ബ്രാൻഡ് ന്യൂ ലംബോർഗിനി ഹുറാകാൻ സ്പൈഡർ കാർ. യുകെയിലെ സ്റ്റാർട്ടിങ് വില  £200,000 അഥവാ നമ്മുടെ ഏകദേശം 1.87 കോടി രൂപ എക്സ് ഷോറൂം വിലയുള്ള സൂപ്പർ കാർ. താക്കോൽ കൈനീട്ടി വാങ്ങി  ഷോറൂമിൽ നിന്ന് പുറത്തിറക്കി ഹൈ വെയിലൂടെ ഇരുപതു മിനിട്ടിൽ താഴെ നേരം ചീറിപ്പായാനുള്ള യോഗമേ അതിന്റെ ഉടമസ്ഥനുണ്ടായുള്ളൂ. അപ്പോഴേക്കും, ചാര നിറമുള്ള ആ ടു സീറ്റർ കാർ അപ്രതീക്ഷിതമായുണ്ടായ ഒരു മെക്കാനിക്കൽ തകരാറു കാരണം തന്നെത്താൻ നിന്നുപോയി, അതും ഹൈവേയിലൂടെ ചീറിപ്പാഞ്ഞു പൊയ്ക്കൊണ്ടിരിക്കുന്നതിനിടെ. 

തൊട്ടുപിന്നാലെ വന്നുകൊണ്ടിരുന്ന മറ്റൊരു കാർ. അതാകട്ടെ ഒരു സാധാരണ ഡെലിവറി വാൻ. അത്രക്കൊന്നും വിലയില്ലാത്ത ഒരു പാവം കാർ. ഹൈവേയിൽ മുന്നിൽ പോയിരുന്ന ലംബോർഗിനി അപ്രതീക്ഷിതമായി തകരാർ കാരണം നിന്നുപോയപ്പോൾ പിന്നാലെവന്ന വാനിന് ചവിട്ടിയിട്ട് കിട്ടിയില്ല. നേരെ ഇടിച്ചു കയറി ആ കാർ പുതുപുത്തൻ ലംബോർഗിനിയുടെ പിന്നിലേക്ക്. ഡ്രൈവർക്ക് തലക്ക് ക്ഷതമേറ്റ. പരിക്കുകൾ അത്ര ഗുരുതരമല്ലെങ്കിലും അയാളുടെ കാറിനും കാര്യമായ നാശനഷ്ടങ്ങളുണ്ടായി ആ ഇടിയിൽ. 

 

 

യുകെയിലെ യോർക്ക് ഷെയറിലാണ് ഈ സംഭവം നടന്നത്. പിന്നിലിടിച്ച വാനിന്റെ കേടുപാട് അധികം പണം നഷ്ടമാകാതെ തന്നെ പണിചെയ്തെടുക്കാനായേക്കുമെന്നാണ് വർക്ക്ഷോപ്പുകൾ പറയുന്നത്. എന്നാൽ, ഷോറൂമിൽ നിന്ന് കോടികൾ നൽകി പുറത്തിറക്കി ഇരുപതു മിനിറ്റിനുള്ളിൽ തന്നെ സംഭവിച്ച ഈ ക്രാഷിൽ ലംബോർഗിനിക്കുണ്ടായ കേടുപാടുകൾ തീർക്കാൻ ലക്ഷങ്ങൾ പൊടിക്കേണ്ടി വരും ഉടമയ്ക്ക്.  "അവർ ഇരുവർക്കും  ഇൻഷുറൻസ്  ഉണ്ടെന്നു പ്രതീക്ഷിക്കുന്നു" എന്നാണ് ഒരു ക്രിസ് ഷോർട്ട്ലാൻഡ് എന്നയാൾ ട്വീറ്റ് ചെയ്തത്.