ബ്രേക്കിന് പകരം യുവതി അബദ്ധത്തില്‍ ആക്‌സിലറേറ്ററില്‍ കാല്‍ അമര്‍ത്തി. ഇതോടെ കാര്‍ കടലില്‍ വീണു. ദുബായിലെ അല്‍ മംസാര്‍ ബീച്ചില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. 41 വയസ്സുള്ള അറബ് സ്വദേശിനിയാണ് ബ്രേക്കിന് പകരം അബദ്ധത്തിൽ ആക്സിലറേറ്ററിൽ ചവിട്ടിയതിനെത്തുടർന്ന് അപകടത്തിൽപ്പെട്ടത്. സംഭവത്തില്‍ ആർക്കും പരിക്കില്ല.

കാർ പൂര്‍ണമായും കടലില്‍ താഴ്ന്നുപോയിരുന്നു. വാഹനത്തിലുണ്ടായിരുന്ന 41 വയസ്സുള്ള അറബ് സ്വദേശിനി പരിക്കുകളില്ലാതെ രക്ഷപ്പെട്ടെന്നാണ് റിപ്പോർട്ട്. അപകടത്തില്‍ പെട്ട വാഹനത്തിനുള്ളില്‍ നിന്ന് സ്വയം രക്ഷപ്പെട്ട് പുറത്തിറങ്ങിയ യുവതി തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചതും. 

കാർ ബീച്ചിന് സമീപത്തെ പാര്‍ക്കിങ്ങില്‍ നിര്‍ത്താനൊരുങ്ങുന്നതിനിടെയാണ് അപകടം. വണ്ടി തിരിച്ചിടുന്നതിനിടെ യുവതി ഫോണിൽ മെസേജായി വന്ന വാർത്ത ശ്രദ്ധിച്ചു. ഇതോടെ ബ്രേക്കിന് പകരം അബദ്ധത്തില്‍ ആക്‌സിലറേറ്റര്‍ അമർത്തുകയായിരുന്നു. തുടര്‍ന്ന് ബീച്ചില്‍ പതിച്ച വാഹനം 30 മീറ്റര്‍ ആഴത്തിലേക്ക് പോയെന്നാണ് റിപ്പോർട്ട്. പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും വാഹനം പൂര്‍ണമായും മുങ്ങിയിരുന്നു. അപകടത്തില്‍പെട്ട കാര്‍ ദുബായ് പൊലീസ് ക്രെയിന്‍ ഉപയോഗിച്ച് പുറത്തെടുത്തു. ഫോണിൽ ശ്രദ്ധിക്കുന്നതിനിടെ ഹാന്‍ഡ് ബ്രേക്ക് ഇടാന്‍ മറന്നുപോയതാണ് വിനയായത്.