പമ്പിലെ ജീവനക്കാരന്‍ അബദ്ധത്തില്‍ ഡീസല്‍ അടിച്ച പെട്രോള്‍ എഞ്ചിനുള്ള ഥാറിന്‍റെ (mahindra Thar) കഥയാണ് ഇപ്പോള്‍ പുറത്തുവരുന്നത്

വാഹനത്തിൽ തെറ്റായ ഇന്ധനം ( Wrong fuel) നിറയ്ക്കുന്നത് എഞ്ചിന് വൻ തകരാർ ഉണ്ടാക്കും. എന്നിരുന്നാലും, കൃത്യസമയത്ത് ആ തെറ്റ് കണ്ടെത്തിയാൽ, നാശനഷ്‍ടങ്ങളുടെ അളവ് ഒരു പരിധിവരെ പരിമിതപ്പെടുത്താം. പമ്പിലെ ജീവനക്കാരന്‍ അബദ്ധത്തില്‍ ഡീസല്‍ അടിച്ച പെട്രോള്‍ എഞ്ചിനുള്ള ഥാറിന്‍റെ (mahindra Thar) കഥയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഡോക്ടർ ഹനാൻ എന്നയാള്‍ക്ക് ഉണ്ടായ അനുഭവം കാര്‍ ടോഖാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

അമ്മയോടൊപ്പം ജമ്മു കശ്‍മീരിൽ നിന്ന് ദില്ലിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഡോക്ടര്‍ ഹനാന്‍. കാറിൽ നിന്ന് എടുത്ത വീഡിയോയിൽ മഹീന്ദ്ര ഥാർ ഇന്ധന പമ്പിലേക്ക് പ്രവേശിക്കുന്നത് കാണാം. ഇന്ധന പമ്പിലെ ജീവനക്കാരന്‍ കാറിൽ ഡീസൽ നിറയ്ക്കുന്നതും അടുത്ത ദൃശ്യങ്ങളിൽ കാണാം. ഇതിനിടെ അബദ്ധം തിരിച്ചറിഞ്ഞ വാഹന ഉടമ ജീവനക്കാരനെ തടയുകയായിരുന്നു. 

ഡീസലല്ല, പെട്രോളാണ് വേണ്ടതെന്ന് ഇന്ധന ഫില്ലിംഗ് സ്റ്റേഷനിലെ ജീവനക്കാരോട് പറഞ്ഞതായി ഉടമ പറയുന്നു. എന്നാൽ, ഇന്ധന പമ്പിലെ ജീവനക്കാരന്‍ ഡീസൽ നിറയ്‍ക്കുകയായിരുന്നു. ഇതിനിടെ ഈ കാർ ഡീസൽ എഞ്ചിനിൽ മാത്രമേ ലഭ്യമാകൂ എന്ന് ഇന്ധന സ്റ്റേഷനിലെ മാനേജർ പറയുന്നതും കേൾക്കാം. പിന്നെങ്ങനെ ഇതൊരു പെട്രോൾ കാറാണെന്ന് ഇന്ധന പമ്പിലെ അറ്റൻഡർ തിരിച്ചറിയാനാണെന്നും ഉടമ ചോദിക്കുന്നു. 

എന്തായാലും അബദ്ധം തിരിച്ചറിഞ്ഞ ഉടനെ ഇന്ധന പമ്പിലെ ജീവനക്കാരും മെക്കാനിക്കും വാഹനത്തിന്‍റെ ഇന്ധന ടാങ്ക് വറ്റിച്ചു. അവർ കാറിനടിയിൽ കയറി ഇന്ധനം പൂർണ്ണമായും നീക്കം ചെയ്‍തെടുത്തു. വീഡിയോ അനുസരിച്ച്, പമ്പില്‍ എത്തുമ്പോള്‍ ടാങ്കിൽ 20 ലിറ്റർ പെട്രോൾ ഇന്ധനം ഉണ്ടായിരുന്നു. തുടർന്ന് ഇന്ധന പമ്പ് അറ്റൻഡർ 2.5 ലിറ്റർ അധികമായി നിറച്ചിരുന്നു. 

