ്ടാകും. അതിനെയാണ് സെൻട്രിഫ്യൂഗല്‍ ഫോഴ്‌സ് അഥവാ അപകേന്ദ്ര ബലം എന്ന് പറയുന്നത്. ഈ ബലം, വാഹനത്തിന്റെ ടയറിനും റോഡിനും ഇടയിലുള്ള ഘർഷണത്തെ അതിജീവിച്ചാൽ വാഹനം പുറത്തേക്ക് തെറിച്ചു വീഴും. ഈ ഘർഷണമാകട്ടെ വാഹനത്തിന്റെ വേഗത, റോഡിന്റെ പ്രതലത്തിന്റെ അവസ്ഥ, വാഹനത്തിന്റെ ലോഡ് എന്നിവയെ ആശ്രയിച്ചും ഇരിക്കും. ഇവിടെ റോഡിന്റെ ചെരിവ് ഇടത്തേക്കാണ്. വളവിറങ്ങി വരുന്ന വാഹനങ്ങളാണ് സ്വതവേ അപകടത്തിൽ പെടാറുളളത്. വേണ്ടത്ര മുന്നറിയിപ്പുകൾ ഇല്ലാത്തതിനാൽ, അല്ലെങ്കിൽ മുന്നറിയിപ്പുകൾ ശ്രദ്ധിക്കാതെ രാത്രിയിലും മറ്റും സാമാന്യം നല്ല വേഗത്തിൽ ആദ്യത്തെ ഭാഗം ഇറങ്ങി വരുന്ന ടാങ്കർ ലോറിക്കാരും ലോഡുവണ്ടിക്കാരും മറ്റും പെട്ടെന്നാണ് വലത്തേക്കുള്ള ഒരൊറ്റ ഹെയർപിൻ വളവ് ശ്രദ്ധിക്കുക. അതോടെ അവർ വലത്തേക്ക് ഒറ്റയടിക്ക് വെട്ടിത്തിരിക്കുകയും, വണ്ടി ഇടതുവശത്തേക്ക് പാളി ഇടതുഭാഗത്തെ താഴ്ചയിലേക്ക് മറിയുകയാണ് മിക്കവാറും സംഭവിക്കാറുള്ളത്. 

 

Vattappara curve, the burmuda triangle of loaded trucks in Malappuram on NH 17

 

അപകടങ്ങൾ നിത്യസംഭവങ്ങളായതോടെ നാട്ടുകാർ പലതവണ സംഘടിക്കുകയും സമരങ്ങൾ നടത്തുകയും ഒക്കെ ഉണ്ടായിട്ടുണ്ട്. നാട്ടുകാരുടെ സമരം കടുത്തപ്പോൾ 2002 -ൽ ദേശീയ പാതാ അതോറിറ്റി തന്നെ വളവിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടി രംഗത്ത് വന്നിരുന്നു. ആഴ്ചകളോളം അന്ന് റോഡ് അടച്ചിട്ടുകൊണ്ട് അവർ പണിനടത്തി. കോടികൾ ചെലവിട്ട് അന്നുനടത്തിയ അറ്റകുറ്റപ്പണികൾ ഒക്കെ വെറുതെയായി. പണി പൂർത്തിയാക്കി, മികച്ച സുരക്ഷാ മാനദണ്ഡങ്ങളും വേണ്ടത്ര മുന്നറിയിപ്പുകളും പ്രദർശിപ്പിച്ചുകൊണ്ട് റോഡ് രണ്ടാമതും തുറന്നതിന്റെ അടുത്തനാൾ വീണ്ടും അടുത്ത അപകടമുണ്ടായി എന്നാണ് നാട്ടുകാർ പറയുന്നത്. സൂക്ഷിക്കുക, അപകട മേഖല’ എന്നൊരു ബോർഡും വളവിനപ്പുറത്തെ വാഹനത്തെ കാണാനുള്ള രണ്ടു വലിയ കണ്ണാടികൾ സ്​ഥാപിച്ചതല്ലാതെ പിന്നീടൊന്നുമുണ്ടായില്ല. ആ രണ്ടു കണ്ണാടികളിൽ ഒരെണ്ണം അടുത്ത ഒരു അപകടത്തിൽ തകർന്നിരുന്നു. 

 

Vattappara curve, the burmuda triangle of loaded trucks in Malappuram on NH 17

 

അപകടങ്ങൾക്ക് അറുതിവരാൻ രണ്ടു മാർഗങ്ങളാണ് നാട്ടുകാരും എഞ്ചിനീയർമാരും ഒക്കെ ചേർന്ന് നിർദേശിച്ചിട്ടുള്ളത്. ദേശീയപാതയിൽ വട്ടപ്പാറ വളവെത്തും മുമ്പുള്ള കഞ്ഞിപ്പുരയിൽ നിന്ന് വളാഞ്ചേരിക്കപ്പുറം മൂടാലിലേക്ക് നേരിട്ട് കണക്റ്റ് ചെയ്യുന്ന ഒരു ബൈപാസ് റോഡാണ് പരിഹാരങ്ങളിൽ ഒന്ന്. രണ്ടാമത്തെ പരിഹാരവും പുത്തനത്താണിയിൽ നിന്ന് തിരുന്നാവായ കുറ്റിപ്പുറം വഴി ട്രാഫിക് തിരിച്ചു വിടാൻ പാകത്തിന് റോഡുകൾക്ക് വീതികൂട്ടുക എന്നതാണ്. എന്നാൽ, അത് രണ്ടും തന്നെ വളാഞ്ചേരിയിൽ നിന്ന് ട്രാഫിക്കിനെ പാടെ ഒഴിവാക്കും, മിക്കവാറും വണ്ടികൾ വളാഞ്ചേരി ടച്ച് ചെയ്യാതെ പോകും അവിടത്തെ കച്ചവടത്തെ ബാധിക്കും എന്നതിനാൽ പല കേന്ദ്രങ്ങളിൽ നിന്നും അതിനെതിരെ സമ്മർദ്ദമുണ്ട്.  

2017 ഏപ്രിലിൽ സർക്കാർ പുറത്തുവിട്ട ഒരു കണക്ക് പ്രകാരം ദേശീയ, സംസ്​ഥാന പാതകളിലായി 71 അപകടമേഖലകളാണ് മലപ്പുറം ജില്ലയിലുള്ളത്. അതിൽ ഏറ്റവും അപകടകരമായ വളവാണ് വട്ടപ്പാറയിലേത്. മംഗലാപുരത്തിനും കൊച്ചിക്കും ഇടയിൽ നിരവധി ടാങ്കർലോറികൾ നിരന്തരം പൊയ്ക്കൊണ്ടിരിക്കുന്ന ഈ ദേശീയ പാതയിൽ ഇങ്ങനെ ഒരു അപകടവളവ് തുടർച്ചയായ അപകടങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുമ്പോഴും അതിനൊരു സ്ഥിരം പരിഹാരം കണ്ടെത്താൻ ഇന്നും പൊതുമരാമത്ത് വകുപ്പിന് കഴിയുന്നില്ല എന്നത് വളരെ പരിതാപകരമായ ഒരവസ്ഥയാണ്. പ്രശ്നം പരിഹരിക്കാൻ വാണിജ്യ പരിഗണനകൾക്കപ്പുറം യാത്രക്കാരുടെയും പ്രദേശവാസികളുടെയും സുരക്ഷക്ക് മുൻഗണന നൽകിക്കൊണ്ട് ഒരു തീരുമാനം എടുക്കാനുള്ള ഇച്ഛാശക്തിയാണ് വേണ്ടത്. 

Follow Us:
Download App:
  • android
  • ios