തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ സര്‍വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഇനിമുതല്‍ വനിതകള്‍ക്കും ഡ്രൈവര്‍മാരാകാം. വനിതകളെ ഡ്രൈവര്‍മാരായി നിയമിക്കാന്‍ നിലവിലുള്ള നിയമനചട്ടങ്ങൾ ഭേദഗതിചെയ്യാൻ  മന്ത്രിസഭാ യോഗം തീരുമാനിച്ചു. 

എല്ലാ മേഖലകളിലും ലിംഗസമത്വം ഉറപ്പാക്കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം.  സാമൂഹികനീതിവകുപ്പിന്‍റെ നിർദേശമാണ് മന്ത്രിസഭ അംഗീകരിച്ചത്. ഇനി ഇതിനുള്ള കരട് ഭേദഗതി ചട്ടം ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് തയ്യാറാക്കും. ഇത് പിഎസ്‍സി അംഗീകരിച്ചാൽ വിജ്ഞാപനം ചെയ്യും. തുടർന്ന് ഡ്രൈവര്‍ തസ്‍തികയിലേക്ക് പിഎസ്‍സി അപേക്ഷ ക്ഷണിക്കുമ്പോള്‍ വനിതകള്‍ക്കും അപേക്ഷിക്കാം. വ്യത്യസ്‍ത റാങ്ക് ലിസ്റ്റിന്‍റെ കാര്യത്തിൽ തീരുമാനം പിന്നീടായിരിക്കും. 

ഫയര്‍ ഫോഴ്‍സിൽ വനിതകൾക്കായി ഒരുവിഭാഗം രൂപവത്കരിക്കാൻ തീരുമാനിച്ചിരുന്നു. കെഎസ്ആർടിസിയിലും വനിതാ ഡ്രൈവർമാരെ നിയമിച്ചിരുന്നു.  പൊലീസിൽ വനിതകൾക്ക് മാത്രമായി ഒരു ബറ്റാലിയനുമുണ്ട്. നിലവില്‍ വനിതാ ഡ്രൈവർമാരെ ഉപയോഗിച്ച് കുടുംബശ്രീയും വനിതാവികസന കോർപ്പറേഷനും ടാക്സി സർവീസും നടത്തുന്നുണ്ട്.