മൊബൈൽ നമ്പർ പോർട്ടബിലിറ്റി മാതൃകയില്‍ വാഹന രജിസ്ട്രേഷനും. ആവശ്യമെങ്കില്‍ പഴയ വണ്ടിയുടെ നമ്പര്‍ തന്നെ പുത്തന്‍ വണ്ടിക്കും ലഭിക്കും
മൊബൈല്‍ നമ്പര്‍ മാറാതെ തന്നെ സേവനാദാതാവിനെ മാറ്റുന്ന പദ്ധതി അടുത്തകാലത്താണ് രാജ്യത്ത് നടപ്പിലായത്. മൊബൈൽ നമ്പർ പോർട്ടബിലിറ്റി എന്ന ഈ പുതിയ സംവിധാനം വന്‍ മാറ്റമാണ് മൊബൈല്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ഉണ്ടാക്കിയത്. ഇതേ പോലെ നിങ്ങളുടെ പഴയ വണ്ടിയുടെ രജിസ്റ്റര്‍ നമ്പര്‍ തന്നെ നിങ്ങളുടെ പുതിയ വണ്ടിക്കും ലഭിക്കുകയാണെങ്കിലോ? പലരേയും അതിരറ്റ് സന്തോഷിപ്പിക്കുന്ന ഒരു വാര്‍ത്തയാകും ഇത്. കാരണം കാലാകാലങ്ങളായി ഉപയോഗിച്ചു കൊണ്ടിരുന്ന ഒരു വാഹന നമ്പര്‍ നമ്മുടൊപ്പം വീണ്ടും തുടരുക , അതും പുതിയ വാഹനത്തിന് എന്നത് ഒരു കൌതുകം കൂടിയാണല്ലോ! എന്നാല്‍ ഇങ്ങനെയൊരു പരിപാടി യാതാര്‍ത്ഥ്യമായിരിക്കുകയാണ്. ഇവിടെങ്ങുമല്ല അങ്ങ് ഉത്തര്‍പ്രദേശില്‍ ആണെന്നു മാത്രം.
പുതിയ വാഹനത്തിനും പഴയ രജിസ്ട്രേഷൻ നമ്പർ നിലനിർത്താൻ അവസരമൊരുക്കുന്ന ഈ പ്രത്യേക പദ്ധതിയുടെ ആദ്യഘട്ടം ഗാസിയബാദ് ആർ ടി ഒ ഓഫിസിലാണ് നിലവില്‍ വരുന്നത്. വാഹന ഉടമകളുടെ ഏറെക്കാലത്തെ ആവശ്യം പരിഗണിച്ചാണ് ഇങ്ങനൊരു തീരുമാനം സര്‍ക്കാര്‍ എടുത്തത്.
എന്നാല്‍ ഇതിനു ചില നിബന്ധനകളുണ്ട്. ഒരേ തരം വാഹനങ്ങളുടെ നമ്പർ മാത്രമാണു നിലനിർത്താൻ അവസരം ലഭിക്കുക. ഉദാഹരണത്തിനു സ്വകാര്യ കാറിന്റെ പഴയ നമ്പർ, പുതുതായി വാങ്ങുന്ന സ്വകാര്യ കാറിനു മാത്രമേ അനുവദിക്കുകയുള്ളൂ. അല്ലാതെ പഴയ കാറിന്റെ നമ്പർ പുതിയ മോട്ടോർ സൈക്കിളിനോ ടാക്സിക്കോ ഉപയോഗിക്കാമെന്നു കരുതിയാല്‍ തെറ്റി, അനുവാദം ലഭിക്കില്ല. അതുപോലെ പഴയ വാഹനത്തിന്റെയും പുതിയ വാഹനത്തിന്റെയും ഉടമ ഒരേ വ്യക്തിയായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. പഴയ നമ്പർ തുടർന്നും ഉപയോഗിക്കാൻ കാറിന് 25,000 രൂപയും ഇരുചക്രവാഹനത്തിന് 10,000 രൂപയുമാണു ഫീസ് ഇനത്തില്‍ അടയ്ക്കേണ്ടത്.
ഇതിനായി ആ സംസ്ഥാനത്തു നിന്നുള്ള നോ ഒബ്‍ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) ഹാജരാക്കണം. ഫാൻസി നമ്പറുകളാണ് നിലനിർത്തേണ്ടതെങ്കിൽ അതിന് അധിക ഫീസും നല്‍കണം. കാറിന്റെ ഫാൻസി നമ്പർ നിലനിർത്താൻ 25,000 രൂപയും ഒപ്പം നിലവിലെ അടിസ്ഥാന നിരക്കിന്റെ 25 ശതമാനവും കൂടി അടയ്ക്കണം. ഇരുചക്രവാഹനങ്ങളുടെ ഫാൻസി നമ്പർ തുടരാൻ ഇപ്പോഴുള്ള അടിസ്ഥാന നിരക്കിന്റെ 20% കൂടി അടയ്ക്കണം. മറ്റു സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്‍ത വാഹനങ്ങൾക്കും ഇതേ ആനുകൂല്യം ലഭിക്കും.
പഴയ നമ്പർ നിലനിർത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ധാരാളം വാഹന ഉടമകൾ എത്തുന്നുണ്ടെന്ന് ഭരണ ചുമതലയുള്ള എ ആർ ടി ഒ വിശ്വജീത് പ്രതാപ് സിങ് പറയുന്നു. ഇതോടെയാണു മൊബൈൽ നമ്പർ പോർട്ടബിലിറ്റി മാതൃകയില്‍ വാഹന രജിസ്ട്രേഷൻ നമ്പറിനും പോർട്ടബിലിറ്റി സൗകര്യം ഏർപ്പെടുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
