കൊവിഡ് 19 മാനവരാശിയെ ഭീതിപ്പെടുത്തിക്കൊണ്ടിരിക്കുന്ന കാലമാണ്. ഓട്ടോമൊബൈൽ രംഗത്തും  വളരെയധികം പ്രതിസന്ധികളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. മറ്റെല്ലാ രാജ്യത്തെയും  പോലെ ഇന്ത്യയിലെ ഒട്ടുമിക്ക വാഹന നിർമാതാക്കളും തങ്ങളുടെ നിർമ്മാണ യൂണിറ്റുകൾ താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. 

വാഹന വിൽപ്പന മാത്രമല്ല വിൽപ്പനാനന്തര സേവനങ്ങളെയും ലോക്ക് ഡൗണ്‍ ഉള്‍പ്പെടെ കാര്യമായി ബാധിച്ചു കഴിഞ്ഞു. തങ്ങളുടെ വാഹനം സർവീസിനോ റിപ്പയറിനോ നൽകാൻ കഴിയാത്ത അവസ്ഥയാണ് മിക്ക വാഹന ഉടമകളും. എന്നാൽ ഉപഭോക്താക്കൾക്ക് ആശ്വാസം പകരുന്ന വാർത്തയുമായി ആണ് ചില  കാർ നിർമ്മാതാക്കൾ  രംഗത്തെത്തിയിരിക്കുന്നത്. കൊറോണ വൈറസ് മൂലം ഷോറൂമുകൾ എല്ലാം അടച്ചിട്ടിരിക്കുന്നതിനാൽ  സർവീസ്,  വാറണ്ടി, എക്സറ്റൻഡഡ്‌ വാറണ്ടി മുതലായ സേവനങ്ങൾ ലഭ്യമാക്കാൻ സാധിക്കാത്ത സാഹചര്യം ആയതുകൊണ്ട് ഉപഭോക്താക്കൾക്ക് അതിന്റെ കാലാവധി ഒന്നു മുതൽ മൂന്നു മാസം വരെ നീട്ടി നൽകാൻ നിലവില്‍ ചില കമ്പനികൾ തീരുമാനിച്ചിട്ടുണ്ട്.

ലക്ഷ്വറി കാർ നിർമ്മാതാക്കളായ ബിഎംഡബ്ലിയു, ഹ്യുണ്ടായി മോട്ടോഴ്സ് ഇന്ത്യ, കിയ മോട്ടോഴ്സ്,  ടാറ്റാ മോട്ടോഴ്സ് എന്നിവരാണ് ഇപ്പോൾ തങ്ങളുടെ സർവീസ് പാക്കേജുകൾ, വാറണ്ടി, എക്സ്റ്റൻഡഡ് വാറണ്ടി, ആനുവൽ മെയിന്റനൻസ് കോൺട്രാക്ട് എന്നിവയുടെ തീയതികൾ പുതുക്കി നൽകാൻ തീരുമാനിച്ചതായി അറിയിച്ചിരിക്കുന്നത്. ഒന്നു മുതൽ മൂന്നു മാസം വരെ ഇങ്ങനെ ഈ കമ്പനികള്‍ പുതുക്കി നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.