ജോൺ സ്റ്റാൻലി മരിച്ചുകൊണ്ടിരിക്കുകയായിരുന്നു. വാർദ്ധക്യത്തിന്റെ തുടക്കത്തിൽ ജോണിന്റെ ശ്വാസകോശത്തിൽ കൂടുകൂട്ടിയ അർബുദകോശങ്ങൾ പതിയെ അയാളുടെ തലച്ചോറിലേക്കും കുടിയേറി.  അറുപത്തിയൊന്നാം വയസ്സിൽ ആസന്നമായ തന്റെ മരണത്തെയും കാത്തിരിക്കുമ്പോഴും അയാളുടെ മനസ്സിനുള്ളിൽ ഒരു  മോഹം  ബാക്കി നിന്നു. ജീവിതത്തിൽ തന്നെ ഒരുപാട് ത്രസിപ്പിച്ചിട്ടുള്ള ഹാർലി ഡേവിഡ്‌സൺ ബൈക്കിന്റെ ആ ഗർജനം അവസാനമായി ഒരിക്കൽ കൂടി കേൾക്കണം. 

കാൻസർ രോഗം പിടികൂടുന്നതിനൊക്കെ എത്രയോ മുമ്പ് അയാൾ ഒരു റൈഡറായിരുന്നു. വളരെ 'പാഷനേറ്റ്' ആയ ഒരു റൈഡർ. ആശിച്ചു മോഹിച്ചാണ് ഒരു ഹാർലി ഡേവിഡ്‌സൺ ക്രൂയിസർ ബൈക്ക് വാങ്ങിയത്. അതിൽ മൂന്നേ മൂന്നുവട്ടം പോയപ്പോഴേക്കും അയാൾക്ക് കാൻസർ ആണെന്ന് തിരിച്ചറിഞ്ഞു. അസുഖം മൂർച്ഛിച്ചതോടെ അയാൾ കിടപ്പിലായി. പിന്നെ ഒരിക്കലും അയാൾക്ക് തന്റെ ബൈക്കിൽ റൈഡ് ചെയ്യുവാൻസാധിച്ചില്ല. 

ഒടുവിൽ ഒരു ദിവസം, ജീവിതം തന്റെ കൈവിരലുകൾക്കിടയിലൂടെ ചോർന്നുപോവുകയാണെന്ന് അയാൾക്ക് മനസ്സിലായ നാൾ, ഒന്ന് ശ്വസിക്കാൻ പോലും റെസ്പിറേറ്ററിന്റെ സഹായം വേണ്ടി വരുന്ന അവസ്ഥയായപ്പോൾ, ഒട്ടും അനങ്ങാൻ വയ്യാതെ ആയപ്പോൾ, അയാൾ തന്റെ അന്ത്യാഭിലാഷം കൂട്ടിരുന്ന സഹോദരീ ഭർത്താവായ മൈക്കൽ സ്മിത്തിനെ അറിയിച്ചു. " ഹാർലിയുടെ ആ സിംഹഗർജ്ജനം ഒരിക്കൽ കൂടി ഒന്ന് കേൾക്കണം..."

സ്മിത്ത് ഈ വിവരം ഡേവിഡ് തോംപ്‌സൺ എന്ന ലോക്കൽ റൈഡറെ അറിയിച്ചു. അദ്ദേഹം തന്റെ ഹാർലി ഡേവിഡ്‌സൺ ബൈക്കുമായി ജോൺ സ്റാൻലിയുടെ വീടിന്റെ  ജനാലപ്പുറത്ത് ചെല്ലാൻ തന്നെ തീരുമാനിച്ചു. അദ്ദേഹം തന്റെ ഫേസ്ബുക്കിൽ കൂടെ വരാൻ താത്പര്യമുണ്ടോ എന്ന് ചോദിച്ചുകൊണ്ട് പ്രദേശത്തെ മറ്റു റൈഡർമാർക്കായി ഒരു പോസ്റ്റുമിട്ടു. ഒരൊറ്റ മണിക്കൂർ നേരം കൊണ്ട് ഇരുനൂറിലധികം പേർ, നൂറിലധികം ഹാർലി ഡേവിഡ്‌സൺ ബൈക്കുകളിലേറി ജോൺ സ്റാൻലിയുടെ ജനാലയ്ക്കലെത്തി.

അവർ ജോണിന്റെ വീടും ചുറ്റിക്കൊണ്ട് തങ്ങളുടെ ഹാർലികളിൽ കറങ്ങി. ആ ജനാലയ്ക്കലെത്തുന്ന മുറയ്ക്ക് ഓരോ ഹാർലിയും ഗർജ്ജിച്ചു കൊണ്ടിരുന്നു. ആ ഗർജ്ജനത്തിൽ ജോണിന്റെ കിടപ്പുമുറിയുടെ ജനാലകൾ വിറച്ചു. ഉള്ളിൽ കിടക്കയിൽ മരണം കാത്തുകിടന്ന ആ മനുഷ്യന്റെ ഹൃദയവും മോഹസാഫല്യത്താൽ തുടിച്ചു. 

അങ്ങനെ ജോണിന്റെ അന്തിമാഭിലാഷം സാധിച്ചുകൊടുത്ത് ആ റൈഡർമാർ മടങ്ങി. രണ്ടുമണിക്കൂർ നേരം കഴിഞ്ഞപ്പോൾ ആഗ്രഹം സാധിച്ചതിന്റെ ചാരിതാർഥ്യത്തോടെ, സ്വസ്ഥമായ മനസ്സോടെ തന്റെ ഭാര്യയുടെ മടിയിൽ തലവെച്ച് ജോൺ സ്റ്റാൻലി മരണത്തിനു കീഴടങ്ങി. രോഗാതുരനായ ഒരാളുടെ സന്തോഷത്തിനുവേണ്ടി ഒത്തുകൂടിയ അവർക്കും ആ പ്രവൃത്തി ഏറെ സമാധാനം പകർന്നു. ഹാർലി ഡേവിഡ്‌സൺ ബൈക്കുകളുടെ ചരിത്രത്തിൽ ഈ സംഭവത്തിനും അങ്ങനെ ആർക്കും മറക്കാനാവാത്ത ഒരു ഇടം കിട്ടി.