ബിഎസ് 6 പോളോ, വെന്റോ മോഡലുകളുടെ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വേരിയന്‍റുകളെ അവതരിപ്പിച്ച് ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍. 

ബിഎസ് 6 പോളോ, വെന്റോ മോഡലുകളുടെ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വേരിയന്‍റുകളെ അവതരിപ്പിച്ച് ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍. പുതിയ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ യൂണിറ്റ് പോളോ GT TSI, വെന്റോ ഹൈലൈന്‍ പ്ലസ് വേരിയന്റുകളില്‍ ലഭ്യമാണ്. യഥാക്രമം 9.67 ലക്ഷം, 12.99 ലക്ഷം രൂപയാണ് ഇവയുടെ എക്‌സ്‌ഷോറൂം വില എന്നാണ് റിപ്പോര്‍ട്ടുകള്‍. 2020 മാര്‍ച്ചിലാണ് ബിഎസ് 6 പോളോ, വെന്റോ മോഡലുകളെ ഫോക്‌സ്‌വാഗണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്.

ഫോക്‌സ്‌വാഗണ്‍ ബിഎസ് 6 അപ്ഡേറ്റ് വന്നതോടെ ഡീസല്‍ യൂണിറ്റ് മൊത്തത്തില്‍ നിര്‍ത്തലാക്കിയിരുന്നു. പഴയ പെട്രോള്‍ യൂണിറ്റുകള്‍ക്ക് പകരം 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ TSI എഞ്ചിനാണ് പുതിയ മോഡലുകള്‍ക്ക് ശക്തി പകരുന്നത്. പുതിയ എഞ്ചിൻ നേരത്തെ വിപണിയില്‍ ഉള്ള 1.2 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനെക്കാള്‍ ഭാരം കുറഞ്ഞതും ശക്തതിയേറിയതുമാണെന്ന് റിപ്പോർട്ടുണ്ട്. പുതുക്കിയ എഞ്ചിനില്‍ കൂടുതല്‍ ഇന്ധനക്ഷത ലഭിക്കുമെന്നും ഫോക്‌സ്‌വാഗണ്‍ അറിയിച്ചു.

110 bhp കരുത്തും 170 Nm ടോർക്കും ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കുന്നു. ഇപ്പോള്‍, രണ്ട് കാറുകളുടെയും ടോപ്പ്-സ്‌പെക്ക് പതിപ്പുകളില്‍ ആറ് സ്പീഡ് ടോര്‍ക്ക്-കണ്‍വെര്‍ട്ടര്‍ യൂണിറ്റിന്റെ രൂപത്തില്‍ ഒരു ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ഒരുങ്ങുന്നു. ARAI- സാക്ഷ്യപ്പെടുത്തിയ കണക്കനുസരിച്ച് പോളോ GT -യില്‍ 16.47 കിലോമീറ്ററും വെന്റോയില്‍ 16.35 കിലോമീറ്റര്‍ മൈലേജും ലഭിക്കും. ഈ മോഡലുകളുടെ ഡെലിവറി 2020 സെപ്റ്റംബര്‍ 15 മുതല്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.