ഇന്ധന ടാങ്ക് പൂർണ്ണമായും കാലിയാക്കിയ ശേഷം, ടാങ്കിൽ അവശേഷിക്കുന്ന ഡീസലിന്‍റെ അംശം പൂര്‍ണമായും കഴുകിമാറ്റുന്നതിന് വീണ്ടും അഞ്ച് ലിറ്ററില്‍ അധികം പെട്രോള്‍ ടാങ്കിലേക്ക് നിറച്ചു. ഇന്ധനടാങ്ക് ഫ്ലഷ് ചെയ്‍ത് കഴിഞ്ഞാൽ പകുതി ടാങ്കിൽ പെട്രോൾ നിറച്ച് യാത്ര തുടര്‍ന്നു. പിന്നീട് 100 കിലോമീറ്ററിലധികം കാർ ഓടിച്ചതിന് ശേഷം കാറിനും എഞ്ചിനും കുഴപ്പമൊന്നും തോന്നിയില്ലെന്നും ഉടമ പറയുന്നു.

YouTube video player

കാറിൽ തെറ്റായ ഇന്ധനം നിറച്ചാല്‍..
നിങ്ങൾ തെറ്റായ ഇന്ധനമാണ് ടാങ്കില്‍ നിറച്ചിരിക്കുന്നതെന്ന് തിരിച്ചറിയുന്ന നിമിഷം, കാർ സ്റ്റാർട്ട് ചെയ്യാതിരിക്കുക എന്നതാണ് പ്രധാനം. അടുത്ത കാര്യം എഞ്ചിനുള്ള പ്രധാന ഇന്ധന ലൈൻ ടാങ്കിലേക്ക് വിച്ഛേദിക്കുക എന്നതാണ്. ഈ സമയത്ത് നിങ്ങൾക്ക് ഒരു മെക്കാനിക്ക് ആവശ്യമായി വന്നേക്കാം. ഒരു ഹോസ് ഉപയോഗിച്ച് ഫില്ലർ ക്യാപ്പിലൂടെ ടാങ്കില്‍ നിന്ന് ഇന്ധനം പൂര്‍ണമായും ഒഴുക്കിക്കളയുക. പ്രധാന ഇന്ധന ലൈനിലൂടെ അവശേഷിക്കുന്നതെല്ലാം കളയുക.

കാറിൽ നിന്ന് കഴിയുന്നത്ര ഇന്ധനം കളഞ്ഞതിനു ശേഷം അവശേഷിക്കുന്ന ഇന്ധനം പമ്പ് ചെയ്യുന്നതിനായി കീ തിരിക്കുച്ച് എഞ്ചിൻ കുറച്ച് തവണ ക്രാങ്ക് ചെയ്യുക. വിഷമിക്കേണ്ട, നിങ്ങളുടെ കാർ സ്റ്റാർട്ട് ആകില്ല. എഞ്ചിൻ ക്രാങ്ക് ചെയ്യുമ്പോൾ പ്രധാന ഇന്ധന ലൈനിൽ നിന്ന് ഇന്ധനം ഒഴുകിപ്പോകും. ഏകദേശം രണ്ട് ലിറ്റർ ശരിയായ ഇന്ധനം നിറച്ച് ലൈനുകൾ വൃത്തിയാക്കാൻ എഞ്ചിൻ വീണ്ടും ക്രാങ്ക് ചെയ്യുക. അവശേഷിക്കുന്ന തെറ്റായ ഇന്ധനത്തിന്‍റെ അവസാനത്തെ അംശവും തീർന്നുവെന്ന് ഉറപ്പുണ്ടെങ്കിൽ, നിങ്ങൾക്ക് ഇന്ധന ലൈൻ തിരികെ ബന്ധിപ്പിക്കാം. തുടർന്ന്, ശരിയായ ഇന്ധനം ടാങ്കി നിറയ്ക്കുക. 

ഒരു പെട്രോൾ എഞ്ചിനാണെങ്കില്‍ ഇന്ധന ഫിൽട്ടർ മാറ്റുകയും സ്പാർക്ക് പ്ലഗുകളും വൃത്തിയാക്കുകയും വേണം. ഒരു ഡീസൽ എഞ്ചിനാണെങ്കില്‍ ഇൻജക്ടറുകൾ വൃത്തിയാക്കുക. ഫിൽട്ടറിന്റെ താഴെയുള്ള ഡ്രെയിൻ പ്ലഗ് തുറന്ന് ഫിൽട്ടറിൽ ശേഷിക്കുന്ന ഇന്ധനം കളയുക.