സീറ്റ് ബെല്‍റ്റിലെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ആഗോളതലത്തില്‍ 21 ലക്ഷത്തോളം കാറുകളെ തിരിച്ചുവിളിച്ച്  വാഹന നിര്‍മ്മാതാക്കളായ വോള്‍വോ. കാർ നിർമ്മാതാക്കളുടെ ചരിത്രത്തിലെ എക്കാലത്തെയും വലിയ തിരിച്ചുവിളിക്കലായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ കാറുകൾ നിർമിക്കുന്നെന്ന ഖ്യാതിയുള്ള സ്വീഡിഷ് വാഹന ബ്രാന്‍ഡായ വോള്‍വോ കാഴ്‍സ് ഇപ്പോള്‍ ചൈനീസ് വാഹനഭീമന്‍ ഗീലിയുടെ ഉടമസ്ഥതയിലാണ്. 

മുന്നിലെ സീറ്റ് ബെൽറ്റ് കേബിളുകളുമായി ബന്ധപ്പെട്ട തകരാർ സംശയിച്ചാണ് വോൾവോ ആഗോളതലത്തിൽ 21 ലക്ഷത്തോളം കാറുകൾ തിരിച്ചുവിളിച്ചു പരിശോധിക്കുന്നത്. 2006 -നും 2019 -നും ഇടയിൽ ആഗോളതലത്തിൽ നിർമ്മിച്ച കാറുകളിലാണ് ഈ തകരാര്‍ കണ്ടെത്തിയിരിക്കുന്നത്. 

മുന്നിലെ സീറ്റ് ബെൽറ്റ് മുറുക്കുന്ന കേബിളിനു ചില സാഹചര്യങ്ങളിൽ ബലക്ഷയം സംഭവിക്കാൻ സാധ്യതയുണ്ടെന്നാണു വോൾവോയുടെ കണ്ടെത്തല്‍. അങ്ങനെ സംഭവിക്കുന്ന പക്ഷം അപകടവേളയിൽ സീറ്റ് ബെൽറ്റ് കാര്യക്ഷമമായി പ്രവർത്തിക്കില്ലെന്നും കമ്പനി വിലയിരുത്തുന്നു. 

മുൻസീറ്റ് ബെൽറ്റുമായി ബന്ധിപ്പിച്ചിട്ടുള്ള ഉരുക്ക് കേബിളിലാണു പിഴവ് സംശയിക്കുന്നത്. ചില അപൂർവ സാഹചര്യങ്ങളിലും  ഉപയോഗ രീതികളിലും ഈ കേബിളിനു ബലക്ഷയം നേരിടാൻ സാധ്യതയുണ്ടെന്നാണു കമ്പനി കണ്ടെത്തിയത്. ക്രമേണ ഈ കേബിൾ തകരാറിലാവും സീറ്റ് ബെൽറ്റിന്റെ കാര്യക്ഷമമായ പ്രവർത്തനത്തെ ബാധിക്കാനും വിദൂര സാധ്യതയുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തിലാണു തിരിച്ചുവിളിക്കല്‍ നടപടി. 

പതിനാലു വർഷത്തിനിടെ നിർമിച്ചു വിപണിയില്‍ എത്തിച്ച എസ് 60, എക്സ് സി 60, വി 60, എസ് 80 തുടങ്ങിയ മോഡലുകൾക്കെല്ലാം പരിശോധന ആവശ്യമായി വരും. ഈ വാഹനങ്ങളുടെ ഉടമസ്ഥരെ നേരിട്ടു വിവരം അറിയിക്കുമെന്നും തകരാർ സൗജന്യമായി പരിഹരിച്ചു നൽകുമെന്നുമാണ് കമ്പനി വ്യക്തമാക്കുന്നത്.