ചൂടിനെ പ്രതിരോധിക്കാന്‍  കാറിനെ ചാണകം കൊണ്ട് പൊതിഞ്ഞ സംഭവം കഴിഞ്ഞ രണ്ട് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഈ കാറുടമ ആരെന്ന അന്വേഷണത്തിലായിരുന്നു അതിനു ശേഷം ചിലര്‍. ഇപ്പോഴിതാ അവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നു.

ഗുജറാത്ത് സ്വദേശിനിയായ സേജല്‍ ഷാ എന്ന സ്‍ത്രീയാണ് ആ കാറുടമ. അഹമ്മദാബാദ് സ്വദേശിനിയായ സേജല്‍ ഷാ തന്‍റെ ടൊയോട്ട കൊറോള കാറിന്‍റെ പുറത്താണ് ചാണകം മെഴുകിയത്. രുപേഷ് ഗൗരംഗ ദാസ് എന്നയാളുടെ ഫേസ്‍ബുക്ക് പോസ്റ്റോടെയാണ് സംഭവം പുറംലോകം അറിയുന്നത്. 

മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള കാറായിരുന്നു ഫോട്ടോയില്‍. കാറില്‍ പുരട്ടിയിരിക്കുന്നത് ചാണകമാണോ എന്നും വ്യക്തമല്ലായിരുന്നു. എന്നാല്‍ ഇത് ചാണകം തന്നെയാണെന്നാണ് എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ സേജല്‍ ഷാ പറയുന്നത്. വീടിന്‍റെ തറയില്‍ ചാണകം മെഴുകുന്നത് ചൂടു കുറയ്ക്കുന്നുണ്ടെന്നും ഈ അനുഭവത്തില്‍ നിന്നാണ് കാറിലും ചാണകം പൂശിയതെന്നുമാണ് സേജല്‍ ഷാ പറയുന്നത്.