ലാൻഡ് റോവർ ഡിഫെൻഡറിന്റെ വില 50% കുറയുമെന്ന് വാർത്തകൾ. എന്നാൽ ഇത് യാഥാർത്ഥ്യമാണോ? ഇതാ അറിയേണ്ടതെല്ലാം

രും ദിവസങ്ങളിൽ ലാൻഡ് റോവർ ഡിഫെൻഡറിന്റെ വില 50 ശതമാനം കുറയുമെന്ന് സോഷ്യൽ മീഡിയയിൽ ഒരു പ്രചാരണം നടക്കുന്നുണ്ട് . പക്ഷേ, ഇതിൽ എന്തെങ്കിലും സത്യമുണ്ടോ അതോ വെറും കിംവദന്തിയാണോ? അടുത്തിടെ ഇന്ത്യയും ബ്രിട്ടനും തമ്മിൽ ഒരു സ്വതന്ത്ര വ്യാപാര കരാർ (FTA) ഒപ്പുവച്ചിരുന്നു. ഇതുപ്രകാരം, ചില ഉൽപ്പന്നങ്ങൾക്ക് ഇതുവരെ 100 ശതമാനത്തിൽ കൂടുതലായിരുന്ന കനത്ത നികുതി ഇനി വെറും 10 ശതമാനം ആയി കുറയ്ക്കും. ഈ വാർത്തകളാണ് ബ്രിട്ടീഷ് നിർമ്മിതമായ ലാൻഡ് റോവർ ഡിഫെൻഡർ പോലുള്ള വിലകൂടിയ ഐക്കണിക്ക് എസ്‌യുവികൾ ഇനി പകുതി വിലയ്ക്ക് ലഭ്യമാകുമെന്ന പ്രതീക്ഷ ആഡംബര കാർ വാങ്ങുന്നവരിൽ ഉയർത്തിരിക്കുന്നത്. പക്ഷേ യാഥാർത്ഥ്യം അല്പം വ്യത്യസ്‍തമാണ്. നമുക്ക് ഈ മുഴുവൻ കാര്യവും മനസിലാക്കാം.

എന്തുകൊണ്ടാണ് ഡിഫൻഡറിന് വിലക്കിഴിവ് ലഭിക്കാത്തത്?
ലാൻഡ് റോവർ ഡിഫൻഡർ നിർമ്മിച്ചിരിക്കുന്നത് യുകെയിൽ അല്ല. യൂറോപ്പിലെ മറ്റൊരു രാജ്യമായ സ്ലൊവാക്യയിലാണ് ലാൻഡ് റോവർ ഡിഫൻഡർ നിർമ്മിക്കുന്നത്. അതായത് ഡിഫൻഡർ ബ്രിട്ടനിൽ നിർമ്മിക്കപ്പെടുന്നില്ല. ഇന്ത്യ-യുകെ എഫ്‌ടിഎ പ്രകാരം, ഇന്ത്യയിലോ ബ്രിട്ടണിലോ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾക്ക് മാത്രമേ നികുതി ഇളവ് ലഭിക്കൂ. ഡിഫെൻഡർ ഈ ഇടപാടിൽ ഉൾപ്പെടുന്നില്ല. അതുകൊണ്ടുതന്നെ അതിന് നികുതി കിഴിവ് ലഭിക്കുകയുമില്ല. അതായത് ലാൻഡ് റോവർ ഡിഫെൻഡറിന്റെ വിലകൾ അതേപടി തുടരും. നിലവിൽ, ഇതിന്റെ എക്സ്-ഷോറൂം വില 1.05 കോടി രൂപയിൽ ആരംഭിച്ച് 2.79 കോടി രൂപ വരെ ഉയരുന്നു.

ഡിഫൻഡർ എപ്പോഴെങ്കിലും താങ്ങാനാവുന്ന വിലയിൽ ലഭ്യമാകുമോ?
ഇന്ത്യയിൽ ഡിഫെൻഡറിന്റെ പ്രാദേശിക അസംബ്ലി ആരംഭിക്കാൻ കമ്പനി പദ്ധതിയിടുന്നതായി ജെഎൽആർ (ജാഗ്വാർ ലാൻഡ് റോവർ) സിഎഫ്ഒ റിച്ചാർഡ് മോളിനെക്സ് അടുത്തിടെ പറഞ്ഞിരുന്നു. അതായത് ഈ എസ്‌യുവി ഇന്ത്യയിൽ അസംബിൾ ചെയ്യാൻ തുടങ്ങിയാൽ, അതിന്റെ വില 20% വരെ കുറയ്ക്കാൻ കഴിയും. ഇതിന്റെ വില 1.05 കോടി രൂപയിൽ നിന്ന് 85 ലക്ഷം രൂപ എന്ന പ്രാരംഭ വിലയായി കുറയാൻ സാധ്യതയുണ്ട്. എന്നാൽ ഇതുവരെ കമ്പനി ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

ജെഎൽആർ വിൽപ്പനയിൽ വൻ കുതിപ്പ്
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ആഡംബര എസ്‌യുവിയായി ലാൻഡ് റോവർ ഡിഫെൻഡർ മാറി. 2025 സാമ്പത്തിക വർഷത്തിൽ ജാഗ്വർ ആൻഡ് ലാൻഡ് റോവർ 6,183 യൂണിറ്റുകൾ വിറ്റഴിച്ചു. ഇത് ഇന്ത്യയിലെ എക്കാലത്തെയും ഉയർന്ന വിൽപ്പനയാണ്. ഡിഫെൻഡറിന്റെ വിൽപ്പന 90 ശതമാനം വർദ്ധിച്ചു . റേഞ്ച് റോവറും റേഞ്ച് റോവർ സ്പോർട്ടും യഥാക്രമം 72%, 42% വളർച്ച കൈവരിച്ചു. ഇന്ത്യയിലെ മൂന്നാമത്തെ വലിയ ആഡംബര കാർ കമ്പനിയായി ജെഎൽആർ ഇപ്പോൾ മാറിയിരിക്കുന്നു. പ്രാദേശിക അസംബ്ലി ആരംഭിച്ചതിനുശേഷം ഇതിന്റെ ആവശ്യം ഇനിയും വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു, പ്രത്യേകിച്ച് കൂടുതൽ താങ്ങാവുന്ന വിലയിൽ ഈ പ്രീമിയം എസ്‌യുവി വാങ്ങാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്കിടയിൽ.

എന്തായാലും ഭാവിയിൽ താങ്ങാനാവുന്ന വിലയുള്ള ഡിഫൻഡർ വെറുമൊരു സ്വപ്‍നം അല്ല. പക്ഷേ അൽപ്പം കാത്തിരിക്കേണ്ടത് അത്യാവശ്യമാണ്. യുകെയിൽ നിർമ്മിക്കാത്തതിനാൽ, ഇന്ത്യ-യുകെ എഫ്‌ടിഎയിൽ നിന്ന് ഡിഫെൻഡറിന് നിലവിൽ നേരിട്ടുള്ള ഒരു ആനുകൂല്യവും ലഭിക്കില്ലെങ്കിലും, മേൽപ്പറഞ്ഞതുപോലെ ജെഎൽആർ ഇന്ത്യയിൽ ഇത് അസംബിൾ ചെയ്യാൻ തുടങ്ങിയാൽ 20 ശതമാനം വരെ വിലകുറഞ്ഞതായിത്തീരും. എന്തായാലും 50 ശതമാനം വിലക്കുറവിനെക്കുറിച്ചുള്ള സംസാരം ഇപ്പോൾ വെറും കിംവദന്തി മാത്രമാണ്. പക്ഷേ ഭാവിയിൽ ഒരു ഡിഫെൻഡർ വാങ്ങുന്നത് അൽപ്പം എളുപ്പമായേക്കാം.

ഡിഫൻഡർ ഇതിനകം തന്നെ അതിന്റെ വിഭാഗത്തിലെ ഒരു ബെഞ്ച്മാർക്ക് എസ്‌യുവിയായി മാറിയിരിക്കുന്നു. 80 ലക്ഷം രൂപയിൽ നിന്നാണ് ഇതിന്റെ വില ആരംഭിക്കുന്നതെങ്കിൽ, ഹ്യുണ്ടായി ട്യൂസൺ, ഫോർച്യൂണർ ലെജൻഡർ, ജീപ്പ് മെറിഡിയൻ തുടങ്ങിയ നിരവധി എസ്‌യുവികളോട് നേരിട്ടുള്ള മത്സരം നൽകാൻ ഇതിന് കഴിയും. ഇതുമൂലം ഇന്ത്യയിലെ ആഡംബര എസ്‌യുവി വിഭാഗത്തിൽ വലിയൊരു മാറ്റം കാണാൻ കഴിയും.